കേരളം

kerala

ETV Bharat / entertainment

റൈഫിൾ ക്ലബ് തീ പാറും, അങ്കത്തട്ടിൽ മാണിക്യം; വിശേഷങ്ങള്‍ പങ്കുവച്ച് സുരഭി ലക്ഷ്‌മി - Surabhi Lakshmi Interview - SURABHI LAKSHMI INTERVIEW

മാണിക്യത്തിന്‍റെ കഥാപാത്രം സുരഭി ലക്ഷ്‌മി എന്ന അഭിനേത്രിയിൽ ഭദ്രമായിരിക്കുമെന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നു. സംവിധായകന്‍റെ ഈ വിശ്വാസങ്ങളെ സംരക്ഷിക്കുക എന്നത് അഭിനയ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നുവെന്ന് സുരഭി.

SURABHI LAKSHMI  റൈഫിൾ ക്ലബ്  മാണിക്യം  സുരഭി ലക്ഷ്‌മി
Surabhi Lakshmi (ETV Bharat)

By ETV Bharat Entertainment Team

Published : Oct 7, 2024, 3:33 PM IST

ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ഓണം റിലീസായെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞ ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചത്.

ടൊവിനോയ്‌ക്ക് മൂന്ന് നായികമാരാണ് ചിത്രത്തില്‍. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തിയത്. ഇവരില്‍ മാണിക്യം എന്ന കഥാപാത്രത്തെയാണ് സുരഭി ലക്ഷ്‌മി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രയാണ് മാണിക്യത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

ARM (ETV Bharat)

നാടക മേഖലയിൽ നിന്നും മലയാളത്തിന് പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി കോഴിക്കോടിന്‍റെ മണ്ണിൽ നിന്നും നടന്നു കയറിയ അഭിനേത്രിയാണ് സുരഭി ലക്ഷ്‌മി. മണിയന്‍റെ മാണിക്യമായി കഥാപാത്രത്തെ ജീവസുറ്റതാക്കി മാറ്റിയ സുരഭി ലക്ഷ്‌മി തന്‍റെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചു.

നാടക മേഖലയാണ് സുരഭിയുടെ അഭിനയ ജീവിതത്തിന് അടിസ്ഥാനം. അഭിനയ മേഖല കൂടുതൽ സ്വായത്തമാക്കാൻ സുരഭി ലക്ഷ്‌മിക്ക് നാടകങ്ങൾ മുതല്‍ക്കൂട്ടായി. സിനിമകളിലെ ഏതെങ്കിലുമൊരു കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ പോന്നൊരാൾ എന്ന നിലയിൽ നിന്നും, തനിക്ക് വേണ്ടി സംവിധായകരും തിരക്കഥാകൃത്തുക്കളും മികച്ച കഥാപാത്രങ്ങളെ സൃഷ്‌ടിക്കാൻ ആരംഭിച്ചതിൽ സന്തോഷവതിയാണെന്ന് സുരഭി ലക്ഷ്‌മി.

ദേശീയ പുരസ്‌കാര ലബ്‌ധിക്ക് ശേഷം ഇടവേളകള്‍ ഇല്ലാതെ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നാണ് സുരഭി ലക്ഷ്‌മി പറയുന്നത്. സംവിധായകര്‍ക്ക് തന്നിലുള്ള വ്യത്യാസം ബോധ്യമായെന്നും നടി പറഞ്ഞു.

"മിന്നാമിനുങ്ങ് എന്ന സിനിമയിലെ പ്രകടനത്തിനാണ് 2016ലെ ദേശീയ പുരസ്‌കാരം തേടി എത്തുന്നത്. ദേശീയ പുരസ്‌കാര ലബ്‌ധിക്ക് ശേഷം ഇടവേളകളില്ലാതെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഒരു കഥാപാത്രത്തെ വിശ്വാസപൂർവ്വം എന്നെ ഏൽപ്പിച്ചാൽ മികച്ച പ്രകടനം ലഭിക്കുമെന്ന വിശ്വാസം സംവിധായകർക്ക് ബോധ്യമായെന്ന് തോന്നുന്നു.

നിർമ്മൽ സഹദേവ് സംവിധാനം ചെയ്‌ത കുമാരി എന്ന ചിത്രത്തിലെ വേഷം അപ്രകാരം തന്നെ തേടിയെത്തിയതാണ്. ഞാന്‍ ആ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കിൽ മികച്ചതാകും എന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്.

