മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ടർബോ 70 കോടിയിലധികം ആഗോള കലക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ്. പൊടിപാറുന്ന ടർബോ ജോസിൻ്റെ ഇടി തിയേറ്ററിൽ പ്രകമ്പനം കൊള്ളിക്കുമ്പോൾ 73 വയസുകാരനായ മമ്മൂട്ടിയുടെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം വീണ്ടും ചർച്ചയാകുന്നു.
ചരിത്രത്തിൽ സൗദി അറേബ്യയിൽ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കലക്ഷൻ ആണ് ടർബോ നേടിയത്. മമ്മൂട്ടിയുടെ കഥാപാത്രമായ ടർബോ ജോസിനെ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് സംവിധായകൻ വൈശാഖ് നൽകിയ ഇൻ്റർവ്യൂവിനിടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ മമ്മൂട്ടിക്ക് പരിക്ക് പറ്റിയതിനെപ്പറ്റി പ്രതിപാദിച്ചിരുന്നു.
ടർബോ ജോസ് ഇടിക്കുമ്പോൾ, ഹൂക്ക് ചെയ്‌ത് ഹിറ്റ് ഇമ്പാക്റ്റിൽ സ്റ്റൻഡ് മാൻ ദൂരേക്കു തെറിച്ചു വീഴുന്ന ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. സ്റ്റണ്ട് ഡയറക്‌ടർ ഫീനിക്‌സ് പ്രഭു ആക്ഷൻ വിളിച്ചതും മമ്മൂട്ടിയുടെ വശത്ത് നിൽക്കുന്ന സ്റ്റണ്ട്മാൻ്റെ ഹൂക്ക് സ്റ്റൻഡ് ഡയറക്‌ടറുടെ സഹായികളിൽ ഒരാൾ വലിക്കുന്നു.
വലിയുടെ ടൈമിങ് തെറ്റി സ്റ്റൻഡ് മാൻ എതിർദശയിലേക്ക് തെറിച്ചു പോകേണ്ടതിനു പകരം മമ്മൂട്ടിയുടെ നേരെയാണ് ചെന്നത്. ആഘാതത്തിൽ തെറിച്ചു പോയ മമ്മൂട്ടി കറങ്ങി ചെന്നു വീഴുന്നത് സമീപത്തുള്ള ഒരു മേശയുടെ അടുത്താണ്. മേശയിൽ അദ്ദേഹത്തിൻ്റെ തല ഇടിക്കുകയും ചെയ്‌തു.