മലപ്പുറം: ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് പൂര്‍ണമായും പണികഴിപ്പിക്കാതെ കരാറുകാരൻ പണം തട്ടിയെടുത്തുവെന്ന് ആരോപണം. ആദിവാസി ദമ്പതികളായ ലീലയും ഭാസ്‌കരനുമാണ് കരാറുകാരനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പെരുമ്പത്തൂർ കാനക്കുത്ത് സ്വദേശികളായ ഇരുവര്‍ക്കും സർക്കാരിൻ്റെ ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച വീടിൻ്റെ പണിയാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.
സര്‍ക്കാറിൻ്റെ ലൈഫ് ഭവന പദ്ധതിയിലൂടെ എസ്‌ടി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആറ് ലക്ഷം രൂപ അനുവദിച്ചു കിട്ടി. ഇത് പ്രകാരം പരിചയത്തിലുള്ള ബാവത്ത് എന്ന കരാറുകാരനെ എല്ലാ ജോലികളും ഏൽക്കുകയും ചെയ്‌തു. ചാലിയാർ ഗ്രാമപഞ്ചായത്ത് വിഒയുടെ നേതൃത്വത്തില്‍ കരാറുകാരൻ ആവശ്യപ്പെട്ട എല്ലാ എഗ്രിമെൻ്റുകളും സൈൻ ചെയ്‌ത് നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ വീട് പണി തുടങ്ങി പകുതിയായപ്പോള്‍ കരാറുകാരൻ പണിക്ക് ഇറക്കിയ മണലും ചരലുമുള്‍പ്പെടെ എടുത്ത് പോവുകയായിരുന്നുവെന്നും ഫോണിലൂടെ ബന്ധപ്പെട്ടാല്‍ വീട് പണിക്ക് ആവശ്യമായ പണം ഇല്ല എന്നുമാണ് പറയുന്നത്. ബാങ്ക് പാസ് ബുക്ക് ഒപ്പിട്ട ചെക്ക് ബുക്ക് എന്നിവ ഇയാള്‍ കൈക്കലാക്കി എന്നും പരാതിക്കാര്‍ പറയുന്നു. കരാറുകാരൻ വീണ്ടും പണം ആവശ്യപ്പെടുകയാണെന്നും ദമ്പതികള്‍ ആരോപിക്കുന്നു.
കാട്ടുമരുന്നുകൾ വൈദ്യശാലയിൽ എത്തിക്കുന്ന ജോലി ചെയ്യുകയാണ് ലീലയും ഭാസ്‌കരനും. കരാറുകാരനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ലീല. ലീലയുടെ പരാതി പരിശോധിക്കുമെന്നും ഇവർക്ക് എല്ലാ സഹായവും ചെയ്യാൻ തയാറാണെന്നും അഞ്ചാം വാർഡ് മെമ്പർ മഞ്ചു പറഞ്ഞു.