അനാരോഗ്യകരമായ ബ്രാൻഡുകളെ പിന്തുണച്ച് മുൻപ് തെറ്റുകൾ വരുത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. തൻ്റെ പോഡ്‌കാസ്‌റ്റിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻ്റെയും ചില പാനീയങ്ങൾ ഒഴിവാക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് താരത്തിൻ്റെ തുറന്ന് പറച്ചിൽ. ടേക്ക് 20' എപ്പിസോഡിൽ ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജീവിതശൈലി, വെൽനസ് വിദഗ്‌ധൻ അൽകേഷ് ശരോത്രിയുമായി ചർച്ച ചെയ്യുകയായിരുന്നു സാമന്ത.
എപ്പിസോഡ് നടക്കുന്നതിനിടെ സാമനതയ്‌ക്കെതിരെ ഒരു പ്രേക്ഷകൻ രംഗത്തെത്തി കമൻ്റിലൂടെ താരത്തിനെതിരെ ചോദ്യം ഉന്നയിച്ചു. ആരോഗ്യകരമല്ലാത്ത ബ്രാൻഡുകളെ പിന്തുണയ്ക്കുകയും പോഡ്‌കാസ്റ്റിൽ വന്നിരുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് സാമന്ത ചെയ്യുന്നതെന്ന് പ്രേക്ഷകൻ വിമർശിച്ചു. എന്നാൽ വിമർശനത്തെ അംഗീകരിക്കുകയും അതിന് സത്യസന്ധമായി താരം മറുപടി നൽകുകയും ചെയ്‌തു.
"നല്ലതേതെന്ന് തിരിച്ചറിയാത്ത സമയത്ത് തെറ്റുകൾ വരുത്തിയിട്ടുണ്ട്. പക്ഷെ നിരവധി അംഗീകാരം സ്വീകരിക്കുന്നത് താൻ നിർത്തി. ഞാൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ"- സാമന്ത പ്രതികരിച്ചു.