ജാൻ - എ - മൻ സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇനി വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന സിനിമകളില്‍ ഒന്ന് കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 22 മുതലാകും 'മഞ്ഞുമ്മൽ ബോയ്‌സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക (Manjummel Boys movie to release on 22nd February 2024).
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സലീം കുമാറിന്‍റെ മകൻ ചന്തു സലീം കുമാറും ഈ സിനിമയിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. ചന്തു സലീം കുമാറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച ഈ സിനിമ പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് നിർമാണം. യഥാർഥ സംഭവത്തെ ആസ്‌പദമാക്കി, ഒരു സർവൈവൽ ത്രില്ലറായാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' അണിയിച്ചൊരുക്കിയിരിക്കുന്നത്.
കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ദുരൂഹതകൾ നിറച്ചെത്തിയ ട്രെയിലർ പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിരുന്നു.