പിറന്നാള്‍ നിറവില്‍ മലയാളത്തിന്‍റെ സ്വന്തം ഗാനഗന്ധർവ്വൻ കെജെ യേശുദാസ്. യേശുദാസിന് ഇന്ന് 85-ാം പിറന്നാൾ. മലയാളിയുടെ ഗൃഹാതുര ഓർമ്മകൾക്ക് സംഗീതത്തിന്‍റെ ചായം പൂശിയ ചക്രവാളങ്ങൾ സൃഷ്‌ടിച്ചു തന്ന ഗാനഗന്ധർവന്‍റെ ശബ്‌ദത്തിന് 85-ാം വയസ്സിലും പതർച്ചയില്ല.
1961ൽ 'കാൽപ്പാടുകൾ' എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ടാണ് യേശുദാസ് മലയാളം സിനിമയില്‍ പിന്നണി ഗാന ലോകത്ത് സജീവമാകുന്നത്. ചെന്നൈ ഭരണി സ്‌റ്റുഡിയോയിലാണ് അദ്ദേഹത്തിന്‍റെ ആദ്യ സ്വരം റെക്കോർഡ് ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ യേശുദാസിന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യനും ഗായകനുമായ സുദീപ് കുമാർ നിത്യഹരിത രാഗത്തിന്‍റെ ഓർമ്മകൾ ഇടിവി ഭാരതുമായി പങ്കുവെക്കുകയാണ്. എല്ലാ പിറന്നാളിനും സുദീപ് കുമാർ യേശുദാസിന് മുടങ്ങാതെ പിറന്നാളാശംസകൾ നേരാറുണ്ട്. യേശുദാസ് പാടിയ ഒറ്റക്കമ്പി നാദം എന്ന ഗാനം സുദീപ് കുമാറിനെ സംബന്ധിച്ചിടത്തോളം ജീവിത മന്ത്രമാണ്.
യേശുദാസിന്‍റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് താനെന്ന് സുദീപ് കുമാര്‍ പറയുന്നു. യേശുദാസിനെ കുട്ടിക്കാലം മുതൽ ആരാധിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ ഗുരു സ്ഥാനീയനായി കണക്കാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
"ദാസേട്ടന്‍റെ ശിഷ്യൻ ആവുക എന്നത് ഇവിടെ ജനിച്ച ഏതൊരു സംഗീതജ്ഞന്‍റെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ്. സംഗീത ലോകത്തേയ്‌ക്ക് പിച്ചവയ്ക്കുമ്പോൾ ഉള്ളു നിറയെ ദാസേട്ടന്‍റെ ശബ്‌ദം മാത്രമായിരുന്നു. ദൂരെ നിന്ന് എപ്പോഴെങ്കിലും ഒന്നു കാണണം.. അത്ര മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. സംസാരിക്കണമെന്ന് കൂടി ആഗ്രഹിച്ചാൽ അതിനെ അതിമോഹം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പക്ഷേ അദ്ദേഹവുമായി അടുത്ത് ഇടപഴകാനും അദ്ദേഹത്തിന് ശിഷ്യപ്പെടാനും പിൽക്കാലത്ത് ഭാഗ്യം ലഭിച്ചു," സുദീപ് കുമാര്‍ പറഞ്ഞു.
യേശുദാസിനെയും അദ്ദേഹത്തിന്‍റെ ഗാനങ്ങളെയും നിരീക്ഷിച്ചാണ് സംഗീതത്തിന്‍റെ വലിയ ലോകത്തെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുന്നതെന്നും സുദീപ് കുമാർ പറഞ്ഞു.
"സംഗീത പരിപാടികളിൽ പങ്കെടുക്കുമ്പോൾ സിനിമകളിൽ ഞാൻ പാടിയ പാട്ടുകളെക്കാൾ കൂടുതൽ ദാസേട്ടന്‍റെ പാട്ടുകളാണ് പാടാൻ ശ്രമിക്കുക. ഒരു പരിപാടി തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദാസേട്ടൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ തന്നെയാകും ഞാൻ തിരഞ്ഞെടുത്തിട്ടുണ്ടാവുക. ദാസേട്ടൻ അന്യ ഭാഷയിൽ പാടിയ പാട്ടുകളുടെ രീതിയും ശൈലിയും ഒക്കെ സസൂക്ഷ്‌മം വീക്ഷിച്ച് സ്വായത്തമാക്കുക എന്‍റെ ഒരു ശീലമാണ്," സുദീപ് കുമാർ പറയുന്നു.
