പ്രേക്ഷകരെ തന്‍റെ അഭിനയ മികവ് കൊണ്ട് വിസ്‌മയിപ്പിച്ച മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് 'ബറോസ്'. മലയാളികള്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡി ദൃശ്യമികവോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടാണ് താരം ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്‌തത്. കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ഉത്തരേന്ത്യയിലെ പ്രേക്ഷകര്‍ക്കായി ഹിന്ദിയില്‍ ചിത്രം ഇന്നാണ് റിലീസ് ചെയ്യുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻമാരാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. 47 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് എത്തിയത്. ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നത് വലിയ നേട്ടമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം തിയേറ്ററുകളില്‍ എത്തി മൂന്നാം ദിനം പിന്നിടുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ എന്നതാണ് ഉയരുന്ന ചോദ്യം.
ബോഗൻവില്ലെയും മഞ്ഞുമ്മല്‍ ബോയ്‍സിന്‍റെയും കളക്ഷന്‍ ബറോസ് ആദ്യ ദിനത്തില്‍ തന്നെ മറികടന്നിരുന്നു. ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ആദ്യ ദിനത്തില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 3.45 കോടി രൂപയാണ് വാരിക്കൂട്ടിയത്. എന്നാല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 5.5 കോടി രൂപ കളക്ഷന്‍ നേടുകയും ചെയ്‌തു. എന്നാല്‍ രണ്ടാം ദിനമാകുമ്പോഴേക്കും ബറോസിന് മികച്ച രീതിയിലുള്ള പ്രകടനം ബോക്‌സ് ഓഫീസില്‍ കാഴ്‌ച വയ്ക്കാന്‍ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്.
സാക്‌നില്‍ക് നല്‍കുന്ന കണക്കനുസരിച്ച് 1.32 കോടി രൂപയാണ് രണ്ടാം ദിനം നേടിയത്. അത് വലിയ ഇടിവാണ്. പ്രവര്‍ത്തി ദിനമായിട്ടു പോലും ചിത്രത്തിന് നിലനിര്‍ത്താനായത് ഇത്രയുമാണ്. മൂന്നാം ദിനത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ 41 ലക്ഷമാണ് ചിത്രം ഇതുവരെ നേടിയത്. ആഗോള തലത്തില്‍ ആകെ 5.18 കോടി രൂപ നേടി.
1650 ദിവസത്തെ അധ്വാനത്തിന് ശേഷമാണ് ബറോസ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ആദ്യദിനത്തില്‍ മികച്ച പ്രതികരണത്തോടെയാണ് മുന്നേറിയത്. എന്നാല്‍ ഇത് രണ്ടാം ദിനമായപ്പോഴേക്കും നിര്‍മാതാക്കള്‍ക്ക് ബറോസ് നഷ്‌ടമുണ്ടാക്കുന്ന രീതിയിലേക്ക് മാറുന്ന കാഴ്‌ചയാണ് കണ്ടത്. വലിയ തോതില്‍ ചിത്രത്തിനെതിരെ വന്ന നെഗറ്റീവ് റിവ്യൂകള്‍ ചിത്രത്തിന്‍റെ കളക്ഷന് ഇടിവുണ്ടാവാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചിത്രത്തിന്‍റെ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ഏഷ്യാനെറ്റിനും ഡിസ്‌നി+ ഹോട്ട്സ്‌റ്റാറിനുമാണെന്നാണ് സൂചന. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കിയത്. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Also Read:ബോക്‌സ് ഓഫിസില്‍ കുതിച്ച് 'മാര്‍ക്കോ'; ഉത്തരേന്ത്യയില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് ചിത്രം