തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ എത്തി. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി സൈബര്‍ പോലീസ് ഒരാളെ അറസ്‌റ്റ് ചെയ്‌തു. ആലുവയില്‍ നിന്നാണ് പ്രതി അക്വിബ് ഹനാന്‍ എന്നയാള്‍ പിടിയിലായത്. ഇയാള്‍ ബി. ടെക് വിദ്യാര്‍ത്ഥിയാണ്.
ഇന്‍സ്‌റ്റഗ്രാം വഴിയാണ് മാര്‍ക്കോയുടെ ലിങ്ക് ഇയാള്‍ പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാല്‍ സിനിമയുടെ ലിങ്ക് അയച്ചുകൊടുക്കാമെന്നായിരുന്നു ഇയാള്‍ പോസ്‌റ്റു ചെയ്‌തതിരുന്നത്. ടെലഗ്രാം വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെട്ടത്.
അതേസമയം സിനിമ തിയേറ്ററില്‍ പോയി ഷൂട്ട് ചെയ്‌തതല്ലെന്നും തനിക്ക് അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്‌റ്റഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കായിരുന്നുവെന്നാണ് പോലീസിന് ഇയാള്‍ നല്‍കിയ ആദ്യ മൊഴി. എന്നാല്‍ ആരില്‍ നിന്നാണ് ലിങ്ക് ലഭിച്ചതടക്കമെന്നുള്ള വിവരം പോലീസ് ശേഖരിച്ചു വരികയാണ്.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാവ് പോലീസിന് നല്‍കിയിരുന്നു.
സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലിങ്കുകള്‍ പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്‌ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ചിത്രം റിലീസായി ഏഴ് ദിവസത്തിനുള്ളില്‍ തന്നെ 50 കോടി ക്ലബിലാണ് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മാത്രം 27 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. ഇതിനിടയിലാണ് വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.
വലിയ ഹൈപ്പോടെയാണ് മാര്‍ക്കോ തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയിരുന്നത് 10 കോടി രൂപയാണ്. രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ർഘ്യം.
‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്.
ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യുവിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് മാര്‍ക്കോ. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്‍റെ മകന്‍ റസല്‍ ആയാണ് അഭിമന്യു എത്തിയത്.
സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
Also Read:ബോക്‌സ് ഓഫിസില്‍ കുതിച്ച് 'മാര്‍ക്കോ'; ഉത്തരേന്ത്യയില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് ചിത്രം