എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയൊട്ടാകെ കീഴടക്കിയ മ്യൂസിക് ബാന്‍ഡുകളിൽ ഒന്നായിരുന്നു 13 എഡി. 1977ൽ കൊച്ചിയിൽ രൂപംകൊണ്ട 13 എഡി എന്ന റോക്ക് ബാൻഡ് തൊണ്ണൂറുകളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന സംഗീത കൂട്ടായ്‌മകളിൽ ഒന്നായി മാറിയിരുന്നു. പൊലീസിന്‍റെയും ജനങ്ങളുടെയും മോശം സമീപനത്തെ തുടർന്ന് 90കളുടെ അവസാനത്തോടെ മനസ്സു മടുത്ത് 13 എഡി ഇന്ത്യ വിട്ടു.
ഭരതനും പത്‌മരാജനും മോഹൻലാലിനും പ്രിയദർശനും ഒരുകാലത്ത് പ്രിയപ്പെട്ടവരായിരുന്നവർ അമൽ നീരദ് സിനിമകളിലൂടെ വീണ്ടും ചർച്ചാവിഷയമായി. ഇന്ത്യൻ മ്യൂസിക് ബാൻഡ് ലോകത്ത് ചരിത്ര ലിപികളിൽ സ്വന്തം പേര് എഴുതി ചേർത്ത 13 എഡി വീണ്ടും സജീവമാവുകയാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് തിരിച്ചുവന്നെങ്കിലും 2025 ഓടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള വ്യഗ്രതയിലാണ് ഇവർ.
ഇപ്പോഴിതാ ബാൻഡിലെ പ്രധാനിയും സ്ഥാപക അംഗവുമായ എലോയ് ഐസക്ക് ഇടിവി ഭാരതിന് അഭിമുഖം നല്‍കിയിരിക്കുകയാണ്. 1970കളിൽ കോളേജിൽ പഠിക്കുമ്പോഴാണ് എലോയ് ഐസക് അടക്കമുള്ള അഞ്ച് സുഹൃത്തുക്കൾ ചേർന്ന് 13 എഡി എന്ന മ്യൂസിക് കൂട്ടായ്‌മയ്‌ക്ക് രൂപം കൊടുക്കുന്നത്. ഒഴിവു സമയങ്ങൾ ക്രിയാത്‌മകമാവുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ബാൻഡ് ആരംഭിക്കുന്നത്.
ആകാശവാണിയിലൂടെ കേൾക്കുന്ന ഇംഗ്ലീഷ് ഗാനങ്ങളെ മാത്രം അധികരിച്ച് ബാൻഡ് ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചു. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു കൂട്ടി ആദ്യ കൺസെർട്ട് സംഘടിപ്പിച്ചു. കൊച്ചിയിലെ വീടുകൾ കയറിയിറങ്ങി ടിക്കറ്റുകൾ ക്യാൻവാസ് ചെയ്‌ത് മ്യൂസിക് ഇവന്‍റുകൾ സംഘടിപ്പിച്ചു. പ്രശസ്‌ത ഗായിക ഉഷ ഉതുപ്പുമായി സഹകരിച്ചുള്ള ഡൽഹി ദൂരദർശന്‍റെ ടെലിവിഷൻ പരിപാടിയിലൂടെ 80 കളുടെ അവസാനത്തിൽ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ബാൻഡ് ആയി മാറി 13 എഡി.
കൂട്ടായ്‌മയിലെ അംഗങ്ങളെല്ലാം പല വഴി പിരിഞ്ഞു പോയെങ്കിലും സ്ഥാപക അംഗങ്ങളിൽ ഒരാളും ലീഡ് ഗിറ്റാറിസ്‌റ്റുമായ എലോയ് ഐസക് ഇന്നും ബാൻഡിന്‍റെ ഭാഗമാണ്. ബാൻഡിലെ ഇപ്പോഴത്തെ അംഗങ്ങളെല്ലാം പിൽക്കാലത്ത് ഭാഗമായവർ. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ സംഘടിപ്പിച്ച 13 എഡി യുടെ മ്യൂസിക് കൺസേർട്ടിന് വലിയ വരവേൽപ്പാണ് ലഭിച്ചത്.
മ്യൂസിക് ബാൻഡുകളുടെ അതിപ്രസരം സംഭവിച്ചെങ്കിലും മത്സരത്തിനില്ലാതെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ തന്നെയാണ് ബാൻഡ് 2025ൽ ശ്രമിക്കുക. 13 എഡി ബാൻഡ് ഒരുക്കിയ ഗ്രൗണ്ട് സീറോ എന്ന പാട്ട് കേൾക്കാത്ത സംഗീത പ്രേമികൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്.
