ശ്രീരാജ് ശ്രീനിവാസിന്‍റെ സംവിധാനത്തിൽ ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. ജനുവരി 16നാണ് ചിത്രം തിയേറ്ററിൽ എത്തുക. റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് 'പ്രാവിൻകൂട് ഷാപ്പ്' താരങ്ങള്‍.
'പ്രാവിൻകൂട് ഷാപ്പി'ന്‍റെ പ്രൊമോഷന്‍റെയും ഓഡിയോ ലോഞ്ചിന്‍റെയും ഭാഗമായി കഴിഞ്ഞ ദിവസം കോട്ടയം ലുലു മാളിൽ സിനിമയിലെ താരങ്ങൾ എത്തിച്ചേർന്നിരുന്നു. താരങ്ങള്‍ എത്തിയതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ലുലു മാളിനുള്ളിൽ തടിച്ചുകൂടിയത്. സിനിമയിലെ അഭിനേതാക്കളായ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ശബരീഷ് കൃഷ്‌ണ, ശിവജിത് തുടങ്ങിയവരാണ് പ്രൊമോഷന്‍റെ ഭാഗമായി ജനങ്ങളെ കാണാൻ എത്തിയത്.
സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ജനങ്ങൾക്കിടയിൽ നിന്നും ബേസിൽ ജോസഫിനോട് ഒരു ആവശ്യം ഉയർന്നു. ബേസിലിന്‍റെ സ്വതസിദ്ധമായ ചിരി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെ ഒന്ന് ചിരിക്കാമോ എന്നാണ് താരങ്ങളെ കാണാൻ തടിച്ചുകൂടിയവരിൽ ഒരാൾ ചോദിച്ചത്. തമാശ പറഞ്ഞാൽ ചിരിക്കാമെന്ന് ബേസിൽ മറുപടിയും നൽകി.
"ചുമ്മാ ചിരിക്കാൻ ആവശ്യപ്പെട്ടാൽ എങ്ങനെയാ ചിരിക്കുക? എന്തെങ്കിലും തമാശ പറയൂ.." ബേസിൽ പറഞ്ഞു. തമാശ കയ്യിൽ സ്‌റ്റോക്കില്ലെന്ന് ചോദ്യം ചോദിച്ചയാൾ മറുപടി നല്‍കി. ഉടന്‍ "തമാശ കയ്യിൽ സ്‌റ്റോക്കില്ല.. ഇതു നല്ല തമാശയാണ്" എന്നും പറഞ്ഞ് ബേസിൽ തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ പൊട്ടിച്ചിരിച്ചു. ബേസിലിന്‍റെ ചിരി കേട്ട് ജനങ്ങൾ കയ്യടിച്ചു.
തുടർന്ന് ജനങ്ങളുടെ ആവശ്യം, ബേസിൽ ഡാൻസ് കളിക്കണം എന്നായി. ജനങ്ങളുടെ അഭ്യർത്ഥന ആദ്യം നിരസിച്ചങ്കിലും പിന്നീട് ബേസിൽ വേദിയിൽ നൃത്തം ചെയ്യാൻ തയ്യാറായി. ബേസിൽ ജോസഫ് പാടി അഭിനയിച്ച 'കക്ഷി അമ്മണിപിള്ള' എന്ന സിനിമയിലെ 'കുരുവികൾക്ക് വന്ദനം' എന്ന പാട്ടിന്‍റെ കരോക്കെ വേദിയിൽ മുഴങ്ങി. ബേസിൽ സ്വന്തം ശബ്‌ദത്തിൽ പാട്ട് പാടുന്നതിനോടൊപ്പം അത്യാവശ്യം രണ്ട് സ്‌റ്റെപ്പ് ഡാൻസും കളിച്ചു. താരങ്ങളെ കാണാൻ എത്തിയവര്‍ക്കും സന്തോഷമായി..