മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'കയറ്റം'. 2019ല്‍ സംവിധാനം ചെയ്‌ത ചിത്രം നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് കയ്യടികള്‍ നേടിയെങ്കിലും ചിത്രം ഇതുവരെ തിയേറ്ററുകളില്‍ റിലീസ് ചെയ്‌തിട്ടില്ല. ഇപ്പോഴിതാ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ ചിത്രം സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്‌തിരിക്കുകയാണ്.
സിനിമയുടെ തിയേറ്റര്‍ ഡിജിറ്റല്‍ റിലീസുകൾ തടയാൻ ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം അപ്‌ലോഡ് ചെയ്‌ത വീമിയോ ലിങ്കും, സിനിമയുടെ ഫയല്‍ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കും പുറത്തുവിട്ടിരിക്കുന്നത്. കയറ്റം എന്ന സിനിമ പുറത്തു വരാതിരിക്കാൻ ഒരു സംഘം ആളുകളുടെ ഗൂഢാലോചന ഉണ്ടെന്നാണ് സംവിധായകൻ ആരോപിക്കുന്നത്.
2022ൽ സനൽകുമാർ ശശിധരന്‍റെ ഭാഗത്ത് നിന്നും മോശം സമീപനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി മഞ്ജു വാര്യർ പൊലീസിൽ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് സനൽകുമാർ ശശിധരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് പുറത്തിറങ്ങിയ സംവിധായകൻ അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.
ഇന്ത്യയിൽ തനിക്കിനി സിനിമകൾ ചെയ്യാൻ അവസരം ലഭിക്കില്ലെന്നും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. തനിക്ക് അവസരങ്ങൾ നിഷേധിക്കുക മാത്രമല്ല, തന്‍റെ ജീവനും ഭീഷണിയുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് താന്‍ ഇന്ത്യ വിട്ടതെന്നും സനൽകുമാർ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു.