ഹൈദരാബാദ്:അപകീർത്തികരമായ പരാമർശം നടത്തിയതിന്എഐഎഡിഎംകെ മുൻ നേതാവ് എ വി രാജുവിനെതിരെ മാനനഷ്ടക്കേസ് നൽകി തെന്നിന്ത്യൻ നടി തൃഷ. വ്യാഴാഴ്ചയാണ് (ഫെബ്രുവരി 22 ) തൃഷ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് എ വി രാജുവിനെതിരെ നിമയനടപടി സ്വീകരിക്കുമെന്ന് തൃഷ നേരത്തെ അറിയിച്ചിരുന്നു (Trisha Files Defamation Case Against Former AIADMK Leader AV Raju).
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആളുകൾ ഏത് നിലവാരത്തിലേക്കും തരംതാഴുന്നത് വെറുപ്പുളവാക്കുന്ന കാഴ്ചയാണെന്നും തന്റെ അഭിഭാഷക സംഘം വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് തൃഷ നേരത്തെ അറിയിച്ചത്. പിന്നാലെയാണ് ഇപ്പോൾ എഐഎഡിഎംകെ മുൻ നേതാവിനെതിരെ കേസ് ഫയൽ ചെയ്തതായി താരം അറിയിച്ചത്.
അതേസമയം തൃഷയെ പരാമർശിച്ചുകൊണ്ട് എ വി രാജു നടത്തിയ പ്രസ്താവന വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന നിലയിലായിരുന്നു എ വി രാജുവിന്റെ വിവാദ പ്രസ്താവന. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് തൃഷയെ റിസോർട്ടിൽ എത്തിച്ചു എന്നായിരുന്നു ഇയാൾ അവകാശപ്പെട്ടത്.
പിന്നാലെ സാമൂഹിക മാധ്യമങ്ങളിലടക്കം ഈ പരാമർശം വലിയ ചർച്ചയായി. ഇതിന്റെ വീഡിയോയും ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം പാർട്ടി ചട്ടങ്ങൾ ലംഘിച്ചതിന് ഫെബ്രുവരി 17നാണ് എവി രാജുവിനെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയത്.