സിനിമയെ കുറിച്ച് വലിയ രീതിയില്‍ സ്വപ്‌നം കാണാന്‍ തങ്ങളെ പ്രേരിപ്പിച്ചത് പൃഥ്വിരാജാണെന്ന് നടന്‍ ടൊവിനോ. അദ്ദേഹത്തില്‍ നിന്നാണ് തങ്ങള്‍ക്ക് അത്തരമൊരു മോട്ടിവേഷന്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'അജയന്‍റെ രണ്ടാം മോഷണം' തിയേറ്ററില്‍ റിലീസാവുന്നതിന് മുന്‍പ് പൃഥ്വിരാജിനെ കാണിക്കണമെന്നുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞ് പൃഥ്വിരാജിന് മെസേജ് അയച്ചിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ടൊവിനോയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ 'അജയന്‍റെ രണ്ടാം മോഷണം' ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്‌തത്. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാന്‍റസി ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി ടൊവിനോ തോമസ് കളരി അഭ്യസിച്ചിരുന്നു. ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.
മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ടൊവിനോയ്‌ക്ക്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്. തെലുഗു സിമികളിലൂടെ പ്രശസ്‌തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമന്‍, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.