എറണാകുളം:മലയാളത്തിന്‍റെ അനശ്വര നടൻ സത്യൻ മാഷിന്‍റെ മകന്‍ സതീഷ് സത്യൻ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. 'അമ്മ' സംഘടനയിൽ സതീഷ് സത്യൻ അംഗത്വം ആവശ്യപ്പെടുകയും അത് സംഘടന നിരാകരിച്ചതും വലിയ വാർത്ത പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ അദ്ദേഹത്തിന് അംഗത്വം നൽകുന്നതിന് യാതൊരു തടസവും ഇല്ലെന്നാണ് 'അമ്മ' സംഘടനയിപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമകളിൽ നായകനായും പ്രതിനായകനായും വേഷമിട്ടിട്ടുള്ള സതീഷ് സത്യൻ തന്‍റെ സിനിമ ജീവിതം അവസാനിപ്പിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഇടിവി ഭാരതിനോട് തുറന്നു പറയുകയാണ്. ഞാൻ അടക്കം സത്യൻ മാഷിന്‍റെ 3 മക്കൾക്കും സംഭവിച്ച കാഴ്‌ച വൈകല്യത്തെ കുറിച്ച് എല്ലാവർക്കും അറിവുള്ളതാണല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
ചെറുപ്പകാലത്ത് എല്ലാവരെയും പോലെ എനിക്കും ഈ ലോകത്തെ നോക്കി കാണുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എങ്കിലും ഷോർട്ട് സൈറ്റ് എന്ന അവസ്ഥ നല്ല കാഴ്‌ചയ്ക്ക് തടസം നിന്നു. എന്നാൽ ഒരു കണ്ണട ഉപയോഗിച്ച് ആ പ്രശ്‌നം സോൾവ് ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു.
പതിമൂന്നാം വയസിൽ വാഹനം ഓടിക്കാൻ പഠിച്ച ആളാണ് ഞാൻ. കുട്ടിക്കാലത്ത് കാണിക്കാത്ത കുസൃതികൾ ഒന്നുമില്ല. പിൽക്കാലത്ത് സിനിമയിൽ നായകനായപ്പോൾ മികച്ച കാഴ്‌ചകൾക്കായി കണ്ണടക്ക് പകരം കോൺടാക്‌ട് ലെൻസുകൾ ഉപയോഗിക്കാൻ തുടങ്ങി. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് കാഴ്‌ചയ്ക്ക് ചെറിയ ബുദ്ധിമുട്ടുകൾ വരാൻ തുടങ്ങി.