നാളേറെയായി പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം' (എആര്‍എം). ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കേറ്റാണ് 'അജയന്‍റെ രണ്ടാം മോഷണ'ത്തിന് ലഭിച്ചിരിക്കുന്നത്. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
'ഞങ്ങളുടെ ആക്ഷൻ വിരുന്നിനൊപ്പം ഒരു ഇതിഹാസ സവാരിക്ക് തയ്യാറാകൂ, 'അജയന്‍റെ രണ്ടാം മോഷണ'ത്തിന് യു/എ സെര്‍ട്ടിഫിക്കേറ്റ്. 2024 സെപ്‌റ്റംബര്‍ 12ന് ചിത്രം തിയേറ്ററുകളല്‍ എത്തും.' -ഇപ്രകാരമാണ് ടൊവിനോ ഫേസ്‌ബുക്കില്‍ കുറിച്ചത്.
ഓണം റിലീസായി സെപ്‌റ്റംബര്‍ 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 3 ഡിയിലും 2ഡിയിലുമായാണ് ചിത്രം റിലീസ് ചെയ്യുക. നവാഗതനായ ജിതിന്‍ ലാല്‍ ആണ് സിനിമയുടെ സംവിധാനം. 'കൽക്കി', 'എന്ന് നിന്‍റെ മൊയ്‌തീന്‍', 'ഗോദ', 'കുഞ്ഞിരാമായണം' എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായ ജിതിൻ ലാലിന്‍റെ ആദ്യ സംവിധാന സംരഭം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'.
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്‍റര്‍ടെയിനറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയ്‌ക്ക് മറ്റൊരു ദൃശ്യവിസ്‌മയമാകും 'അജയന്‍റെ രണ്ടാം മോഷണം' എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ട്രെയിലറും മറ്റും നല്‍കുന്ന സൂചന.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാന്‍റസി ചിത്രം കൂടിയാണിത്. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി ടൊവിനോ തോമസ് കളരി അഭ്യസിച്ചിരുന്നു. സംഘട്ടന രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.
ട്രിപ്പിള്‍ റോളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. ട്രിപ്പിള്‍ റോളില്‍ അതിഗംഭീര ഗെറ്റപ്പില്‍ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്‌ചവയ്‌ക്കുന്നത്. ഇതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്‌തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്. 118 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ബേസിൽ ജോസഫ്, അജു വര്‍ഗീസ്, ജഗദീഷ്, സന്തോഷ് കീഴാറ്റൂർ, രോഹിണി, കബീർ സിംഗ് ദുഹാൻ, സഞ്ജു ശിവറാം, ശിവജിത്ത്, നിസ്‌താര്‍ സേഠ്, പ്രമോദ് ഷെട്ടി, ഹരീഷ് ഉത്തമന്‍, ശിവരാജ്, സുധീഷ് തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സുജിത് നമ്പ്യാരാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനു മൻജിത്തിന്‍റെ ഗാനരചനയില്‍ ദീപു നൈനാന്‍ തോമസാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ദീപു പ്രദീപാണ് അഡിഷണല്‍ സ്‌ക്രീന്‍പ്ലേ നിര്‍വഹിച്ചിരിക്കുന്നത്. സ്‌റ്റണ്ട് - ഫീനിക്‌സ് പ്രഭു, വിക്രം മോർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, പിആർ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
Also Read: 'കള്ളനാണോ പൊലീസാണോ ആദ്യം ഉണ്ടായത്?', ട്രിപ്പിള്‍ റോളില്‍ ഞെട്ടിച്ച് ടൊവിനോ; ദൃശ്യവിസ്‌മയം തീര്‍ത്ത് അജയന്‍റെ രണ്ടാം മോഷണം ട്രെയിലര്‍ - Ajayante Randam Moshanam trailer