മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്‌ടതാരം ഷറഫുദ്ദീൻ നായകനായി പുതിയ ചിത്രം വരുന്നു. 'പെറ്റ് ഡീറ്റെക്റ്റീവ്' എന്ന സിനിമയുമായാണ് താരം എത്തുന്നത്. പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ഏറെ കൗതുകം നിറഞ്ഞതും ഒപ്പം ആകാംക്ഷയേറ്റുന്നതുമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്.
സമ്പൂർണ മൃഗാധിപത്യം എന്ന ടാഗ്‌ലൈനുമായാണ് 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമ എത്തുന്നത്. നായകന്‍റെ വേഷത്തിൽ മാത്രമല്ല, നിർമാതാവിന്‍റെ റോളിലും ഷറഫുദ്ദീൻ തന്നെയാണ് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് താരം ഈ ചിത്രം നിർമിക്കുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന അനുപമ പരമേശ്വരൻ ആണ് 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയിൽ നായിക വേഷത്തിൽ എത്തുന്നത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്‌ണുവും സംയുക്തമായാണ് 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു.