കേരളം

kerala

ETV Bharat / entertainment

ഉദ്യോഗസ്ഥര്‍ തനിക്കെതിരെ പുതിയ കഥകള്‍ മെനയുന്നുവെന്ന് സിദ്ദിഖ്; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ആരോപണവുമായി സിദ്ദിഖ്.

Actor Siddique Interim Bail  Siddique In Rape Case  സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം നീട്ടി  സിദ്ദിഖ് ബലാത്സംഗക്കേസ്
സിദ്ദിഖ് (ETV Bharat)

By ETV Bharat Entertainment Team

Published : Nov 12, 2024, 12:20 PM IST

കൊച്ചി:യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്‍റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു. കോടതി ഒരാഴ്‌ചകൂടി ജാമ്യം അനുവദിച്ചു. ഇത് മൂന്നാം തവണയാണ് കോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കുന്നത്.

സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച വാദം കേള്‍ക്കും. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്‌ഐടിയോട് സുപ്രീം കോടതി ചോദിച്ചിരുന്നു. തുടർന്നാണ് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിന്‍റെ അഭിഭാഷകന്‍ പരാതിക്കാരിയെ തിയേറ്ററിൽ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്ന് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നുവെന്നാണ് സിദ്ദിഖിന്‍റെ പുതിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് എസ്‌ഐടി തനിക്കെതിരെ ഉന്നയിക്കുന്നതെന്നും കേസിനെ സെന്‍സേഷണലൈസ് ചെയ്യാനാണ് എസ്‌ഐടിയുടെ ശ്രമമെന്നുമാണ് സിദ്ദിഖിന്‍റെ വാദം. അതേസമയം താന്‍ ഉന്നതനായ വ്യക്തിയല്ലെന്നും സിദ്ദിഖിന്‍റെ സത്യവാങ് മൂലത്തിലത്തില്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരാതി വൈകിയതിന് വ്യക്തമായ വിശദീകരണം പരാതിക്കാരി നല്‍കിയിട്ടില്ല. ഡബ്ല്യു സിസിയില്‍ അംഗമായിരുന്നിട്ടും ഹേമ കമ്മിറ്റി മുന്‍പാകെ അവര്‍ പരാതി ഉന്നയിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ കമ്മിറ്റി തന്നെ വിളിപ്പിക്കുമായിരുന്നു. നേരത്തെ ഫേസ് ബുക്കില്‍ ഉന്നയിച്ച പരാതിയും ഇപ്പോഴത്തെ പരാതിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള മുപ്പത് കേസുകളില്‍ തനിക്ക് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടത്. സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചവരുണ്ട്. അവര്‍ക്കെതിരെയൊന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടില്ല.

ഇടക്കാല ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ച ഉപാധികള്‍ പാലിക്കുന്നുണ്ട്. സംഭവം നടന്നതായി പറയുന്ന എട്ടരവര്‍ഷം മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ ഇപ്പോള്‍ കൈവശമില്ല. 2016 ലോ അതിന് ശേഷമോ ഉപയോഗിച്ചിരുന്ന ഫോണ്‍ അതിജീവിതയും ഹാജരാക്കിയിട്ടില്ല. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയശേഷവും മുങ്ങിയെന്ന ആരോപണവും സിദ്ദിഖ് തള്ളി. സിനിമയുടെ ചിത്രീകരണത്തിലായിരുന്നുവെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം ചോദ്യ ചെയ്യാനായി തന്നെ വിളിപ്പിച്ചിട്ടില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

പീഡനത്തിനിരയായ ശേഷം പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ രണ്ട് തവണയും സുപ്രീംകോടതി സര്‍ക്കാരിനോട് ആവര്‍ത്തിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വ്യത്യസ്‌ത സമയത്ത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇക്കാര്യം അതിജീവിത വെളിപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതെന്നാണ് അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അതിജീവിതയ്ക്ക് പരാതി നല്‍കാന്‍ ധൈര്യം വന്നത്.

ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.

Also Read:സിദ്ദിഖിന് ഇടക്കാല ജാമ്യം തുടരും; അതിജീവിത പരാതി നല്‍കാന്‍ എട്ടുവര്‍ഷം വൈകിയത് എന്തിനെന്ന് സുപ്രീം കോടതി

ABOUT THE AUTHOR

...view details