റിലീസ് ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിയേറ്ററില്‍ നിന്ന് ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രം പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്.
എന്നാല്‍ സിനിമാ പ്രവർത്തകരുടെ പ്രമോഷൻ തന്ത്രമാണ് ഇതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. ഇതിനിടയില്‍ സിനിമയുടെ അണിയറ പ്രവർത്തകരെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്തെത്തിയിരുന്നു.
തിയറ്ററിൽ പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്‌ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദമെന്ന് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ അത് ശുദ്ധ നെറികേടും അങ്ങേയറ്റം അപകടകരമായ പ്രവണതയുമാണ് ഇത് എന്നാണ് ഇതിനെതിരെ വി ടി ബല്‍റാം തന്‍റെ ഫേസ്‌ബുക്കിലൂടെ വിമര്‍ശിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളായ ലുക്‌മാനും സണ്ണി വെയ്‌നും വിവാദത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ്. അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം തനിക്ക് കിട്ടിയില്ല എന്ന് ലുക്‌മാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. സിനിമ പിൻവലിച്ച വിവരം താൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്ന് സണ്ണി വെയ്‌നും പ്രതികരിച്ചു.
ലുക്‌മാന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ രൂപം
ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുൻപ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്‌ത ശേഷം തിയറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകന്‍റെ്യും കൂട്ടായ തീരുമാനമാണ് എന്നാണ് എന്‍റെ അറിവ്.