മലയാളികളുടെ പ്രിയ താരം, തെന്നിന്ത്യയ്‌ക്കും സുപരിചിതയായ ഷംന കാസിം (പൂർണ) നായികയായി എത്തുന്ന ചിത്രമാണ് 'ഡെവിൾ' (Shamna Kasim, Mysskin and Vidharth starrer devil movie). സംവിധായകൻ മിഷ്‌കിൻ, വിധാർഥ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. നവാഗതനായ ജി ആർ ആദിത്യ സംവിധാനം ചെയ്യുന്ന 'ഡെവിൾ' നാളെ (ഫെബ്രുവരി 2) തിയേറ്ററുകളിൽ റിലീസിനെത്തും (Devil movie to release on February 02, 2024).
മിഷ്‌കിന്‍റെ സഹോദരൻ കൂടിയാണ് ഈ സിനിമയുടെ സംവിധായകനായ ജി ആർ ആദിത്യ. വ്യത്യസ്‌തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമാലോകത്ത് തന്‍റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്‌കിൻ. അഭിനയ രംഗത്തും സജീവമാണ് ഇദ്ദേഹം. മിഷ്‌കിന്‍റെ 'ഡെവിളി'ലെ വേറിട്ട പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ രാധാകൃഷ്‌ണൻ, എസ് ഹരി എന്നിവർ ചേർന്നാണ് 'ഡെവിൾ' സിനിമയുടെ നിർമാണം. പി ജ്ഞാനശേഖർ ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാവാണ്. നോക്‌സ് സ്റ്റുഡിയോസ് ആണ് 'ഡെവിൾ' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.