ബാംഗ്ലൂരിലെ മ്യൂസിക് കൺസേർട്ടിന് ശേഷമാണ് 13 എഡിയുടെ സ്ഥാപക അംഗമായ എലോയ് ഐസക് ഇടിവി ഭാരത് എന്‍റര്‍ടെയിന്‍മെന്‍റ് ടീമിനോട് സംസാരിച്ചത്. സൗഹൃദ കൂട്ടായ്‌മയിൽ തുടങ്ങിയ ഒരു മ്യൂസിക് ബാൻഡ് ആണ് 13 എഡി എന്നാണ് എലോയ് ഐസക് പറയുന്നത്. 13 എന്ന ചെകുത്താന്‍റെ നമ്പര്‍ ബാന്‍ഡിന് നാമകരണം ചെയ്യാനുണ്ടായ കാരണവും നെഗറ്റീവിനെ പോസിറ്റീവിക്കായ കഥയും എലോയ് വിവരിച്ചു.
"13 എന്ന സംഖ്യ പൊതുവെ ചെകുത്താന്‍റെ നമ്പർ എന്നാണ് അറിയപ്പെടുന്നത്. സംഗതി നെഗറ്റീവ് ആണ്. എല്ലാ ചെറുപ്പക്കാരെയും പോലെ നെഗറ്റീവിനെ എങ്ങനെ പോസിറ്റീവ് ആക്കാം എന്നുള്ളതായിരുന്നു അക്കാലത്ത് ഞങ്ങളുടെയും ചിന്ത. സമൂഹത്തിലെ നെഗറ്റീവ് ചിന്താഗതിയെ സംഗീതത്തിലൂടെ പോസിറ്റീവിലേക്ക് കൊണ്ടുവരാൻ ഒരു ചിന്തയുണ്ടായിരുന്നു. അങ്ങനെയൊരു ചിന്തയുടെ പിൻബലത്തിലാണ് 13 എന്ന പേര് ബാൻഡിന് നൽകുന്നത്. ഒരുപാട് ആലോചിച്ചെടുത്ത പേര് ഒന്നുമല്ല 13. വെറുതെ ഒരു ചർച്ചയിൽ കിട്ടി, പേരിട്ടു. 13ന് പിന്നാലെ എഡി എന്നുകൂടി ചേർക്കാമെന്ന് കൂട്ടത്തിൽ ഒരാൾ പറഞ്ഞു. അതിൽ ഒരു പഞ്ച് ഉണ്ടെന്ന് തോന്നി. അല്ലാതെ ബാൻഡിന്‍റെ പേരിന് പിന്നിൽ വലിയൊരു കഥയൊന്നും ഇല്ല," എലോയ് ഐസക് വ്യക്‌തമാക്കി.
കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ തങ്ങൾക്കൊരു സംഗീത കൂട്ടായ്‌മ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "കൂട്ടത്തിലെ ആസ്ലി എന്ന അംഗമാണ് പേര് സജസ്‌റ്റ് ചെയ്യുന്നത്. മ്യൂസിക് ബാൻഡിന് പേരിട്ടതോടെ കുറച്ച് സീരിയസ് ആയാലോ എന്ന് തോന്നി. അന്ന് കൊച്ചിയിൽ വിരളില്‍ എണ്ണാവുന്ന മ്യൂസിക് ബാൻഡ് മാത്രമാണ് ഉണ്ടായിരുന്നത്. എലീറ്റേഴ്‌സ്, ഹൈജാക്കേഴ്‌സ് എന്നൊക്കെയായിരുന്നു ആ ബാൻഡുകളുടെ പേര്. എന്‍റെ രണ്ട് ഇളയ സഹോദരന്‍മാർ ഈ ബാന്‍ഡുകളിൽ പ്രവർത്തിച്ചിരുന്നു," എലോയ് ഐസക് കൂട്ടിച്ചേര്‍ത്തു.
13 എഡി ബാൻഡിന്‍റെ അംഗങ്ങളുടെ കുടുംബത്തിൽ എല്ലാം സംഗീതത്തിന്‍റെ ഒരു പിൻബലം ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി. "കൊച്ചിയുടെ സംസ്‌കാരം അറിയുന്നവർക്ക് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകും. എഴുപതുകളിൽ തന്നെ സംഗീതവും പാർട്ടിയും കൊച്ചിക്കാരുടെ ജീവിത ഘടകങ്ങൾ ആയിരുന്നു. എന്‍റെ സഹോദരന്‍മാർ പ്രവർത്തിച്ചിരുന്ന ബാൻഡിലെ ഗാനങ്ങൾ തന്നെയാണ് ഞങ്ങൾ ആദ്യം പാടിത്തുടങ്ങിയത്. ആകാശവാണിയിൽ കേൾക്കുന്ന ഇംഗ്ലീഷ് പാട്ടുകൾ മാത്രമായിരുന്നു ഇന്ത്യയ്ക്ക് അപ്പുറത്തുള്ള സംഗീത ലോകവുമായിയുള്ള ബന്ധം," എലോയ് ഐസക് പറഞ്ഞു.
എണ്‍പതുകളുടെ പകുതിയോടെയാണ് കാസറ്റുകളും വിനയിൽ റെക്കോർഡുകളും സുലഭമായി ലഭിച്ചു തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ തുടങ്ങുമ്പോൾ കാസറ്റുകൾ ഒന്നും ഇല്ല എന്ന് അർത്ഥമാക്കരുത്. കാസറ്റോ വിനയിൽ റെക്കോർഡുകളോ വാങ്ങാൻ വലിയ തുക കൊടുക്കണം. ഒരുപാട് പണം മുടക്കി കാസറ്റുകൾ ഒന്നും വാങ്ങാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരുന്നില്ല ഞങ്ങളപ്പോൾ," അദ്ദേഹം പറഞ്ഞു.
എഴുപതുകളിലും എണ്‍പതുകളിലും ക്ലാസിക് റോക്ക് ഗാനങ്ങൾക്ക് കേരളത്തിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്‌തമാക്കി. "ഞങ്ങളുടെ ജോണറും അതുതന്നെയായിരുന്നു. ഫോറിനർ, ചിക്കാഗോ, ഡി പർപ്പിൾ തുടങ്ങിയ ഫോറിൻ മ്യൂസിക് ബാൻഡുകൾ ആയിരുന്നു പ്രൊഫഷണലായി ചിന്തിച്ചു തുടങ്ങുന്നതിനുള്ള പ്രചോദനം. മേൽപ്പറഞ്ഞ ബാൻഡുകളുടെ പാട്ടുകൾ കവർ രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് ആദ്യ കാലങ്ങളിൽ ചെയ്‌തുകൊണ്ടിരുന്നത്. ഇത്തരം ലോകപ്രശസ്‌ത ബാൻഡുകളുടെ പാട്ടുകൾ അവതരിപ്പിക്കുന്നത് തന്നെയായിരുന്നു ഇവിടെയുള്ള ആളുകളുടെയും താല്‍പ്പര്യം. അന്ന് ടിവിയും റേഡിയോയും ഒക്കെ വന്നു തുടങ്ങുന്നതേയുള്ളൂ. ലോകപ്രശസ്‌ത മ്യൂസിക് ബാൻഡുകളുടെ പാട്ടുകൾ ഇവിടെയുള്ള ഒരു മ്യൂസിക് ബാൻഡ് ടീം അവതരിപ്പിക്കുന്നത് ലൈവായി കേൾക്കാൻ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. ജനങ്ങളുടെ അത്തരമൊരു ആഗ്രഹം അല്ലങ്കിൽ ഇഷ്‌ടം ഞങ്ങൾ മുതലാക്കി," എലോയ് ഐസക് വിശദീകരിച്ചു.
ലോകപ്രശസ്‌ത ബാൻഡുകളുടെ ഗാനങ്ങൾ അന്തസത്ത ചോരാതെ അവതരിപ്പിച്ചതിലൂടെ തന്നെയാണ് 13 എഡി പ്രശസ്‌തിയാർജിച്ചതെന്നും അദ്ദേഹം പറയുന്നു. "13 എഡി മ്യൂസിക് ബാൻഡ് ആരംഭിച്ചപ്പോൾ ഞാൻ ഒഴികെ ഒപ്പമുള്ള ആരും തന്നെ ഇന്ന് ബാൻഡിന്‍റെ ഭാഗമല്ല. എലോയ് ഐസക് എന്ന ഞാൻ ബാൻഡിന്‍റെ ലീഡ് ഗിത്താറിസ്‌റ്റ് ആയിരുന്നു. ആസ്ലി പിൻട്രോ റിഥവും ഗിറ്റാറും കൈകാര്യം ചെയ്‌തു, അനിൽ റോൺ ആയിരുന്നു ബേസ് ഗിറ്റാറിസ്‌റ്റ്. സ്‌റ്റാൻലി ലോയിസ് ആയിരുന്നു മെയിൻ പാട്ടുകാരൻ. പെട്രോ ആയിരുന്നു ഡ്രംസ് വായിച്ചിരുന്നത്. ഞങ്ങളായിരുന്നു തുടക്കം. അനിലും, ആസ്ലിയും ആയിരുന്നു ആദ്യം ബാൻഡ് വിട്ടത്. പിന്നീട് പുതിയ ആളുകള്‍ വന്നു. ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്‌ടിച്ച 13 എഡി മ്യൂസിക് ബാൻഡ് എങ്ങനെ ശിഥിലമായെന്ന് വഴിയെ പറയാം," എലോയ് ഐസക് വിവരിച്ചു.
