കിളിമാനൂര്‍: വിഴിഞ്ഞം തുറമുഖ വികസനത്തിന്‍റെ പേരില്‍ കൊട്ടിഘോഷിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിനു ഏറ്റെടുക്കാനുദ്ദേശിച്ച സ്ഥലം മരവിപ്പിച്ച് രണ്ടു വര്‍ഷമായിട്ടും നഷ്‌ട പരിഹാരം ലഭിക്കാതെ കടക്കെണിയിലായ 60 വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കിളിമാനൂര്‍ ചൂട്ടയില്‍ നികുഞ്ജത്തില്‍ ഗിരികുമാര്‍ (കെ വി ഗിരി -60) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
കുടുംബത്തിന് ആകെയുണ്ടായിരുന്ന 12 സെന്‍റ് ഭൂമി രണ്ടു വര്‍ഷം മുന്‍പ് വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിനായി ഏറ്റെടുക്കുകയും, ക്രയവിക്രയ നടപടികള്‍ റവന്യൂ വകുപ്പ് മരവിപ്പിക്കുകയും ചെയ്‌തിരുന്നു. രണ്ടു വര്‍ഷം മുന്‍പ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനായി റിങ് റോഡിന്‍റെ ഭൂമിയേറ്റെടുത്ത വകയില്‍ ലഭിക്കുന്ന നഷ്‌ടപരിഹാരം ഉപയാഗിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു ഗിരിയെന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ഇതിനായി റവന്യൂ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു. എന്നാല്‍ നഷ്‌ടപരിഹാരം ലഭിക്കുന്നതു സംബന്ധിച്ച ഒരുറപ്പും ലഭിക്കാത്ത സാഹചര്യത്തില്‍ കടബാധ്യതയില്‍ നിന്ന് കരകയറാന്‍ മറ്റ് മാര്‍ഗങ്ങള്‍ കാണാതെ ജീവനൊടുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ഥലം രണ്ടു വര്‍ഷമായി മരവിപ്പിച്ചിട്ടിരിക്കുന്നതിനാല്‍ സഹകരണ ബാങ്കുകളിലോ മറ്റ് ബാങ്കുകളിലോ പണയപ്പെടുത്തി വായ്‌പ തരപ്പെടുത്താനാകാത്ത സ്ഥിതിയിലായിരുന്നു. നേരത്തേ കടകളില്‍ കണക്കെഴുത്തു ജോലിയായിരുന്ന ഗിരിക്ക് ജിഎസ്‌ടി വന്നതോടെ തൊഴിലില്ലാത്ത സ്ഥിതിയായി. മകളുടെ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നെങ്കിലും നഷ്‌ടപരിഹാരം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇത് കണക്കിലെടുത്താണ് വിവാഹ ആവശ്യത്തിനു പണം കടം വാങ്ങിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ സമിതി കിളിമാനൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലെ ഔട്ടര്‍ റിങ് റോഡ് തഹസില്‍ദാര്‍ ഓഫിസ് ഉപരോധിച്ചു. അതിനിടെ ഔട്ടര്‍ റിങ് റോഡിന് സ്ഥലവും കിടപ്പാടവും വിട്ടുകൊടുത്ത ശേഷവും നഷ്‌ടപരിഹാരത്തിനായി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുന്ന നിരവധി പേര്‍ ഗിരിയുടെ അതേ സ്ഥിതിയിലാണെന്ന് ജനകീയ സമിതി ആരോപിച്ചു. 'ഗിരി ആദ്യ രക്തസാക്ഷിയാണ്. ഇതേ സ്ഥിതി മറ്റുള്ളവര്‍ക്കു കൂടി ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരാണെന്നും' സമര സമിതി ചൂണ്ടിക്കാട്ടി. സംഭവം നടന്നിട്ടും ഗിരിയുടെ വീട്ടിലേക്ക് ഭരണ പക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ നേതാക്കളെത്തുകയോ പ്രശ്‌നം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുകയോ ചെയ്യാത്തതില്‍ സമരസമിതി കടുത്ത അമര്‍ഷം രേഖപ്പെടുത്തി.
ഇതിനിടെ പി വി അന്‍വര്‍ എംഎല്‍എ ഗിരിയുടെ ഭാര്യ ഷീബയെ ഫോണില്‍ വിളിച്ച് ആവശ്യമായ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്‌തു. ഗിരി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഗൗരവതരമാണെന്ന് ഗിരിയുടെ വീട്ടിലെത്തിയ ഡിഎംകെ സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ വി എസ് മനോജ്‌കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിഎംകെ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ജോണി മലയം, വി വി സജിമോന്‍ എന്നിവര്‍ക്കൊപ്പമാണ് മനോജ്‌കുമാര്‍ ഗിരിയുടെ വീട്ടിലെത്തിയത്. ഔട്ടര്‍ റിങ് റോഡ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് എത്രയും വേഗം നഷ്‌ടപരിഹാരം നല്‍കിയില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിനു നേതൃത്വം നല്‍കുമെന്ന് മനോജ്‌കുമാര്‍ അറിയിച്ചു.