സംഗീതത്തിന് പിന്നാലെയുള്ള യാത്രകളിൽ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും ജനുവിനായ മനുഷ്യന്മാരിൽ ഒരാളാണ് സംഗീതസംവിധായകൻ ദേവരാജൻ മാസ്‌റ്റര്‍ എന്ന് രവി മേനോൻ പറയുകയുണ്ടായി. സുതാര്യമായ വ്യക്തിത്വം, മുൻകോപിയാണ്, ആരെയും അടുപ്പിക്കില്ല അങ്ങനെയൊക്കെയാണ് ദേവരാജൻ മാസ്‌റ്ററെ കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം സ്നേഹനിധിയായ ഒരു മനുഷ്യൻ അതാണ് ദേവരാജൻ മാസ്‌റ്റര്‍. ജ്യേഷ്‌ഠ സഹോദരനായി ഞാൻ അദ്ദേഹത്തെ കാണുന്നു.
സംഗീതം അദ്ദേഹത്തിന്‍റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. സംഗീതത്തെക്കുറിച്ച് അല്ലാതെ മറ്റൊരു വിഷയത്തെക്കുറിച്ചും സംസാരിക്കാൻ ദേവരാജൻ മാസ്‌റ്റര്‍ പലപ്പോഴും താല്‌പര്യപ്പെടാറില്ല.
മലയാളത്തിലെ ഏറ്റവും മികച്ച രാഗ മാലികകൾ ഒക്കെ തന്നെയും അദ്ദേഹത്തിന്‍റെ സംഭാവനയാണ്. നിരവധി രാഗങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക രാഗത്തിൽ പാട്ട് കമ്പോസ് ചെയ്യണമെന്ന് ദേവരാജൻ മാസ്‌റ്റർക്ക് യാതൊരു നിബന്ധനയും ഉണ്ടായിരുന്നില്ല. വരികൾക്കാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇപ്പോഴത്തെ പോലെ ട്യൂൺ ആദ്യം ചെയ്‌തത് വരികൾ എഴുതുന്ന രീതിയല്ല പണ്ട് അവലംബിച്ചിരുന്നത്.
ഒഎൻവിയെ പോലെയോ, വയലാറിനെ പോലെയോ ഉള്ളവർ എഴുതിയ കവിതകൾ ആകും സംഗീത സംവിധായകന്‍റെ കയ്യിലെത്തുക. ആ വരികളുടെ ഭാവം ഉൾക്കൊണ്ടാണ് ദേവരാജൻ മാസ്‌റ്റര്‍ ട്യൂൺ കമ്പോസ് ചെയ്യുക. ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനിടയിൽ എത്തിച്ചേരുന്നതാണ് രാഗങ്ങൾ. പാട്ടിലേക്ക് രാഗങ്ങൾ ഒഴുകി എത്തുകയാണ് ദേവരാജൻ മാസ്റ്ററിനെ സംബന്ധിച്ചിടത്തോളം സംഭവിക്കുക. ഒരു ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഒരു പാട്ടിന്‍റെ ഒരു വാക്കിന്, അക്ഷരങ്ങൾക്ക് ട്യൂൺ ചെയ്യുന്ന മറ്റൊരു സംഗീത സംവിധായകൻ ഉണ്ടാകില്ല.
ഉദാഹരണത്തിന് 'അരികിൽ'... പാട്ടു കേൾക്കുമ്പോൾ ആരോ അരികിൽ നിൽക്കുന്നതുപോലെ തോന്നും. സാധാരണ സംഗീത സംവിധായകർ ഒരു വാക്കിനു വേണ്ടി അധികം മിനക്കെടാറില്ല. സാധാരണ ഒരു വരിക്ക് ട്യൂൺ ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. അത് ജനപ്രിയമാവുക എന്നുള്ളതാണ് അവരുടെ ഉദ്ദേശം. ദേവരാജൻ മാസ്‌റ്റര്‍ വിഭിന്നനാണ്. വാക്കുകളുടെ ഭാവം പോലും ട്യൂൺ ചെയ്യുമ്പോൾ ദേവരാജൻ മാസ്റ്ററെ സ്വാധീനിക്കും.
ദാസേട്ടൻ വില്ലനായോ?
