തിരുവനന്തപുരം:സിനിമയിലെ 100 കോടി, 200 കോടി, 1000 കോടി കളക്ഷനുകളെ കുറിച്ച് തനിക്ക് ധാരണയില്ലെന്ന് എറണാകുളം ഷേണോയിസ്, പത്മ തിയേറ്ററുകളുടെ ഉടമസ്ഥനും തിയേറ്റർ ഓണർ അസോസിയേഷൻ (ഫിയോക്ക്) മെമ്പറുമായ സുരേഷ് ഷേണായി. ഇത്തരം കളക്ഷനുകൾ പൊതുവേ പടച്ചുവിട്ടുകൊണ്ടിരുന്നത് ഫാൻസ് അസോസിയേഷനുകൾ ആയിരുന്നു. നൂറുകോടിയും ആയിരം കോടിയും ഒക്കെ കളക്ഷൻ എന്നത് സിനിമയുടെ മൊത്തത്തിലുള്ള ഗ്രോസ് ബിസിനസാണ് സൂചിപ്പിക്കുന്നത്.
എങ്കിലും ഒഫിഷ്യലായി പോസ്റ്റ് ചെയ്യുന്ന പല സിനിമകളുടെയും നൂറുകോടി എന്നതിന് പിന്നിലെ യഥാർഥ വസ്‌തുത എന്താണെന്ന് തിരിച്ചറിയണമെങ്കിൽ അവർ തന്നെ ഇതേപ്പറ്റി വെളിപ്പെടുത്തേണ്ടിവരും. അല്ലാതെ ഇത്തരം കളക്ഷനുകളെ കുറിച്ച് പാരമ്പര്യമായി ഷോ ബിസിനസ് ചെയ്യുന്ന എനിക്ക് അടക്കം ധാരണയില്ല. ഇത്തരം കളക്ഷൻ പെരിപ്പിച്ചു കാണിക്കുന്ന സമ്പ്രദായം സൗത്ത് ഇന്ത്യയിൽ വളരെ കുറവാണ്.
നോർത്ത് ഇന്ത്യൻ സിനിമകളിലാണ് ആദ്യ ദിനത്തിൽ തന്നെ നൂറുകോടി എന്നൊക്കെ എഴുതിവിടുന്നത്. ബോളിവുഡിൽ ഒരു ചിത്രം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത്തരം കളക്ഷൻ പെരുപ്പിക്കൽ നടത്തിയിട്ടില്ലെങ്കിൽ ആ സിനിമ പരാജയപ്പെട്ടു എന്നതാണ് അവിടെയുള്ള സംസാരം.
പ്രേക്ഷകൻ 100 രൂപ കൊടുത്ത് ഒരു ടിക്കറ്റ് എടുക്കുമ്പോൾ അതിൽ 30 രൂപ സർക്കാരിന്‍റെ ടാക്‌സാണ്. ബാക്കി തുകയുടെ 50% നിർമാതാവിനും 50% തിയേറ്ററിനും എന്നുള്ളതാണ് കണക്ക്. പുതുമുഖങ്ങളുടെ ചിത്രങ്ങൾക്ക് തിയേറ്റർ സപ്പോർട്ട് കുറവാണ് എന്നുള്ള ആരോപണങ്ങളോട് യോജിക്കാൻ ആകില്ല.
ഇവിടെയുള്ള പല താരങ്ങളും പുതുമുഖങ്ങളായിട്ട് തന്നെയാണ് സിനിമയിലേക്ക് കടന്നു വന്നിട്ടുള്ളത്. നല്ല ചിത്രങ്ങൾ ആണെങ്കിൽ ഇപ്പോഴും മിക്ക തിയേറ്ററുകളും പരമാവധി സിനിമയെ ഹോൾഡ് ഓവർ ആയാലും സപ്പോർട്ട് ചെയ്യാൻ ശ്രമിക്കും. 350 സ്‌ക്രീനുകൾ ഉള്ള കേരളത്തിൽ ഒരു സിനിമ ഹോൾഡ് ഓവർ ആകാൻ 10 ദിവസം പോലും വേണ്ട.
എങ്കിലും പൊട്ടൻഷ്യൽ ഉള്ള, നല്ല കഥാമൂല്യമുള്ള സിനിമയാണെങ്കിൽ തിയേറ്റർ ഓണേഴ്‌സ് സിനിമയെ പരമാവധി സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നെ സംബന്ധിച്ചിടത്തോളം 100% സിനിമകൾക്ക് അത്തരം ഒരു സപ്പോർട്ട് നൽകുക തന്നെ ചെയ്യും. സിനിമകൾ 100 ദിവസം ഓടുന്ന സംസ്‌കാരം അവസാനിച്ചു. ഇനി ഒരിക്കലും ഒരു സിനിമയും 100 ദിവസം തിയേറ്ററുകളിൽ ഓടും എന്ന് തോന്നുന്നില്ല.
40 സെന്‍ററുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ പിന്നീട് 70 സെന്‍ററുകളും കാലക്രമത്തിൽ ബി, സി സെന്‍ററുകൾ റിലീസിങ് സെന്‍ററുകളുമായതോടുകൂടി മുന്നൂറിൽ അധികം റിലീസിങ് കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. നാൽപതും എഴുപതും സെന്‍ററുകൾ ഉള്ള കാലത്ത് സിനിമകൾ 50ഉം 100ഉം ദിവസം ഓടുന്നത് സർവസാധാരണമാണ്.