പണ്ടൊക്കെ റെക്കോർഡിംഗ് സ്‌റ്റുഡിയോയിൽ പോകുമ്പോൾ സ്ഥിരമായി ദാസേട്ടനെ കാണുമായിരുവെന്നും എന്നാല്‍ അടുത്ത് ചെന്ന് സംസാരിക്കാൻ ഭയമാണെന്നും സുദീപ് പറഞ്ഞു.
"അടുത്ത് ചെന്ന് സംസാരിക്കാൻ ഭയമാണെങ്കിലും ധൈര്യം സംഭരിച്ച് ചില സംശയങ്ങളൊക്കെ അദ്ദേഹത്തെ അടുത്തു കിട്ടുമ്പോൾ ആരായും. ഒരു കൊച്ചു കുട്ടിക്ക് ഒരു അധ്യാപകൻ സംശയങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് പോലെയാണ് ദാസേട്ടൻ എന്നോട് പെരുമാറിയിട്ടുള്ളത്. ദാസേട്ടൻ സംശയനിവാരണം നടത്തിയ കാര്യങ്ങളും പറഞ്ഞു തന്നിട്ടുള്ള പാഠങ്ങളും എന്‍റെ ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള കാര്യങ്ങളായാണ് കരുതുന്നത്," സുദീപ് കുമാർ വ്യക്‌തമാക്കി.
ഗുരുനാഥന്‍റെ ഗാനാലാപന ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "എല്ലാവരും പറയും സുദീപ് കുമാറിന്‍റെ ഗാനാലാപന ശൈലിക്ക് ദാസേട്ടന്‍റെ ഒരു ഛായ ഉണ്ടെന്ന്. അത് വാസ്‌തവമാണ്. ചിലരൊക്കെ അതിനെ കുറ്റപ്പെടുത്തി സംസാരിക്കും. എന്‍റെ ഗുരുനാഥന്‍റെ ഗാനാലാപന ശൈലി എന്നെ സ്വാധീനിച്ചിട്ടുണ്ട്," -സുദീപ് പറഞ്ഞു.
യേശുദാസുമായി നല്ലൊരു ബന്ധം സ്ഥാപിച്ച ശേഷം അദ്ദേഹത്തെ നിരന്തരം സന്ദർശിക്കാനുള്ള ഒരു സ്വാതന്ത്ര്യം തനിക്ക് ലഭിച്ചതായും സുദീപ് പറയുന്നു. യേശുദാസിൽ നിന്നും ലഭിച്ച വലിയ പ്രോത്സാഹനമാണ് സുദീപ് കുമാർ എന്ന ഗായകന്‍റെ സംഗീത ജീവിതം.
"ദാസേട്ടന്‍റെ ശൈലി അനുകരിക്കുന്നുവെന്ന് പറയുമ്പോഴും അങ്ങനെയൊരു ശൈലി തന്നിൽ ഉണ്ടായതിൽ അഭിമാനം കൊള്ളുന്ന ഒരു വ്യക്‌തിയാണ് ഞാൻ. ഗുരു സ്ഥാനത്ത് യേശുദാസിനെ പോലൊരു മഹാനുണ്ടെന്ന് പറയുന്നത് അതിലേറെ അഭിമാനവും. ഒരു പാട്ടു പാടുമ്പോൾ ഉച്ചാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരു ഗായകൻ തന്‍റെ ശബ്‌ദത്തെ എപ്രകാരം ഉപയോഗപ്പെടുത്തണം ഇങ്ങനെയുള്ള കാര്യങ്ങളാണ് യേശുദാസ് കൂടുതലും പറഞ്ഞുതരിക. അതും ചുരുങ്ങിയ വാക്കുകളിൽ. ദാസേട്ടൻ പാട്ടുകളെ കുറിച്ചുള്ള സംശയങ്ങൾ പറഞ്ഞുതരുന്ന രീതി ഇങ്ങനെയാണ്." സുദീപ് വ്യക്‌തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയതിനെ കുറിച്ചും സുദീപ് ഓര്‍ത്തെടുത്തു. "11 വർഷങ്ങൾക്ക് മുമ്പ് ഞാനും ഗായകൻ അഫ്‌സലും അമേരിക്കയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോവുകയുണ്ടായി. അന്ന് ന്യൂ ജേഴ്‌സിയിലെ ഒരു ഓഡിറ്റോറിയത്തിൽ ദാസേട്ടൻ അവതരിപ്പിക്കുന്ന ഒരു സംഗീത നിശയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ദാസേട്ടന്‍റെ പരിപാടികൾ നാട്ടിൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അമേരിക്കയിലെ പരിപാടി ആദ്യമായിട്ടായിരുന്നു," അദ്ദേഹം പറഞ്ഞു.