മലയാളത്തിലെ ആദ്യ കാലഘട്ടത്തിലെ ഗായകരായ എ എം രാജ, മെഹബൂബ്, കമുകറ പുരുഷോത്തമൻ, ഉദയഭാനു ഇവർക്കൊക്കെ സ്വാഭാവികമായ ഒരു ഭാവം പാടുമ്പോൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഉദയഭാനു വിഷാദ ഗാനങ്ങളുടെ മുഖമുദ്രയായിരുന്നു. കമുകറ പുരുഷോത്തമൻ പാടുമ്പോൾ അതിലൊരു ഭക്തിമയം ഉണ്ടാകും. എ എം രാജ റൊമാന്‍റിക് ഗാനങ്ങളുടെ അതികായനാണ്. ഇങ്ങനെ പല വഴി സഞ്ചരിച്ച സംഗീത നദികൾ ഒരു സമുദ്രത്തിൽ ലയിച്ചത് പോലെയാണ് യേശുദാസ് പിറവിയെടുത്തപ്പോൾ സംഭവിച്ചത്. ദാസേട്ടന് ഏത് ടൈപ്പ് പാട്ടുപാടുന്നതിനും ബുദ്ധിമുട്ടില്ല. റൊമാന്‍റിക് ഗാനങ്ങളോ, ഭക്തിയോ, അടിച്ചുപൊളി പാട്ടോ, ഹാസ്യമോ, ക്ലാസിക്കലോ എന്തുമാകട്ടെ ദാസേട്ടന് എല്ലാം വഴങ്ങുമായിരുന്നു.
ഒരു സംഗീത സംവിധായകന്‍റെ സൃഷ്ടിക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച ഗായകനായിരുന്നു യേശുദാസ്. കയ്യെത്തുന്ന ദൂരത്ത് എല്ലാ ഭാവങ്ങളും വഴങ്ങുന്ന യേശുദാസ് എന്നൊരു ഗായകൻ ഉള്ളപ്പോൾ സംഗീത സംവിധായകർ സ്വാഭാവികമായും മറ്റു ഗായകരെ തഴഞ്ഞു. പല ഗായകരും പാട്ട് പഠിച്ച് റെക്കോർഡിങ് സാധ്യമാകുമ്പോൾ രണ്ടോ മൂന്നോ ദിവസം എടുക്കാറുണ്ട്. ദാസേട്ടനെ സംബന്ധിച്ചിടത്തോളം വരുന്നു ഒരു മണിക്കൂറിനുള്ളിൽ പാട്ടു പഠിക്കുന്നു, പാടുന്നു, പോകുന്നു. സിനിമ ഒരു ബിസിനസ് കൂടിയാകുമ്പോൾ എല്ലാവർക്കും ദാസേട്ടനെ മതി.
ദാസേട്ടൻ മറ്റു ഗായകരുടെ വഴിമുടക്കി എന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇതാണ് വാസ്‌തവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദാസേട്ടന് മലയാള സിനിമയിലെ ഗായകർക്കിടയിൽ ഒരു വില്ലൻ പരിവേഷമുണ്ടായിരുന്നു എന്നതിനെക്കുറിച്ച് രവി മേനോന്‍റെ വ്യക്തമാക്കൽ ഇപ്രകാരമായിരുന്നു.
കെ പി ഉദയഭാനു നഷ്‌ട സംഗീതഞ്ജനോ ?
ഒരുപാട് നല്ല ഗാനങ്ങൾ മലയാളിക്ക് സംഭാവന ചെയ്‌തിട്ടും കെ പി ഉദയഭാനു വേണ്ടവിധത്തിൽ ഒരു സംഗീത സംവിധായകൻ എന്നുള്ള രീതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നതിന് കാരണം അദ്ദേഹത്തിന്‍റെ മടിയായിരുന്നുവെന്ന് രവി മേനോൻ വ്യക്തമാക്കി.
അദ്ദേഹത്തിന് സിനിമാക്കാരെ പോയി നേരിൽ കാണുവാനും സിനിമയുടെ പുറകെ നടക്കുവാനും താല്പര്യമില്ലായിരുന്നു. ആകാശവാണി ഉദ്യോഗസ്ഥനായിരുന്നു കെ പി ഉദയഭാനു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ സിനിമകളിൽ പ്രവർത്തിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം. അതിനൊന്നും പിന്നാലെ നടക്കാൻ കെ പി ഉദയഭാനു ശ്രമിച്ചില്ല. അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള 'കിളി ചിലച്ചു' എന്ന ഗാനം പകരം വയ്ക്കാനില്ലാത്ത കലാസൃഷ്‌ടിയാണ്.