എണ്‍പതുകളുടെ തുടക്കത്തിൽ തന്നെ 13 എഡി എന്ന മ്യൂസിക് ബാൻഡിന്‍റെ പ്രശസ്‌തി കേരളത്തിന് പുറത്തേയ്ക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി. "ബാംഗ്ലൂർ, ഹൈദരാബാദ്, മണിപ്പാൽ തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഏകദേശം അഞ്ചു വർഷം സൗത്ത് ഇന്ത്യയിൽ ഇടവേളകള്‍ ഇല്ലാതെ മ്യൂസിക് കൺസേർട്ടുകൾ നടത്തി. അതിനിടയിലാണ് പോപ്പ് ടൈം എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹി ദൂരദർശന്‍റെ ക്ഷണം ലഭിക്കുന്നത്. ആ പരിപാടിയിൽ ഉഷ ഉതുപ്പിനോടൊപ്പം ചേർന്നായിരുന്നു ഞങ്ങൾ പെർഫോം ചെയ്‌തത്. വെസ്‌റ്റേൺ മ്യൂസിക് കൈകാര്യം ചെയ്യുന്ന ബാൻഡുകളെ ഉൾപ്പെടുത്തി ഡൽഹി ദൂരദർശൻ പ്രക്ഷേപണം ചെയ്‌തിരുന്ന പരിപാടിയായിരുന്നു അത്," അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആദ്യ സ്വതന്ത്ര ആൽബം ആയിരുന്നു ഗ്രൗണ്ട് സീറോയെന്നും ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്‍റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ആൽബം അക്കാലത്ത് തരംഗമായിരുന്നെന്നും എലോയ് ഐസക് പറഞ്ഞു.
"ഈ ആൽബമാണ് ഉഷ ഉതുപ്പിനൊപ്പം ദൂരദർശൻ പരിപാടിയിൽ അവതരിപ്പിച്ചത്. അന്ന് ഇത്തരം വീഡിയോ പരിപാടികൾ തുടങ്ങിവരുന്ന കാലമാണ്. ഈ പരിപാടിയുടെ പ്രക്ഷേപണം കഴിഞ്ഞ ശേഷം ഇന്ത്യ മുഴുവൻ ഞങ്ങളെ അറിയപ്പെട്ടു. സൗത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യ മുഴുവൻ പരിപാടികൾ അവതരിപ്പിക്കാൻ 13 എഡി ബാൻഡിന് അവസരങ്ങൾ ലഭിച്ചു. മുംബൈ ഡൽഹി കൽക്കത്ത എന്നിവിടങ്ങളിൽ വർഷം മുഴുവൻ പരിപാടി. ഗോവ ഞങ്ങളുടെ ഒരു സ്ഥിരം ഹബ്ബായി മാറി. നോർത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മ്യൂസിക് കൺസേർട്ടുകൾ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ മ്യൂസിക് ബാൻഡ് ഒരുപക്ഷേ ഞങ്ങൾ ആയിരിക്കും, " എലോയ് ഐസക് അറിയിച്ചു.
13 എഡിയുടെ ആദ്യ ആൽബമായ ഗ്രൗണ്ട് സീറോ ജനിക്കുന്നതിനെ കുറിച്ചും എലോയ് ഐസക് വിശദീകരിച്ചു. "അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ ഒരേ ഒരു റോക്ക് ബാൻഡ് മാത്രമാണ് ഉണ്ടായിരുന്നത്. റോക്ക് മെഷീൻസ് എന്നായിരുന്നു അവരുടെ പേര്. മുംബൈയിലെ മാഗ്‌നം ഓഡിയോസ് ഇവരുടെ ഒരു ഗാനം പുറത്തിറക്കി. റെക്കോർഡ് വിൽപ്പനയാണ് ആ ഗാനത്തിന് സംഭവിച്ചത്. അങ്ങനെയൊരു പിൻബലത്തിന്‍റെ അടിസ്ഥാനത്തിലാണ് റോക്ക് മെഷീന് ശേഷം അറിയപ്പെടുന്ന ഒരു റോക്ക് ബാൻഡ് ആയ 13 എഡിയുടെ സ്വതന്ത്ര ആൽബം പുറത്തിറക്കാൻ മുംബൈ മാഗ്‌നം ഓഡിയോസ് താൽപര്യം പ്രകടിപ്പിക്കുന്നത്," അദ്ദേഹം പറഞ്ഞു.
മാഗ്‌നം ഓഡിയോസിന്‍റെ ആൽബം വിൽപ്പനയിൽ റെക്കോർഡ് സൃഷ്‌ടിച്ച പാട്ടായിരുന്നു ഗ്രൗണ്ട് സീറോ എന്നും അദ്ദേഹം പറഞ്ഞു. "ജോർജ് തോമസ് ജൂനിയർ എന്ന വ്യക്‌തിയാണ് ഗ്രൗണ്ട് സീറോയുടെ വരികൾ എഴുതി ചിട്ടപ്പെടുത്തിയത്. അക്കാലത്തെ പ്രശസ്‌തമായ മലയാളം വാരികയായിരുന്ന മനോരാജ്യത്തിന്‍റെ ചീഫ് എഡിറ്ററുടെ മകനാണ് ജോർജ് തോമസ് ജൂനിയർ. ഇദ്ദേഹം ഒരു ഗിറ്റാറിസ്‌റ്റ് ആയിരുന്നു. സിലോഗ് എന്ന കൊച്ചിയിലെ ഒരു ഹോട്ടലിൽ ഞങ്ങൾ പരിപാടി അവതരിപ്പിക്കുമ്പോൾ ഒപ്പം കൂടിയതാണ് ഇദ്ദേഹം. ഈ കഴിഞ്ഞ ബാംഗ്ലൂർ ഇവന്‍റിന് ഗ്രൗണ്ട് സീറോ പാടുമ്പോൾ 42 വർഷം പഴക്കമുള്ള ഈ ഗാനത്തിന് ലഭിച്ച വരവേൽപ്പ് പറഞ്ഞറിയിക്കാൻ സാധിക്കില്ല," എലോയ് ഐസക് വിശദീകരിച്ചു.
