സ്വപ്‌നക്കൂടിലെ 'കറുപ്പിനഴക്', ഇമ്മിണി നല്ലൊരാൾ എന്ന ചിത്രത്തിലെ 'കോമളവല്ലി', നാട്ടുരാജാവിലെ 'നാട്ടുരാജാവേ' എന്നിങ്ങനെ രണ്ടായിരത്തിൽ മലയാളികൾ പാടി നടന്ന ഒരുപാട് ഹിറ്റ് ഗാനങ്ങളുടെ ശബ്‌ദമായ ശ്രീ രാജേഷ് വിജയ് ഒരു ഇടവേളക്കുശേഷം മാധ്യമങ്ങൾക്ക് മുന്നിൽ. തന്‍റെ ഏറ്റവും പുതിയ സംഗീത സംവിധാന സംരംഭമായ മായമ്മ എന്ന ചിത്രത്തിലെ പ്രമോഷന്‍റെ ഭാഗമായാണ് രാജേഷ് വിജയ് ഇടിവി ഭാരതിനോട് സംസാരിച്ചത്.
ചെറിയ പ്രായം മുതൽക്ക് തന്നെ ഒരു ഗായകനിലുപരി ഒരു മികച്ച പെർഫോമർ ആകണം എന്നുള്ളതായിരുന്നു മോഹം. ആയതിനാൽ സിംഗിംഗ് കരിയറിനോടൊപ്പം സംവിധാന മോഹവും ഒരുപോലെ കൊണ്ടുനടന്നു. ജയരാജ് സാറിന്‍റെ സംവിധാനത്തിൽ ജാസി പാട്ടൊരുക്കുന്ന ഹിന്ദി ചിത്രമായ ഭീഭത്സയിലാണ് ഗായകനായി തുടക്കം കുറിച്ചത്.
പ്രശസ്‌ത ഗായകൻ ഹരിഹരൻ പാടേണ്ടിയിരുന്ന തൻഹായി മേ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ട്രാക്ക് പാടാൻ ജാസി ഗിഫ്റ്റ് തന്നെ ക്ഷണിച്ചു. ഹിന്ദി ഗാനമായിരുന്നു അത്. ഗാനം പാടി വച്ചശേഷം സംവിധായകൻ അത് കേൾക്കാൻ ഇടവരുകയും. ഹരിഹരനെ കൊണ്ട് പഠിക്കാതെ തന്‍റെ ശബ്‌ദം തന്നെ പാട്ടിൽ ഉപയോഗിക്കുകയും ചെയ്‌തതാണ് വഴിത്തിരിവായത്. പിന്നീടങ്ങോട്ട് ഇരുപതോളം സൂപ്പർ ഹിറ്റ് ഗാനങ്ങൾ. റിയാലിറ്റി ഷോകളുടെ വരവോടെ ധാരാളം ഗായകർ മലയാളത്തിന് ലഭിച്ചു തുടങ്ങി. അതോടെ കിട്ടുന്ന അവസരങ്ങൾ കുറഞ്ഞോ എന്ന് സംശയം ഉള്ളിൽ ഉദിച്ചു. നേരെ ചെന്നൈയ്ക്ക് വണ്ടി കയറി. ഒരു സ്വതന്ത്ര സംഗീത സംവിധായകനാകണമെന്ന മോഹമായിരുന്നു ഉള്ളില്‍.