എസ് ജാനകിക്ക് കടുത്ത പനി, പക്ഷേ പാട്ട് സൂപ്പർ ഹിറ്റ്
പ്രേം നസീറിനെയും ഷീലയെയും നായിക നായകന്മാരാക്കി സുദീൻ കുമാർ 'മൂടൽമഞ്ഞ്' എന്ന സിനിമ സംവിധാനം ചെയ്‌തു. ബോംബെയിലായിരുന്നു റെക്കോർഡിങ്. പി ഭാസ്‌കരൻ വരികൾ എഴുതിയ പാട്ടിന് സംഗീതം നൽകാൻ അക്കാലത്തെ ഹിന്ദിയിലെ പ്രശസ്‌ത സംഗീത സംവിധായകൻ ഉഷ ഖന്നയെ ചുമതലപ്പെടുത്തി. ഗായകൻ യേശുദാസിന്‍റെ ദീർഘവീക്ഷണമാണ് ഉഷ ഖന്ന, രവീന്ദ്രൻ ജെയ്‌ൻ തുടങ്ങി വിഖ്യാതരായ പല ഇന്ത്യൻ സംഗീതജ്ഞരും മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.
'മൂടൽമഞ്ഞി'ൽ ആകെ ഏഴു പാട്ടുകളാണ്, അതിൽ രണ്ടെണ്ണം യേശുദാസും നാലെണ്ണം എസ് ജാനകിയുമാണ് ആലപിക്കേണ്ടത്. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ എസ് ജാനകി തന്നെ പാടണമെന്ന് സംവിധായകന് നിർബന്ധം ഉണ്ടായിരുന്നു. ഗാനമാലപിക്കാനായി സംവിധായകൻ ജാനകിയമ്മയെ ക്ഷണിക്കുമ്പോൾ എസ് ജാനകിക്ക് ഒട്ടും സുഖമില്ല. കടുത്ത പനി. എങ്കിലും ക്ഷണം നിരസിക്കാൻ എസ് ജാനകി തയ്യാറായില്ല.
മുംബൈയിലെ ഫേമസ് എന്ന സ്റ്റുഡിയോയിൽ ആണ് റെക്കോർഡിങ്. ഫേമസ് എന്നത് അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും വലുതും പ്രശസ്‌തവുമായ റെക്കോർഡിങ് സ്റ്റുഡിയോകളിൽ ഒന്നാണ്. മിനോ ഖത്രക് എന്ന എൻജിനീയറാണ് റെക്കോർഡിസ്റ്റ്. മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്‌കരുടെയും പ്രിയപ്പെട്ട റെക്കോർഡിസ്‌റ്റ് കൂടിയാണ് അദ്ദേഹം. അങ്ങനെ ഗാനം റെക്കോർഡ് ചെയ്യേണ്ട ദിവസമെത്താറായി. ജാനകിയമ്മയ്‌ക്കാകട്ടെ പനി കലശലായി ഒപ്പം കടുത്ത ജലദോഷവും. ഗാനമാലപിക്കാൻ സാധിക്കില്ല എന്ന് സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ച ശേഷം എസ് ജാനകി തിരികെ നാട്ടിലേക്ക് പോകാൻ തീരുമാനമെടുക്കുന്നു. എസ് ജാനകി തിരികെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ സുഹൃത്തായ അരുണ അടുത്തെത്തി. ജാനകിയമ്മയുടെ സന്തതസഹചാരിയാണ് അരുണ. പാട്ടുപാടാൻ അരുണ ജാനകിയെ സഹായിക്കാം എന്ന് പറഞ്ഞു.
അരുണയുടെ നിർബന്ധപ്രകാരം ജാനകി സ്‌റ്റുഡിയോയിൽ എത്തി.സ്‌റ്റുഡിയോയിൽ എസ് ജാനകി കൺസോളിന് അടുത്തുള്ള ഒരു സോഫയിൽ കിടന്നു കൊണ്ടാണ് പാട്ട് പഠിക്കുന്നത്. പാട്ട് പഠിച്ചശേഷം അരുണയുടെ സഹായത്തോടുകൂടിയാണ് റെക്കോർഡിങ് റൂമിലേക്ക് എസ് ജാനകി കയറുന്നതും. ഒന്നോ രണ്ടോ ടേക്കുകളിൽ ഗാനമാലപിക്കുന്നതും. രവി മേനോന്‍ പറഞ്ഞു.