മാഗ്നം ഓഡിയോസുമായി ചേർന്ന് പിന്നീട് ടഫ് ഓൺ സ്ട്രീറ്റ്സ് എന്നൊരു ആൽബം കൂടി ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രൗണ്ട് സീറോയോളം മികച്ച ഒരു ആൽബമായി മാറാൻ അതിനായില്ല. പക്ഷേ തങ്ങളുടെ മ്യൂസിക് കൺസേർട്ടുകളിൽ ടഫ് ഓൺ സ്ട്രീറ്റ്സിന് വലിയ ജനപിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൗണ്ട് സീറോ ഹിറ്റായ ശേഷമുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. "ഗ്രൗണ്ട് സീറോ ഹിറ്റ് ആയതോടെ എല്ലാ ആഴ്‌ച്ചകളിലും ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിൽ പരിപാടികൾ തുടർച്ചയായി ലഭിച്ചു. പക്ഷേ ഞങ്ങളുടെ തുടക്കകാലം മുതൽ ഞങ്ങളെ സഹായിച്ച അല്ലെങ്കിൽ പിന്തുണച്ച ഒരു പ്രസ്ഥാനമായിരുന്നു കൊച്ചിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സിലോഗ് ഹോട്ടൽ. സിലോഗ് ഹോട്ടലിൽ വൈകുന്നേരങ്ങളിൽ പെർഫോം ചെയ്‌തു കൊണ്ടാണ് സത്യത്തിൽ തേർട്ടീൻ എഡി യുടെ അംഗങ്ങളായ ഞങ്ങൾ വരുമാനം കണ്ടെത്തിയിരുന്നത്. അത്യാവശ്യം പ്രശസ്‌തിയും ഷോകളും കിട്ടിത്തുടങ്ങിയപ്പോഴും സിലോഗ് ഹോട്ടലിൽ പരിപാടി അവതരിപ്പിക്കുന്നത് ഞങ്ങൾ നിർത്തിയിരുന്നില്ല," എലോയ് ഐസക് പറഞ്ഞു.
പ്രശസ്‌തരാകുന്നതിന് മുൻപും ഷോകൾക്ക് പോകാൻ സിലോഗ് ഹോട്ടലിന്‍റെ മാനേജ്‌മെന്‍റ് ഞങ്ങളെ അനുവദിച്ചിരുന്നതായും അങ്ങനെയൊരു കടപ്പാടിന്‍റെ മുകളിൽ പ്രശസ്‌തരായ ശേഷവും ഹോട്ടല്‍ വിട്ടുപോകാൻ തങ്ങൾ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
"മലയാളത്തിലെയും ഇന്ത്യയിലെയും മികച്ച നടന്‍മാരെയും സംവിധായകരെയും ഞങ്ങൾ പരിചയപ്പെടുന്നത് സിലോഗ് ഹോട്ടലിൽ വച്ചായിരുന്നു. മലയാളത്തിന്‍റെ ക്ലാസിക് സംവിധായകരായ പത്‌മരാജനും ഭരതനും പലപ്പോഴും ഞങ്ങളുടെ പ്രകടനം കാണാൻ സി ലോഗില്‍ എത്തിച്ചേർന്നിട്ടുണ്ട്. 80കളുടെ തുടക്കത്തിൽ മോഹൻലാലും പ്രിയദർശനും ഫാസിൽ സാറും ഒക്കെ ഞങ്ങളുടെ സ്ഥിരം കാഴ്‌ച്ചക്കാര്‍ ആയിരുന്നു," എലോയ് ഐസക് പറഞ്ഞു.
കേരളത്തിൽ നിന്നും ഇന്ത്യയൊട്ടാകെ ജനപ്രീതി നേടിയ ആദ്യ റോക്ക് ബാൻഡ് 13 എഡി ആണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്‍റെ പ്രിയപ്പെട്ട ഛായഗ്രഹനും സംവിധായകനുമായ രാജീവ് രവി, സംവിധായകൻ അമൽ നീരദ് എന്നിവര്‍ തങ്ങളുടെ വലിയ ആരാധകരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"അക്കാലത്ത് അവർ കോളേജിൽ പഠിക്കുന്നു. 13 എഡിയുടെ മ്യൂസിക് ഇവന്‍റ് എവിടെയുണ്ടെങ്കിലും ഇവരെ പോലുള്ളവർ കാണാൻ എത്തുമായിരുന്നു. ഞങ്ങൾ അസ്‌തമിച്ച് പോയെങ്കിലും അവർക്കൊക്കെ ഉണ്ടായിരുന്ന ആരാധനയുടെ ഫലമായാണ് സംവിധായകൻ അമൽ നീരദ് ഭീഷ്‌മപർവ്വം എന്ന സിനിമയിലെ പറുദീസ എന്ന ഗാനത്തിൽ ഞങ്ങളുടെ റഫറൻസ് ഉപയോഗിച്ചത്. ഇവരെപ്പോലുള്ളവരുടെ സിനിമകളിൽ ഞങ്ങളുടെ റഫറൻസ് നിരന്തരമായി ഉപയോഗിച്ചതാണ് 13 എഡി വീണ്ടും പോപ്പുലർ ആവാൻ കാരണം. രണ്ട് വർഷം മുൻപ് സംഗീത സംവിധായകൻ സുഷിൻ ശ്യാം ഞങ്ങളെ വളരെയധികം പ്രശംസിച്ചു സംസാരിച്ചിരുന്നു. ഭീഷ്‌മ പർവ്വത്തിലൂടെ ലഭിച്ച പ്രശസ്‌തി വീണ്ടും ഞങ്ങളെ സജീവമാകാൻ പ്രേരിപ്പിച്ചു," എലോയ് ഐസക് പറഞ്ഞു.
13 എഡി പുനർജനിച്ചതിനെ കുറിച്ചും അദ്ദേഹം വ്യക്‌തമാക്കി. "13 എഡി പുനർജനിക്കുന്നു. ജോർജ് പീറ്റർ ആണ് ഇപ്പോഴത്തെ പ്രധാന വോക്കലിസ്‌റ്റ്. ലീഡ് ഗിറ്റാറിസ്‌റ്റ് എലോയ് ഐസക് എന്ന ഞാൻ തന്നെ. പോൾ ബേസ് ഗിറ്റാർ കൈകാര്യം ചെയ്യുന്നു. ജാക്‌സൺ അറൂജ ആണ് കീബോർഡിസ്‌റ്റ്. പ്ലോയിട് പുതിയതായി ജോയിൻ ചെയ്‌ത ഡ്രമ്മറാണ്." എലോയ് ഐസക് പറഞ്ഞു.
13 എഡി അവസാനിപ്പിക്കാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. "പ്രശസ്‌തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ എല്ലാം അവസാനിപ്പിക്കാൻ കാരണമായത് പ്രേക്ഷകരും ഈ നാട്ടിലെ പൊലീസുകാരും ആയിരുന്നു. 90കളുടെ മധ്യത്തോടെ സംഗീത പരിപാടികളെ വരവേൽക്കുന്ന ജനങ്ങളുടെ കാഴ്‌ച്ചപ്പാടിൽ മാറ്റം സംഭവിച്ചു. കയ്യടികളോടെ മാത്രം സംഗീത പരിപാടികൾ ആസ്വദിച്ച് കൊണ്ടിരുന്നവർ ഒരു സമയം കഴിഞ്ഞപ്പോൾ അതിരുവിട്ട് ആഘോഷ പ്രകടനങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിച്ചു. പരിപാടി തുടങ്ങുമ്പോൾ തന്നെ നൃത്തവും ബഹളവും സർവ്വസാധാരണമായി. ആഘോഷങ്ങൾ പരിധി വിടുമ്പോൾ പൊലീസ് ഇടപെടും. 1995ന് ശേഷം ഞങ്ങൾ അവതരിപ്പിച്ച പരിപാടികളിൽ പൊലീസ് ലാത്തി ചാർജ് സംഭവിക്കാത്ത ഒരു ഷോ പോലും കേരളത്തിൽ നടന്നില്ല. പല പരിപാടികളും ഇത്തരം പ്രശ്‌നങ്ങൾ കാരണം പകുതിയിൽ വച്ച് നിർത്തി പോകേണ്ടതായി വന്നിട്ടുണ്ട്," എലോയ് ഐസക് വെളിപ്പെടുത്തി.
സാമ്പത്തിക നഷ്‌ടം, സമയ നഷ്‌ടം എന്നിവ തുടർച്ചയായി സംഭവിച്ചപ്പോൾ മനസ്സു മടുത്തുവെന്നും പുതിയ പരിപാടികൾ കമ്മിറ്റ് ചെയ്യാൻ ഭയമായെന്നും അദ്ദേഹം പറഞ്ഞു. "എവിടെയെങ്കിലും പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ചാൽ നിയന്ത്രിക്കാനാകാത്ത തിരക്കായിരുന്നു. ജനങ്ങൾ വരുന്നത് സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ ആള് കൂടുമ്പോൾ പ്രശ്നങ്ങൾ പതിവായി. പല പരിപാടികളും ഞങ്ങൾ മനപ്പൂർവ്വം ഒഴിവാക്കി," അദ്ദേഹം വ്യക്‌തമാക്കി.