സമാന രീതിയിൽ തന്നെയാണ് ജിതിൻലാലും എആർഎമ്മിലെ കഥാപാത്രത്തെ പറ്റി എന്നോട് സംസാരിക്കുന്നത്. മാണിക്യത്തിന്‍റെ കഥാപാത്രം സുരഭി എന്ന അഭിനേത്രിയിൽ ഭദ്രമായിരിക്കും. സംവിധായകന്‍റെ അത്തരം വിശ്വാസങ്ങളെ സംരക്ഷിക്കുക എന്നത് അഭിനയ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു."-സുരഭി ലക്ഷ്‌മി പറഞ്ഞു.

മാണിക്യം (ETV Bharat)

പ്രിയദർശൻ സംവിധാനം ചെയ്‌ത 'ഓളവും തീരവും' എന്ന സെഗ്‌മെന്‍റിലെ കഥാപാത്രവും സുരഭി ലക്ഷ്‌മി ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും എന്ന പ്രിയദർശൻ സാറിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് ആ അവസരം തന്നെ തേടി എത്തിയതെന്നും സുരഭി ലക്ഷ്‌മി പ്രതികരിച്ചു.

ഒടിവിദ്യയും കളരി മുറകളും സ്വായത്തമാക്കിയ 'അജയന്‍റെ രണ്ടാം മോഷണ'ത്തിലെ മാണിക്യം എന്ന കഥാപാത്രം ജനഹൃദയത്തോട് ചേർന്ന് നില്‍ക്കുന്നതായും സുരഭി പറയുന്നു. മാണിക്യത്തെ പലരീതിയല്‍ വരച്ച കലാകാരന്‍മാര്‍ക്ക് നന്ദി പറയാനും നടി മറന്നില്ല.

മാണിക്യം (ETV Bharat)

"കേരളത്തിൽ ഇത്രയധികം വരയ്ക്കാൻ കഴിവുള്ള കലാകാരന്‍മാര്‍ ഉണ്ടെന്ന് ഇപ്പോഴാണ് ബോധ്യമാകുന്നത്. സോഷ്യൽ മീഡിയയിൽ മാണിക്യത്തിന്‍റെയും മണിയന്‍റെയും ഡ്രോയിംഗുകളുടെ അതിപ്രസരമാണ്. ഒരു ദിവസം തന്നെ പെൻസിൽ കൊണ്ടും വാട്ടർ കളർ കൊണ്ടും ഡിജിറ്റൽ വരകളായും മാണിക്യം തന്‍റെ ഫോണിൽ എത്തിച്ചേരുന്നുണ്ട്. ഏത് ഭാഷയിലാണ് ഇത്തരം സ്വീകാര്യതയ്ക്കും സ്നേഹത്തിനും നന്ദി പറയേണ്ടത്"-സുരഭി ലക്ഷ്‌മി പറഞ്ഞു.

മാണിക്യം എന്ന കഥാപാത്രത്തെ കുറിച്ചും സുരഭി ലക്ഷ്‌മി മനസ്സുതുറന്നു. മാണിക്യം അഭ്യാസിയാണെങ്കിലും സിനിമയിൽ കഥാപാത്രത്തിന് ശാരീരിക അധ്വാനം ചെയ്യേണ്ട രംഗങ്ങൾ ഒന്നുമില്ലെന്നാണ് താരം പറയുന്നത്. തന്നെ തേടിയെത്തുന്നത് ഏതുതരം കഥാപാത്രമായാലും കൃത്യമായ മുന്നൊരുക്കങ്ങളോടു കൂടിയാണ് ഉൾക്കൊള്ളുന്നതെന്നും സുരഭി ലക്ഷ്‌മി വ്യക്തമാക്കി.

"അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയുടെ തിരക്കഥ പൂർണ്ണമായും മനസ്സിലാക്കിയ ശേഷമാണ് മാണിക്യത്തെ ആവാഹിക്കുന്നത്. ടോവിനോ അവതരിപ്പിക്കുന്ന മണിയന്‍റെ കഥാപാത്രത്തിന്‍റെ ആരാധന പാത്രം കൂടിയാണ് മാണിക്യം. മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും മാണിക്യത്തെ കുറിച്ച് കൂടുതൽ ധാരണ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാണിക്യത്തെ ഉൾക്കൊള്ളാൻ തിരക്കഥ പൂർണ്ണമായും മനസ്സിലാക്കേണ്ടിയിരുന്നു."-സുരഭി ലക്ഷ്‌മി കൂട്ടിച്ചേര്‍ത്തു.

