കാസർകോട് : പുലിയും ആനയും ഉൾപ്പെടെയുള്ള വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്യ ജീവി ആക്രമണം തടയാൻ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നു. വനത്തിൽ നിന്നും അതിർത്തി പ്രദേശങ്ങളിലേക്ക് ഇര തേടി എത്തുന്ന വന്യ ജീവികൾക്ക് വെളിച്ചം ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയും അവ വനത്തിലേക്ക് തന്നെ മടങ്ങി പോകുകയും ചെയ്യും എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്തരം നീക്കം. ചില സ്ഥലങ്ങളിൽ ഇത്തരം രീതികൾ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ഇതാണ് കേരളത്തിലും പരീക്ഷിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മുള്ളേരിയ കാറഡുക്ക, മുളിയാർ ഗ്രാമപഞ്ചായത്തുകളിലെ വനാതിർത്തികളിലും വനത്തിലെ റോഡരികിലുമാണ് ലൈറ്റുകൾ സ്ഥാപിക്കുക. 17 ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ ലൈറ്റുകൾ സ്ഥാപിക്കുക. 50 ലൈറ്റുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തിൽ മുള്ളേരിയ കാറഡുക്ക, മുളിയാർ ഗ്രാമപഞ്ചായത്തുകളിലെ 17 ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ ലൈറ്റ് സ്ഥാപിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാറഡുക്ക, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും വനത്തിലൂടെയോ വനാതിർത്തിയിയിലോ ഉള്ള പാതകളാണ് ഏറെയുള്ളത്. വന്യമൃഗശല്യം ഒഴിവാക്കാൻ സന്നദ്ധ സംഘടകളുടെ സഹായത്തോടെ സ്വാഭാവിക മരങ്ങൾ വച്ചുപിടിപ്പിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുലിയടക്കമുള്ള വന്യമൃഗങ്ങൾ വ്യാപകമായതോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾ തലത്തിൽ ബോധവത്കരണം നടത്തും. ഒപ്പം വന്യമൃഗങ്ങൾക്ക് കുടിവെള്ളമുറപ്പാക്കാൻ ചെറു തടയണകൾ നിർമിക്കാനും തീരുമാനമുണ്ട്.
വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് വനംവകുപ്പ് മന്ത്രി
വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യമൃഗ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ദീർഘകാല അടിസ്ഥാനത്തിൽ ഉള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലുള്ളതുമായ പദ്ധതികൾ നടപ്പിലാക്കും. വയനാട്ടിലും കണ്ണൂരിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതുപോലുള്ള പദ്ധതികൾ കാസർകോട് ജില്ലയിലും ആവിഷ്‌കരിച്ച് നടപ്പാക്കും.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ പരിശീലനം നൽകുന്നതിനും നടപടി സ്വീകരിക്കും. ജനങ്ങൾക്ക് അനുകൂലമായി കോടതികളിൽ നിന്നുണ്ടാകുന്ന ഉത്തരവുകൾ നടപ്പാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തടസം നിൽക്കരുത് എന്നും മന്ത്രി പറഞ്ഞു. വന്യജീവി സംഘർഷം നേരിടുന്നതിൽ ജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ സഹകരണത്തോടെയുള്ള പരിപാടികൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കാസർകോട് ജില്ലയിൽ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർആർടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർആർടി കാസർകോട് ജില്ലയ്ക്ക് ആയിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വനമേഖലയിലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി