പ്രേക്ഷകരുടെ ഇഷ്‌ട താരജോഡിയാണ് തമിഴ് ലേഡീ സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ഇരുവരുടെയും പ്രണയവും കുടുംബജീവിതവുമെല്ലാം ആരാധകര്‍ ഏറെ ഇഷ്‌ടത്തോടെയാണ് നോക്കികാണുന്നത്. ജീവിതത്തിലെ ഓരോ വിശേഷവും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ സെപ്റ്റംബര്‍ 15 ന് ദുബായില്‍ വച്ച് നടന്ന സൈമ അവാര്‍ഡിനിടെ വിഘ്നേഷ് നയന്‍താരയുടെ നെറുകില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. നയന്‍താരയ്ക്ക് 'അന്നപൂരിണി' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. വിഘ്നേഷ് ശിവന്‍റെ കൈയില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിച്ചത്.
അവാര്‍ഡ് നല്‍കുന്നതിന് മുന്‍പായി വിഘ്നേഷ് ശിവന്‍ നയന്‍താരയെ പറ്റി അഭിമാനപ്പൂര്‍വ്വം സംസാരിക്കുന്നതും താരത്തെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം. നയന്‍താരയും വിഘ്നേഷ് ശിവനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ പ്രണയബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഒരു സൈമ അവാര്‍ഡിനിടെയാണ്. അതുകൊണ്ടു തന്നെ ഇരുവരുടെയും പ്രണയത്തിൽ സൈമയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.
കറുത്ത വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും അവാര്‍ഡ് പരിപാടിക്കായി എത്തിയത്. കറുത്ത സാരിയായിരുന്നു നയന്‍താരയുടെ വേഷം . എംബ്രോയിഡറി വര്‍ക്ക് ചെയ്‌ത ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചത്. കറുത്ത സ്യൂട്ടില്‍ വിഘ്നേഷ് ശിവയും തിളങ്ങി.
മതവികാരം വ്രണപ്പെടുത്തി എന്ന പേരില്‍ വിവാദങ്ങള്‍ സൃഷ്‌ടിച്ച സിനിമയായിരുന്നു 'അന്നപൂരിണി'. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന് ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു.