എസ് എൻ സ്വാമി ഇടിവി ഭാരതിനോട് സാജൻ സംവിധാനം ചെയ്‌ത 'ചക്കരയുമ്മ' എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച എഴുത്തുകാരനാണ് എസ് എൻ സ്വാമി. മലയാളത്തിന്‍റെ ഹിറ്റ് തിരക്കഥാകൃത്ത് 72-ാം വയസിൽ സംവിധാന കുപ്പായമണിയാനുള്ള ഒരുക്കത്തിലാണ്. തന്‍റെ ഏറ്റവും പുതിയ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് എസ് എൻ സ്വാമി.
ത്രില്ലർ സിനിമകളുടെ തോഴൻ എന്ന് വിശേഷിപ്പിക്കുമെങ്കിലും 'കളിക്കളം', 'ഒരാൾ മാത്രം', 'ചക്കരയുമ്മ', 'അടിക്കുറിപ്പുകൾ' പോലുള്ള മലയാളം സിനിമകൾ മലയാളിക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് കൂടിയാണ് എസ് എൻ സ്വാമി. താനൊരു സാഹിത്യകാരൻ അല്ലെന്ന് സ്വാമി പറയുന്നു. തനിക്ക് സാഹിത്യഭാഷ വശമില്ല. പക്ഷേ എഴുതാൻ അറിയാം. മനസിൽ തോന്നുന്ന ആശയം സിനിമയായി രൂപപ്പെടുകയായിരുന്നു.
ഗ്രാമാന്തരീക്ഷത്തിലുള്ള കഥകൾ പറഞ്ഞാലും കുടുംബ ചിത്രങ്ങളുടെ ഭാഗമായാലും ഒരു ക്രൈം ത്രില്ലർ സിനിമ എഴുതുന്ന തിരക്കഥാകൃത്തിനെ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കും. പക്ഷേ അതിന് സിനിമയും മികച്ചതാകണം. 'സേതുരാമയ്യർ' പോലെ 'അലി ഇമ്രാൻ' പോലെ 'സാഗർ ഏലിയാസ് ജാക്കി' പോലെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ഇത്തരമൊരു ജോണറിൽ സൃഷ്‌ടിക്കപ്പെട്ടത് കൊണ്ടാണ് എസ് എൻ സ്വാമി എന്ന പേര് എക്കാലവും മലയാളികൾ ഓർത്തിരിക്കുന്നത്.
നാരായണ സ്വാമിയെന്നാണ് എസ് എൻ സ്വാമിയുടെ മുഴുവൻ പേര്. എസ് എൻ സ്വാമി എന്ന പേരുമാറ്റത്തിന് പ്രത്യേകിച്ച് മാനദണ്ഡം ഒന്നുമില്ല. വിളിക്കാനുള്ള എളുപ്പം അത്രമാത്രം.
അതേസമയം നിമിത്ത ശാസ്‌ത്രവും ജ്യോതിഷവും ഒക്കെ ഇടകലരുന്ന ആശയ സമുന്നതയാണ് സീക്രട്ട് എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിനുള്ളത്. ആ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യൻ ധ്യാൻ ശ്രീനിവാസൻ തന്നെ. ഒരു സിനിമ സംവിധാനം ചെയ്‌ത് കളയാം എന്ന് കരുതിയല്ല 72-ാം വയസിൽ സംവിധായ കുപ്പായം അണിയുന്നത്.
സീക്രട്ട് എന്ന സിനിമയുടെ ആശയത്തിന് ചില പ്രത്യേകതകൾ ഉണ്ട്. താനെഴുതിയ അത്തരം ചില ഘടകങ്ങൾ മറ്റൊരു സംവിധായകന് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല. കഥ എഴുതിയ തനിക്ക് സംവിധാനം ചെയ്യാൻ കുറച്ചുകൂടി എളുപ്പമായിരിക്കുമല്ലോ.
നിഗൂഢതകൾ നിറഞ്ഞ ആശയങ്ങളുടെ തോഴൻ എന്ന വിളിപ്പേര് തനിക്കുണ്ട്. ചെറുപ്പകാലം മുതൽക്കുതന്നെ അപസർപ്പക കഥകൾ വായിക്കുവാൻ വളരെയധികം ഇഷ്‌ടമായിരുന്നു എന്ന് സ്വാമി പറഞ്ഞു. ഒപ്പം ഡിറ്റക്‌ടീവ് നോവലുകളും പ്രിയം തന്നെയെന്ന് അദ്ദേഹം പറഞ്ഞു.
പുസ്‌തകങ്ങൾക്ക് ഭാഷയുടെ അതിർവരമ്പുകൾ ഇല്ല. കുട്ടിക്കാലത്തേ തന്നെ അത്തരം ആശയങ്ങൾ മനസിൽ ആഴത്തിൽ പതിഞ്ഞു പോയതുകൊണ്ടാണ് പിൽക്കാലത്ത് സിനിമകളിലും അത്തരം ചില അപസർപ്പക ആശയങ്ങൾ ഉടലെടുക്കുന്നതിന് കാരണമായത്. 'സിബിഐ ഡയറിക്കുറിപ്പ്' എന്ന 'സിബിഐ' സീരീസിലെ ആദ്യചിത്രം ഉത്ഭവിക്കാൻ തന്നെ കാരണം നടൻ മമ്മൂട്ടിയാണെന്നും സ്വാമി ഓർത്തെടുത്തു.
അലി ഇമ്രാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയുമായാണ് മമ്മൂട്ടിയെ സമീപിക്കുന്നത്. മമ്മൂട്ടിയാണ് സേതുരാമയ്യർ എന്ന പേര് നിർദേശിക്കുന്നതും കഥാപാത്രത്തെ ഒരു സിബിഐ ഉദ്യോഗസ്ഥൻ ആക്കാൻ നിർദേശം തരുന്നതും. മിതഭാഷിയായ ഒരു കഥാപാത്രം ആയതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ ഒരു ബ്രാഹ്മണൻ ആക്കാനും അദ്ദേഹം നിർദേശിച്ചു.
എ ഐ സഹായത്തോടെ നിർമിച്ച അലി ഇമ്രാന്‍റെ പുനരാവിഷ്‌കാരം 'ആവനാഴി' എന്ന ചിത്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം ഒരു പൊലീസ് കഥാപാത്രം വീണ്ടും ചെയ്യേണ്ട എന്നായിരുന്നു മമ്മൂട്ടിക്ക്. ഒപ്പം അലി ഇമ്രാൻ എന്ന മുസ്ലിം പേരും അദ്ദേഹത്തെ അസ്വസ്ഥനാക്കി. പിൽക്കാലത്ത് കാലം തെറ്റി പിറന്ന ഒരു ബ്രഹ്മാണ്ഡ സിനിമയുടെ കഥാപാത്രത്തിന്‍റെ പേരായി അലി ഇമ്രാൻ. മോഹൻലാലിന്‍റെ ഡേറ്റ് കയ്യിലുള്ളത് കൊണ്ട് തന്നെയാണ് അലി ഇമ്രാൻ ജനിച്ചത്. അക്കാലത്ത് ആരും ചിന്തിക്കാത്ത ആശയമായിരുന്നു ബസ് തട്ടിക്കൊണ്ടു പോകുന്നതും ഒറ്റയാൾ പോരാട്ടം പോലെ കഥാപാത്രം രക്ഷ ദൗത്യത്തിന് ഇറങ്ങുന്നതും- 'മൂന്നാംമുറ' എന്ന ക്ലാസിക് ഹിറ്റ് ചിത്രം.
ALSO READ:എസ്എൻ സ്വാമിയുടെ ആദ്യ സംവിധാനത്തിൽ ഒരുങ്ങി 'സീക്രട്ട്'; സെക്കന്‍റ് ലുക്ക് പോസ്‌റ്റർ പുറത്ത്