'കിഷ്‌കിന്ധാ കാണ്ഡം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലി നായകനായ 'രേഖാചിത്രം' എന്ന സിനിമയ്ക്ക് വമ്പന്‍ വരവേല്‍പ്പ്. ഇന്നലെ (ജനുവരി 9 ) യാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യദിനത്തില്‍ തന്നെ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2.19 കോടി രൂപയാണ് ബോക്‌സ് ഓഫിസില്‍ ചിത്രം നേടിയതെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് പറയുന്നു.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി പ്രീസ്‌റ്റ്' എന്ന ചിത്രം ഒരുക്കിയ ജോഫിന്‍ ടി ചാക്കായുടെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് 'രേഖാചിത്രം'. 40 വര്‍ഷം മുന്‍പ് കുഴിച്ചിട്ട ഒരു മൃതദേഹം, ആ രഹസ്യങ്ങളുടെ ചുരളുഴിക്കാന്‍ നടത്തുന്ന യാത്രയാണ് ഈ ചിത്രം.
ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയുടെ കണക്ക് പ്രകാരം പ്രവൃത്തി ദിനമായ വ്യാഴാഴ്‌ച സിനിമയ്ക്ക് 79,000 ബുക്കിംഗുകളാണ് നടന്നത്. വലിയ തോതില്‍ പോസിറ്റീവ് റവ്യൂകള്‍ ലഭിക്കുന്നതിനാല്‍ തന്നെ ഈ വാരാന്ത്യത്തില്‍ ഇന്ത്യന്‍ കലക്ഷന്‍ 10 കോടി കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍
ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ'യും ടൊവിനോ തോമസിന്‍റെ 'ഐഡന്‍റിറ്റി'യുമാണ് തിയേറ്ററിലെ വലിയ റിലീസുകള്‍. എന്നാല്‍ അടുത്ത ദിവസങ്ങളിലെ ബോക്‌സ് ഓഫിസ് കലക്ഷന്‍ എടുത്താലും ആ ചിത്രങ്ങള്‍ക്ക് ഭീഷണിയാവാനുള്ള സാധ്യതയൊന്നുമില്ല. ശങ്കര്‍- രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചര്‍', അര്‍ജുന്‍ അശോകന്‍ അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'എന്ന് സ്വന്തം പുണ്യാളന്‍' എന്നിവയാണ് തിയേറ്ററിലെ ഇന്നത്തെ മറ്റു പ്രധാന റിലീസുകള്‍.
അനശ്വരയുടെ രേഖ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിന്‍റെ ഫ്ലാഷ്ബാക്ക് ഭാഗങ്ങള്‍ 1980 കളില്‍ നടക്കുന്നതാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നിരവധി പ്രകടനങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പഴുതുകളില്ലാത്ത ഇമോഷനല്‍ ക്രൈം ഡ്രാമയെന്നാണ് ചിത്രം കണ്ടവര്‍ വിശേഷിപ്പിച്ചത്. ഏവര്‍ക്കും പരിചിതമായ കഥകള്‍ക്കിടയില്‍ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഭാഗങ്ങള്‍ കണ്ടെത്തി പുതിയൊരു കഥ തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
അതേസമയം 2025 ലും മികച്ച സിനിമ തന്നെയാണ് ആസിഫ് അലി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഏവരുടെയും അഭിപ്രായം. പോലീസ് വേഷത്തില്‍ വീണ്ടും മികവ് തെളിയിച്ചിരിക്കുകയാണ് ആസിഫ് അലി. ഗംഭീര പ്രകടനമാണ് ചിത്രത്തിലേതെന്നാണ് കാണികള്‍ പറയുന്നത്. അനശ്വര രാജന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കഥയുടെ തീവ്രത അതേപോലെ പ്രേക്ഷകരില്‍ എത്തിക്കാന്‍ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നി ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ ഒരുക്കിയത്.
മനോജ് കെ ജയന്‍, ഭാമ, സിദ്ദിഖ്, ജഗദീഷ്,സായി കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം അപ്പു പ്രഭാകര്‍ ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവില്‍, സംഗീത സംവിധാനം മുജീബ് മജീദ്, ഓഡിയോഗ്രാഫി ജയദേവന്‍ ചാക്കടത്ത്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വി എഫ് എക്‌സ് മൈന്‍ഡ് സ്റ്റീന്‍ സ്‌റ്റുഡിയോസ്.