മഞ്ഞുകാലത്ത് നമ്മൾ പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടാറുണ്ട്. അതിനാൽ ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ പ്രത്യേകം കരുതൽ ആവശ്യമാണ്. കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിലാണ് നമ്മൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. തണുപ്പ് കാലത്ത് പ്രതിരോധ ശേഷി നിലനിർത്താൻ പഴങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. എന്നാൽ തണുത്ത പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ജലദോഷം, തൊണ്ടവേദന ഉൾപ്പെടെ മറ്റ് പല പ്രശ്‌നങ്ങൾക്ക് കാരണമാകും. അത്തരത്തിൽ മഞ്ഞുകാലത്ത് കഴിക്കാതിരിക്കേണ്ട അഞ്ച് പഴങ്ങൾ ഏതൊക്കെയാണ് നോക്കാം.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിൽ ഉയർന്ന അളവിൽ വൈറ്റമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കും. എന്നാൽ ഇവ ശരീരത്തിലെ താപനില കുറയ്ക്കാൻ കാരണമാകുമെന്ന് 2015 ൽ ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ശൈത്യകാലത്ത് ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
തണ്ണിമത്തൻ
ജലാംശം ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് തണ്ണിമത്തൻ. വേനൽക്കാലത്തു ഏറ്റവും കൂടുതൽ കഴിക്കുന്ന ഒരു പഴം കൂടിയാണിത്. ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നതിനാൽ ശൈത്യകാലത്ത് തണ്ണിമത്തൻ കഴിക്കാതിരിക്കുന്നതാണ് നല്ലത്. കൂടാതെ മഞ്ഞുകാലത്ത് ഇത് കഴിക്കുന്നത് കഫം അടിഞ്ഞു കൂടാനും ഇടയാക്കും.
പൈനാപ്പിൾ
പൈനാപ്പിളിൽ ഉയർന്ന അളവിൽ ജലാംശവും സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം വരാനും ദഹനത്തെ ദുർബലപ്പെടുത്താനും കാരണമാകും. ശരീരത്തെ തണുപ്പിക്കാനുള്ള കഴിവ് പൈനാപ്പിളിനുള്ളതിനാൽ തണുപ്പ് കാലത്ത് ഇത് കഴിക്കുന്നത് ഒഴിവാക്കുക.
പേരക്ക
പേരക്കയും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു ഒരു പഴമാണ്. അതിനാൽ തണുപ്പ് കാലാവസ്ഥയിൽ പേരക്ക കഴിക്കാതിരിക്കുക. ഇത് ജലദോഷം തൊണ്ട വേദന പോലുള്ള അവസ്ഥയ്ക്ക് കാരണമാകും.
വാഴപ്പഴം
വാഴപ്പഴം കഴിക്കുന്നത് ചില ആളുകളിൽ ജലദോഷം, ചുമ, ശ്വസന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ തണുപ്പ് കാലത്ത് വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :തണുപ്പ് കാല രോഗങ്ങളെ തടയാം, ഈ സൂപ്പ് കുടിച്ച്; റെസിപ്പി ഇതാ