കേരളം

kerala

ETV Bharat / entertainment

'ടര്‍ക്കിഷ് തര്‍ക്കം'; തിയേറ്ററില്‍ പൊളിഞ്ഞ പടം രക്ഷിക്കാനോ മതനിന്ദാ വിവാദം? വി.ടി ബല്‍റാം - TURKISH THARKKAM REMOVES THEATRE

മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

TURKISH THARKKAM MOVIE  V T BALRAM TURKISH THARKKAM  ടര്‍ക്കിഷ് തര്‍ക്കം സിനിമ  ബിടി ബല്‍റാം ടര്‍ക്കിഷ് തര്‍ക്കം
ബി ടി ബല്‍റാം, ടര്‍ക്കിഷ് തര്‍ക്കം സിനിമ പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 28, 2024, 2:32 PM IST

റിലീസിന് എത്തിയതിനു പിന്നാലെ തിയേറ്ററിൽ നിന്ന് പിൻവലിച്ച് ടർക്കിഷ് തർക്കം. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. പിന്നാലെ സിനിമാ പ്രവർത്തകരുടെ പ്രമോഷൻ തന്ത്രമാണ് ഇതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകരെ വിമർശിച്ചുകൊണ്ട് കോൺ​ഗ്രസ് നേതാവ് വി ടി ബൽറാം രം​ഗത്തെത്തിയിരിക്കുകയാണ്.

സിനിമയ്ക്കെതിരെ മതനിന്ദ ആരോപിച്ച് ആരും രം​ഗത്തെത്തുന്നതായി തന്‍റെ ശ്രദ്ധയിൽപ്പെട്ടില്ല എന്ന് ബൽറാം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. തിയറ്ററിൽ പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്‌ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദമെന്ന് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ അത് ശുദ്ധ നെറികേടും അങ്ങേയറ്റം അപകടകരമായ പ്രവണതയുമാണ് ഇത് എന്ന് ബല്‍റാം പറയുന്നു.

വി ടി ബൽറാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

'ടർക്കിഷ് തർക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്‌ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതിൽ "മതനിന്ദ" ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആ സിനിമയെ വിമർശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്‌റ്റും ടൈംലൈനിൽ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിർമ്മാതാവിനേയോ "ഭീഷണിപ്പെടുത്തി"യതിന്‍റെ പേരിൽ സിനിമ തീയേറ്ററുകളിൽ നിന്ന് താത്കാലികമായി പിൻവലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പിൽ വന്നിട്ടുണ്ടോ അതിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ പരിവാർ മാധ്യമങ്ങൾ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.

തിയേറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്‌. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്‍റെ വിപണിമൂല്യം കൂടിവരികയാണ്‌. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച്‌ ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്‌. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത്‌ ഈ നാടിന്‌ താങ്ങാനാവില്ല. ബല്‍റാം പറഞ്ഞു.

സണ്ണി വെയ്‌നും ലുക്‌മാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുസ്ലിം സമുദായത്തിന്‍റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. പത്രസമ്മേളനം നടത്തിയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്.

നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read:'ബച്ചന്‍' ഒഴിവാക്കി, ഐശ്വര്യ റായ് എന്ന് മാത്രം; താരത്തിന്‍റെ പേര് മാറ്റത്തില്‍ ഞെട്ടി ആരാധകര്‍

ABOUT THE AUTHOR

...view details