മലയാളത്തിന്‍റെ ആക്ഷന്‍ നായിക ആരാണെന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഉത്തരമേ അന്നും ഇന്നുമുള്ളു. അത് വാണി വിശ്വനാഥ് ആണ്. പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് മലയാളികളെ ത്രസിപ്പിച്ച നടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വാണി വിശ്വനാഥ് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും വര്‍ധിക്കുകയാണ്. അതിനുള്ള കാരണം വാണി ചെയ്‌ത കഥാപാത്രങ്ങള്‍ അത്രയ്‌ക്ക് മികച്ചതായിരുന്നു. ഒട്ടുമിക്ക സിനിമകളിലും നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളാണ് വാണിക്ക് ഏറെ ലഭിച്ചത്.
'മാന്നാര്‍ മത്തായി സ്‌പീക്കിംഗ്'. ഈ സിനിമ മലയാളികള്‍ക്ക് മറക്കാനേ കഴിയില്ല. കാരണം തുടക്കം മുതല്‍ അവസാനം വരെ മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയാണിത്. മാത്രമല്ല വാണി വിശ്വനാഥ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണിത്.
പിന്നീടങ്ങോട്ട് മലയാള നടിമാർക്കിടയിൽ എന്നും വലിയ സ്ഥാനം വാണി വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രമായ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എന്ന ചിത്രത്തിന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ 'ദി കിങ്' എന്ന ചിത്രത്തെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ ഡയലോഗിനെ കുറിച്ചുമൊക്കെ ഓര്‍ത്തെടുക്കുകയാണ് വാണി.
രഞ്ജി പണിക്കർ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്‌ത മമ്മൂട്ടി നായകനായ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു 'ദി കിങ്ങ്'. 1995ൽ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ജില്ലാ കളക്‌ടർ ജോസഫ് അലക്‌സ് ഐ.എ.എസ് ആയാണ് മമ്മൂട്ടി എത്തിയത്. അസിസ്‌റ്റന്‍റ് കലക്‌ടര്‍ അനുരാ മുഖര്‍ജി ആയിട്ടായിരുന്നു വാണി വിശ്വനാഥിന്‍റെ വേഷം. ഈ ചിത്രത്തില്‍ മമ്മൂട്ടിയെ അടിക്കാന്‍ ഓങ്ങുന്ന ഒരു രംഗമുണ്ട്. ആ രംഗത്തില്‍ "ഇനി നിന്‍റെ കൈ ഒരാണിന്‍റെ നേരെയും ഉയരരുത്" എന്ന ഡയലോഗുണ്ട്. എന്നാല്‍ ഈ ഡയലോഗിന് ശേഷമാണ് തന്‍റെ കൈ ഉയരാന്‍ തുടങ്ങിയതെന്നാണ് വാണി വിശ്വനാഥ് പറയുന്നത്.
തെലുങ്കിൽ വിജയശാന്തി മാം പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ ഞാനവിടെ ഗ്ലാമർ വേഷങ്ങളാണവിടെ ചെയ്‌ത് കൊണ്ടിരുന്നത്. ഇങ്ങനെ എനിക്കൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അന്ന് തോന്നിയിട്ടുണ്ട്. പിന്നീട് മലയാളത്തിലേക്ക് വന്ന് തനിക്ക് അത്തരം കഥാപാത്രങ്ങൾ ലഭിച്ചെന്നും വാണി വിശ്വനാഥ് പറയുന്നു.