ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കേറിയ നടൻമാരിൽ ഒരാളാണ് വരുണ്‍ ധവാന്‍. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച നടനാണ് അദ്ദേഹം. അടുത്തിടെ ആമസോണ്‍ സീരീസായ സിറ്റാഡലിലൂടെ ആക്ഷന്‍ താരവുമായി മാറിയിരിക്കുകയാണ് വരുണ്‍ ധവാന്‍.
ഈ വര്‍ഷം ജൂണിലാണ് വരുണിനും ഭാര്യ നടാഷ ധലാലിനും പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകളെ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് വിശദമാക്കിയിരിക്കുകയാണ് താരം. മകളുടെ സംരക്ഷണത്തിനു വേണ്ടി ഏതറ്റവും വരെ പോകാന്‍ മടിയില്ലാത്ത ആളാണ് താനെന്നും പറയുകയാണ് വരുണ്‍ ധവാന്‍. ഒരു അഭിമുഖത്തിനിടെയാണ് ഒരു പെണ്‍കുഞ്ഞിന്‍റെ അച്ഛനാകുമ്പോള്‍ ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് വരുണ്‍ സംസാരിച്ചു തുടങ്ങിയത്.
"ഏതൊരു വ്യക്തിയാവട്ടെ, പുരുഷനാകട്ടെ രക്ഷാകര്‍ത്താക്കളാകുന്നത് അമ്മയില്‍ നിന്ന് വ്യത്യസ്‌തമായ അനുഭവമാണെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുന്ന നിമിഷം അവള്‍ ഒരു പെണ്‍ കടുവയെ പോലെ ആകുന്നത് എനിക്ക് തോന്നാറുണ്ട്. നമ്മള്‍ മാതാപിതാക്കളായി കഴിഞ്ഞാല്‍ മകളെ കൂടുതല്‍ സംരക്ഷിക്കണമെന്ന് തോന്നും. ആണ്‍മക്കളോടും അങ്ങനെയായിരിക്കും. പക്ഷേ പെണ്‍മക്കളോട് കുറച്ച് വ്യത്യസ്‌തമായിരിക്കും. അവളെ ചെറിയ രീതിയില്‍ പോലും ആരെങ്കിലും ഉപദ്രവിച്ചാല്‍ ഞാന്‍ അവരെ കൊല്ലും. ഞാന്‍ ഇത് തമാശയായി പറയുന്നതല്ല. ഞാന്‍ അവരെ കൊല്ലും.- വരുണ്‍ ധവാന്‍ പറഞ്ഞു.