മുംബൈ: ജീവനക്കാർ ആഴ്‌ചയിൽ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് അഭിപ്രായപ്പെട്ട L&T ചെയർമാന്‍ എസ്‌എൻ സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദേശം വലിയ ചര്‍ച്ചയ്‌ക്കാണ് വഴിയൊരുക്കിയത്. ആവശ്യമെങ്കിൽ ഞായറാഴ്‌ച അവധി ഉപേക്ഷിച്ച് ജീവനക്കാര്‍ ജോലിക്ക് എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
"ഞായറാഴ്‌ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ കഴിയാത്തതില്‍ ഖേദിക്കുന്നു. അതിന് കഴിഞ്ഞാല്‍ ഞാന്‍ കൂടുതൽ സന്തോഷിക്കും. കാരണം, ഞായറാഴ്ചകളിൽ ഞാന്‍ ജോലി ചെയ്യുന്നുണ്ട്. എന്താണ് നിങ്ങൾ വീട്ടിലിരുന്ന് ചെയ്യുന്നത്. എത്രനേരം നിങ്ങളുടെ ഭാര്യയെ നിങ്ങൾ നോക്കിനിൽക്കും.
ഓഫീസിൽ വന്ന് ജോലി ആരംഭിക്കൂവെന്നായിരുന്നു"- എസ്‌എൻ സുബ്രഹ്മണ്യ പറഞ്ഞിരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ വിഷയത്തില്‍ സുബ്രഹ്മണ്യനെതിരെ തുറന്നടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാഡ്‌മിന്‍റൺ താരം ജ്വാല ഗുട്ട. L&T ചെയർമാന്‍റെ വാക്കുകള്‍ ഭയാനകവും നിരാശാജനകവുമാണെന്നാണ് ജ്വാല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
I mean…first of all why shouldn’t he stare at his wife…and why only on a Sunday!!!
— Gutta Jwala 💙 (@Guttajwala) January 10, 2025
its sad and sometimes unbelievable that such educated and people at highest positions of big organisations are not taking mental health and mental rest seriously…and making such misogynistic…
"ഒന്നാമതായി... എന്തുകൊണ്ടാണ് അദ്ദേഹം തന്‍റെ ഭാര്യയുടെ മുഖത്ത് നോക്കാത്തത്. എന്തുകൊണ്ട് ഞായറാഴ്ച മാത്രം!!!. വിദ്യാഭ്യാസമുള്ളവരും വലിയ സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിലുള്ളവരും മാനസികാരോഗ്യവും മാനസിക വിശ്രമവും ഗൗരവമായി എടുക്കുന്നില്ല... ഇത്തരം ആളുകള്‍ സ്‌ത്രീവിരുദ്ധ പ്രസ്‌താവനകൾ നടത്തുകയും സ്വയം തുറന്നുകാട്ടുകയും ചെയ്യുന്നത് സങ്കടകരവും ചിലപ്പോൾ അവിശ്വസനീയവുമാണ്!!. ഇതു നിരാശാജനകവും ഭയാനകവുമാണ്!!!!"- ജ്വാല വ്യക്തമാക്കി.
രാജ്യത്തെ മികച്ച സ്ഥലമാക്കണമെങ്കിൽ ജീവനക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് നേരത്തെ, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി പറഞ്ഞിരുന്നു. 'വര്‍ക്ക്-ലൈഫ് ബാലന്‍സ്' സങ്കല്‍പ്പവുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍ക്കാണ് ഇതു വഴിയൊരുക്കിയത്. തൊട്ടുപിന്നാലെയാണ് ജീവനക്കാര്‍ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന സുബ്രഹ്മണ്യന്‍റെ നിർദേശം.