ഈ പ്രശ്‌നങ്ങള്‍ക്കിടെ ബാന്‍ഡിന് മസ്‌കറ്റില്‍ നിന്നും ഒരു ഓഫര്‍ ലഭിച്ചിരുന്നു. ഇതേകുറിച്ചും എലോയ് ഐസക് വിശദീകരിച്ചു. "ആ സമയത്താണ് മസ്‌കറ്റില്‍ നിന്നും ഒരു ഓഫർ വരുന്നത്. അവിടെയുള്ള ഒരു മെക്‌സിക്കന്‍ റെസ്‌റ്റോറന്‍റില്‍ കോൺട്രാക്‌ട് അടിസ്ഥാനത്തിൽ 13 എഡിക്ക് പെർഫോം ചെയ്യാൻ അവസരം ലഭിച്ചു. കേരളത്തിലെയും ബാംഗ്ലൂരിലെയും അവസ്ഥകൾ സമാനമായപ്പോൾ ഞങ്ങൾ ആ ഓഫർ സ്വീകരിക്കാൻ തീരുമാനിച്ചു. തുടർന്ന് രണ്ട് വർഷം മെക്‌സിക്കൻ റെസ്‌റ്റോറന്‍റില്‍ ഒരു തൊഴിൽ പോലെ ഞങ്ങൾ മ്യൂസിക് പെർഫോം ചെയ്‌തു. വലിയ പാഷനോടെയും സ്വപ്‌നങ്ങളോടെയും സംഗീത മേഖലയിലേക്ക് കടന്നുവന്ന ഞങ്ങൾ പണത്തിന്‍റെ മൂല്യം മാത്രം മുന്നിൽ കണ്ട് ഒരു റെസ്‌റ്റോറന്‍റില്‍ പാടി ജീവിതം ഹോമിക്കുന്നതായി തോന്നി. സ്വാഭാവികമായും ഒരു സമയം കഴിഞ്ഞപ്പോൾ മനസ്സു മുരടിച്ചു. ഓരോരുത്തരായി ബാൻഡ് വിട്ടു," എലോയ് ഐസക് തുറന്നു പറഞ്ഞു.
മനസ്സു മുരടിച്ച് ഓരോരുത്തരായി ബാൻഡ് വിട്ട ശേഷം താൻ ദുബൈയിലേക്ക് പോയെന്നും അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. "പിന്നീട് 2008ലാണ് ഇപ്പോഴുള്ള ടീം അംഗങ്ങളെ ഉൾപ്പെടുത്തി തിരിച്ചുവരവ് നടത്തുന്നത്. കോഴിക്കോടും കൊച്ചിയിലും രണ്ട് പരിപാടികൾ മാത്രം അവതരിപ്പിച്ച് ഞങ്ങൾ വീണ്ടും താൽക്കാലികമായി പിൻവാങ്ങി. പിന്നീട് ഒന്നര വർഷം മുമ്പാണ് വീണ്ടും സജീവമാകാൻ തീരുമാനിക്കുന്നത്. ഞങ്ങളുടെ തിരിച്ചുവരവിന് വലിയ പിന്തുണ നൽകിയത് സംഗീത സംവിധായകൻ ദീപക് ദേവാണ്. ഞങ്ങളുടെ ഓൺ പ്രൊഡക്ഷൻ പാട്ടുകൾ പ്രൊഡ്യൂസ് ചെയ്യാൻ സഹകരിക്കുന്നത് ഇപ്പോൾ ദീപക് ദേവിന്‍റെ മ്യൂസിക് കമ്പനിയാണ്. നിരവധി ആൽബങ്ങൾ ഞങ്ങൾ ഇപ്പോൾ പുതിയതായി പ്രൊഡ്യൂസ് ചെയ്‌തു കഴിഞ്ഞു. 2025ന്‍റെ പകുതിയോടെ 13 എഡി പഴയത് പോലെ ഇന്ത്യ ഒട്ടാകെ അലയടിക്കും,'' എലോയ് ഐസക് പറയുന്നു.
മോഹൻലാൽ തങ്ങളുടെ ഷോ കാണാന്‍ വന്നതും സിനിമയില്‍ അവസരം ലഭിച്ചതിനെ കുറിച്ചും എലോയ് ഐസക് ഓര്‍ത്തെടുത്തു. "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്‌ത ശേഷം മോഹൻലാൽ സ്ഥിരമായി ഞങ്ങളുടെ ഷോ കാണാൻ സി ലോഗിൽ വരുമായിരുന്നു. ഞങ്ങളുടെ വോക്കലിസ്‌റ്റ് ജോർജുമായി മോഹൻലാലിന് നല്ല ബന്ധമുണ്ട്. നിദ്ര എന്ന ചിത്രത്തിൽ ഭരതൻ ഞങ്ങളുടെ ബാൻഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധാനത്തിൽ അല്ല. ഞങ്ങളുടെ ബാൻഡ് പെർഫോം ചെയ്യുന്നത് ഒരു സീനിന്‍റെ ഭാഗമാക്കി. സംവിധായകൻ ലെനിൻ രാജേന്ദ്രൻ ദൈവത്തിന്‍റെ വികൃതികൾ എന്ന ചിത്രത്തിന് വേണ്ടി രണ്ട് ഗാനങ്ങൾ സംഗീത സംവിധാനം ചെയ്യിപ്പിച്ചു. പക്ഷേ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയില്ല. ആ രണ്ട് ഗാനങ്ങളും ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്," എലോയ് ഐസക് വെളിപ്പെടുത്തി.