റൈഫിൾ ക്ലബ് ആണ് റിലീസിനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ പ്രതീക്ഷ ഉള്ളതെന്നും താരം പ്രതികരിച്ചു. തോക്കും പിടിച്ച് നിൽക്കുന്ന തന്‍റെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഒരു റൈഫിൾ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം.

Surabhi Lakshmi (ETV Bharat)

മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വളരെ വ്യത്യസ്‌തതയും പുതുമയും ഈ ചിത്രത്തിന് ഉണ്ടാകുമെന്നും സുരഭി അറിയിച്ചു. റൈഫിൾ ക്ലബിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളും സുരഭി ലക്ഷ്‌മി പങ്കുവച്ചു. താൻ ഇതുവരെ ചെയ്‌തിട്ടുള്ളതിൽ ഏറ്റവും വ്യത്യസ്‌തമായ കഥാപാത്രമാണ് റൈഫിൽ ക്ലബ്ബിലേതെന്ന് സുരഭി പറഞ്ഞു.

"കഥാപാത്രത്തിന് വേണ്ടി പല ശീലങ്ങളും പുതുതായി പഠിക്കേണ്ടി വന്നു. റൈഫിൾ ക്ലബ്ബിലെ തന്‍റെ കഥാപാത്രത്തിന്‍റെ സ്വഭാവം സുരഭി ലക്ഷ്‌മി എന്ന വ്യക്‌തിയുടെ സ്വഭാവ ഗുണങ്ങളുമായി സാമ്യം ഉള്ളതാണ്. പക്ഷേ കഥാപാത്രത്തിന്‍റെ ചില ശീലങ്ങൾ തന്‍റെ വ്യക്‌തി ജീവിതത്തിന് അന്യം. അത്തരം ശീലങ്ങൾ വളരെ കഷ്‌ടപ്പെട്ട് പഠിച്ചെടുത്തതാണ്.

കഥാപാത്രത്തെ കൂടുതൽ കൺവിൻസിംഗ് ആക്കുവാൻ വേണ്ടിയായിരുന്നു അത്തരം ചില ശീലങ്ങൾ കഷ്‌ടപ്പെട്ട് ഉൾക്കൊണ്ടത്. ആ ശീലങ്ങൾ ഏതൊക്കെയെന്ന് സിനിമ കാണുമ്പോൾ പ്രേക്ഷകന് ബോധ്യമാകും. അടിമുടി വ്യത്യസ്‌തമായ കഥാപാത്രമാണ് ചിത്രത്തിൽ എനിക്ക്." -സുരഭി ലക്ഷ്‌മി കൂട്ടിച്ചേര്‍ത്തു.

ഓരോ സിനിമയുടെ സെറ്റും പുതിയ അനുഭവങ്ങളും പാഠങ്ങളുമാണെന്ന് സുരഭി. ഒരു വ്യക്‌തിയില്‍ നിന്നും അഭിനയം പഠിച്ച്, മറ്റൊരു വ്യക്‌തിയിൽ നിന്നും സംവിധാനത്തിന്‍റെ പിന്നാമ്പുറ കാര്യങ്ങൾ മനസ്സിലാക്കിയെന്ന് കൃത്യമായി പറയാനാകില്ല. സിനിമ മേഖലയിൽ നിന്ന് ലഭിച്ചിട്ടുള്ള ലേർണിംഗ് പ്രോസസുകളെല്ലാം വർഷങ്ങളുടെ എക്‌സ്‌പീരിയൻസ് കൊണ്ട് നേടിയെടുത്തതാണെന്നും സുരഭി വ്യക്തമാക്കി.

Also Read: 'ഈ കാഴ്‌ച ഹൃദയത്തിൽ മുറിവേൽപ്പിക്കുന്നു'; ചായ കുടിച്ച് ട്രെയിനിൽ ഇരുന്ന് എആർഎം കാണുന്ന യാത്രകന്‍ - ARM leaked in internet

ABOUT THE AUTHOR

...view details