75-ാം വയസ്സിൽ അദ്ദേഹം ആ വേദിയിൽ യേശുദാസ് പാടിയ പാട്ടുകൾ അക്ഷരാർത്ഥത്തിൽ തങ്ങളെ പോലുള്ള ഗായകരെ ഞെട്ടിച്ചെന്നും സുദീപ് പറഞ്ഞു. "അദ്ദേഹത്തിന്‍റെ ശബ്‌ദ മാധുര്യത്തിൽ കാണികൾ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. നല്ല പ്രായത്തിൽ പോലും ഒരു ഗായകന് വേദിയിൽ പാടുമ്പോൾ ഒരു പക്ഷേ കൈവിട്ട് പോയേക്കാവുന്ന പിച്ചിലുള്ള ഗാനങ്ങൾ അനായാസമാണ് അദ്ദേഹം പാടിയത്. ഈ പ്രായത്തിലും എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു എന്ന് അത്‌ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്‍റെ ഹൈ പിച്ചിലുള്ള ഗാനാലാപനത്തിൽ എനിക്ക് സ്വയം നിയന്ത്രണം നഷ്‌ടപ്പെട്ടു.. നെഞ്ചിടിപ്പ് കൂടി.. ധാരധാരയായി കണ്ണീർ ഒഴുകിയിറങ്ങി," സുദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
യേശുദാസിന്‍റെ മുന്നില്‍ നിറകണ്ണുകളോടെ എത്തിയ കഥയും സുദീപ് വിശദീകരിച്ചു. "കാ കരൂൺ സജിനി ആയെ എന്ന ഹിന്ദി ഗാനം ആലപിച്ച് സ്‌റ്റേജിന്‍റെ പിന്നിലേക്ക് വരികയായിരുന്ന ദാസേട്ടന്‍റെ മുന്നിൽ നിറകണ്ണുകളോടെയാണ് ഞാൻ എത്തിയത്. എന്‍റെ ആനന്ദശ്രു കണ്ട് ദാസേട്ടൻ പുഞ്ചിരിച്ചു. എന്നെ ചേർത്തുപിടിച്ചു. ഞാന്‍ അറിയാതെ കരഞ്ഞു പോയി. എന്‍റെ കണ്ണുനീർ ദാസേട്ടന്‍റെ കുപ്പായത്തിലേക്ക് വീണു. എന്തിനാണ് ദാസേട്ടന്‍റെ പാട്ട് കേട്ട് കരഞ്ഞതെന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ ആത്‌മ നിർവൃതിയുടെ പാരമ്യത്തിൽ മനസ്സ് എത്തിയത് കൊണ്ടാകാം. എന്‍റെ തോളിൽ തട്ടിയ ശേഷം ദാസേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. നിങ്ങളെക്കൊണ്ടും പറ്റും.. സംഗീതം പഠിക്കണം.. സംഗീതം പഠിക്കണം.." സുദീപ് കുമാര്‍ പറഞ്ഞു.
സംഗീതത്തിന്‍റെ ഉറവ വറ്റാത്ത ജലാശയമാണ് ദാസേട്ടനെന്നും സുദീപ് പറഞ്ഞു. "ദാസേട്ടൻ പറയാറുണ്ട് സംഗീതം ആകുന്ന സാഗരത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന ഒരു കുട്ടിയാണെന്ന് താനെന്ന്. പക്ഷേ അദ്ദേഹം ആകുന്ന സംഗീത സാഗരത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന കുട്ടികളാണ് ഞാനടക്കമുള്ളവർ," സുദീപ് കുമാര്‍ പറഞ്ഞു. യേശുദാസിന് 85-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് വൈകാരിമായി സംസാരിച്ച് നിര്‍ത്തുകയായിരുന്നു സുധീര്‍ കുമാര്‍.