നിലവില്‍ ബാൻഡ് പെർഫോം ചെയ്യുന്നതെല്ലാം സ്വന്തം കോമ്പോസിഷനിലുള്ള ഗാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. "20ലധികം ഗാനങ്ങൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇക്കാലത്ത് സ്വന്തം കോമ്പോസിഷനിലുള്ള ഗാനങ്ങളില്ലാതെ ഒരു മ്യൂസിക് ബാൻഡിനും പിടിച്ച് നിൽക്കാൻ ആകില്ല. ഞങ്ങളുടെ ഗാനങ്ങളിൽ ഏറ്റവും പ്രശസ്‌തം ഗ്രൗണ്ട് സീറോ തന്നെയാണ്. ഞങ്ങളുടെ വളരെ പ്രശസ്‌തമായ മറ്റൊരു ഗാനമാണ് സിറ്റി ബ്ലൂസ്. കാതറീൻ, ബാഡ് ടെസ്‌റ്റ് എന്നീ ഗാനങ്ങളൊക്കെ പ്രേക്ഷകരുടെ ശ്രദ്ധാ കേന്ദ്രമാണ്. ഇപ്പോൾ ചെയ്‌ത പുതിയ ഗാനമാണ് ചെയ്ഞ്ച്. ദീപക് ദേവ് ഞങ്ങളുടെ ഭാഗമായി വന്നതിന് ശേഷം ആദ്യം പ്രൊഡ്യൂസ് ചെയ്‌ത ഗാനം ചെയ്ഞ്ച് ആണ്. സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും വിഷയത്തെ ആസ്‌പദമാക്കിയാണ് ഞങ്ങൾ ഗാനങ്ങള്‍ ഒരുക്കാറ്," എലോയ് ഐസക് വിശദീകരിച്ചു.
സാധാരണക്കാരാണ് തങ്ങളുടെ പാട്ടുകൾ കേൾക്കാൻ എത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. "70കളുടെ മധ്യത്തോടെ മെറ്റാലിക്ക് റോക്ക് സംഗീതവുമായി ഞങ്ങളുടെ ബാൻഡ് ആരംഭിക്കുമ്പോൾ എല്ലാവരുടെയും ഒരു സംശയമായിരുന്നു ഇത്തരം ഗാനങ്ങൾക്ക് ജനപിന്തുണ ലഭിക്കുമോ എന്നത്. ഏറ്റുമധികം സാധാരണക്കാരാണ് ഞങ്ങളുടെ പാട്ടുകൾ കേൾക്കാൻ ആ കാലത്ത് എത്തിയത് എന്നുള്ളതാണ് വാസ്‌തവം. കുടുംബ സംഗീതാസ്വാദകരുടെ ഒരു തള്ളിക്കയറ്റം ആയിരുന്നു ഞങ്ങളുടെ ഷോകൾക്ക്. ഞങ്ങൾ പെർഫോം ചെയ്യുന്ന സിലോഗ് ഹോട്ടലിൽ സാധാരണക്കാരാണ് ഏറ്റവും അധികം ഇടിച്ചുകയറിയിട്ടുള്ളത്. മദ്രാസിൽ നിന്നും കോയമ്പത്തൂരിൽ നിന്നും മണിപ്പാലിൽ നിന്നും വിദ്യാര്‍ത്ഥികൾ അടക്കമുള്ള സംഗീതാസ്വാദകർ ഞങ്ങളുടെ കൺസെർട്ട് ആസ്വദിക്കാൻ വലിയ രീതിയിൽ എത്തിയിരുന്നു. പുറത്തെ ഷോകൾക്ക് മാത്രമല്ല സിലോഗിലും ഞങ്ങളുടെ പാട്ടുകൾ കേൾക്കാൻ അന്യസംസ്ഥാനത്ത് നിന്നും ആളുകള്‍ എത്തിയിരുന്നു," എലോയ് ഐസക് കൂട്ടിച്ചേര്‍ത്തു.
ഈ വർഷം തങ്ങള്‍ സജീവമാവുമെങ്കിലും കേരളത്തില്‍ ഇടവേളകൾ എടുത്ത് മാത്രമേ പരിപാടികൾ അവതരിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്‌തമാക്കി. "കേരളത്തിന് പുറത്തേക്കാണ് കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. എറണാകുളത്ത് ആണെങ്കിലും തിരുവനന്തപുരത്ത് ആണെങ്കിലും കോഴിക്കോട് ആണെങ്കിലും അടുപ്പിച്ച് അടുപ്പിച്ചുള്ള ഷോകൾ തൽക്കാലം ചെയ്യുന്നില്ല," എലോയ് ഐസക് വ്യക്‌തമാക്കി.
Also Read: പോരാടാൻ തന്നെയാണ് തീരുമാനം... ആയുധം സംഗീതം, പൊരുതാൻ ഉറപ്പിച്ച് കാലം ബാൻഡ് - KAALAM BAND