ശ്വേത മേനോൻ, ഗായത്രി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് 'ബദല്‍ ദി മാനിഫെസ്‌റ്റോ ' (Badal the manifesto). പൊളിറ്റിക്കൽ ത്രില്ലറായി അണിയിച്ചൊരുക്കിയ ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ 5 മുതൽ 'ബദല്‍ ദി മാനിഫെസ്‌റ്റോ' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ജോയ് മാത്യു, സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് മേനോൻ, അനീഷ് ജി മേനോൻ, അനൂപ് അരവിന്ദ്, ഐ എം വിജയൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീതു തോമസും ബദലിൽ ശ്രദ്ധേയമായ വേഷത്തിലുണ്ട്.
ആൾട്ടർനേറ്റ് സിനിമാസിന്‍റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വനമേഖലകളിൽ വളർന്നുവന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണമാണ് 'ബദൽ' വരച്ചുകാട്ടുന്നത്. ഒപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും എതിരെ ശക്തമായ ഒരു താക്കീത് കൂടിയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്.