ഹൈദരാബാദ് :2024-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ഷാരൂഖ് ഖാനെന്ന് റിപ്പോർട്ട്. 2023-ൽ ബോളിവുഡില്‍ മൂന്ന് ഹിറ്റുകൾ സമ്മാനിച്ച ഷാരൂഖ് ഖാൻ, അമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ രജനീകാന്ത്, പ്രഭാസ്, ദളപതി വിജയ്, അല്ലു അർജുൻ എന്നിവരെ പിന്തള്ളിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 2024 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 അഭിനേതാക്കളിൽ അമിതാഭ് ബച്ചൻ ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ദേയം.
ഐഎംഡിബിയിൽ (IMDB) നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ഫോർബ്‌സാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഷാരൂഖ് ഖാൻ ഒരു ചിത്രത്തിന് 150 കോടി മുതൽ 250 കോടി രൂപ വരെ ഈടാക്കുന്നതായാണ് റിപ്പോർട്ടില്‍ പറയുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് തമിഴ് സൂപ്പർ സ്‌റ്റാർ രജനികാന്താണ്. 150 കോടി മുതൽ 210 കോടി രൂപ വരെയാണ് ഒരു ചിത്രത്തിന് അദ്ദേഹം ഈടാക്കുന്നത്. ദളപതി വിജയ് ആണ് മൂന്നാം സ്ഥാനത്ത്. ഒരു ചിത്രത്തിനായി 130 കോടി മുതൽ 200 കോടി രൂപ വരെ അദ്ദേഹം ഈടാക്കുമെന്ന് പറയപ്പെടുന്നു.
100 കോടി മുതൽ 200 കോടി രൂപ വരെ ഈടാക്കുന്ന പ്രഭാസാണ് പട്ടികയിൽ നാലാമതുള്ളത്. അഞ്ചാമതാണ് ആമിർ ഖാൻ. ഒരു സിനിമയ്ക്ക് 100 കോടി മുതൽ 175 കോടി രൂപ വരെ അദ്ദേഹം ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്.