കേരളം

kerala

ETV Bharat / entertainment

"മൂക്കുത്തി എന്ന തൊണ്ടിമുതൽ, ആ ഗ്യാപ്പിലൂടെ കണ്ട നിമിഷ സജയന്‍റെ എന്ന വിലൈ"; മനസ്സ് തുറന്ന് സജീവ് പാഴൂര്‍ - Sajeev Pazhoor about Enna Vilai

എന്ന വിലൈ എന്ന ചിത്രം ഒരു പ്രോജക്‌ട് ആകാൻ മൂന്ന് വർഷമെടുത്തെന്ന് സംവിധായകന്‍ സജീവ് പാഴൂര്‍ പറയുന്നത്. തന്‍റെ പുതിയ ചിത്രമായ എന്ന വിലൈയുടെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ച് സജീവ് പാഴൂര്‍.

SAJEEV PAZHOOR  ENNA VILAI  സജീവ് പാഴൂര്‍  എന്ന വിലൈ
SAJEEV PAZHOOR ABOUT ENNA VILAI (ETV Bharat)

By ETV Bharat Entertainment Team

Published : Oct 2, 2024, 5:28 PM IST

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ പേരെടുത്ത തിരക്കഥാകൃത്താണ് സജീവ് പാഴൂര്‍. ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രത്തിലൂടെ സജീവ് പാഴൂര്‍ ദേശീയ പുരസ്‌കാരം കരസ്‌ഥമാക്കിയിരുന്നു.

നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്‌താണ് സജീവ് പാഴൂര്‍ ഈ മേഖലയിലേയ്‌ക്ക് കടന്നുവന്നത്. ഇതിനിടെ ഷാജി എന്‍ കരുണ്‍, ദിലീഷ് പോത്തന്‍, ആര്‍ ശരത്, ജി പ്രജിത്, നാദിര്‍ഷ എന്നീ സംവിധായകര്‍ക്കൊപ്പം തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചു.

ഇപ്പോഴിതാ സിനിമയില്‍ സംവിധാന കുപ്പായം അണിയാനൊരുങ്ങുകയാണ് സജീവ് പാഴൂര്‍. അതും തമിഴില്‍. നിമിഷ സജയനെ കേന്ദ്രകഥാപാത്രമാക്കി 'എന്ന വിലൈ' എന്ന ചിത്രമാണ് സജീവ് പാഴൂര്‍ ഒരുക്കുന്നത്. തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സജീവ് പാഴൂര്‍.

ഒരു തിരക്കഥാകൃത്ത് എന്നതിലുപരി സംവിധായകനായി സിനിമ ലോകത്തേക്ക് കടന്നു വരണം എന്നതായിരുന്നു തന്‍റെ ആഗ്രഹമെന്ന് സജീവ് പാഴൂർ. ഷാജി എൻ കരുൺ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം ദീർഘനാൾ സംവിധാന സഹായിയായി പ്രവർത്തിച്ചു. സ്വതന്ത്ര സംവിധായകൻ ആകണമെന്ന മോഹത്തിന് കാലതാമസം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് കെരിയർ എഴുത്തിന്‍റെ വഴിയെ സഞ്ചരിച്ചുവെന്നും സജീവ് പാഴൂര്‍ പറഞ്ഞു.

"തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ആശയം, തന്‍റെ മകളോട് പറഞ്ഞ ഒരു കള്ളത്തിൽ നിന്നാണ് ഡെവലപ്പ് ചെയ്യുന്നത്. എന്ന വിലൈ എന്ന ചിത്രത്തിന്‍റെ ആശയവും ചില യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്നെയാണ് എഴുതിയിട്ടുള്ളത്.

തൊണ്ടിമുതലിന്‍റെ ആശയം ഉള്ളിൽ ഉദിക്കുന്നത് വളരെ രസകരമായാണ്. ഒരിക്കൽ തന്‍റെ മകൾ മുക്കുത്തി ഇടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അവളുടെ ആഗ്രഹത്തിന് എതിര് പറയാൻ ഞാൻ പറഞ്ഞ ഒരു കള്ളമാണ്, മലയാളത്തിന്‍റെ ക്ലാസിക് ചിത്രമായി മാറിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

മുക്കുത്തി ഇടുകയാണെങ്കിൽ രാത്രിയിൽ ഉറങ്ങുമ്പോൾ മുക്കുത്തിയുടെ കൊളുത്തെങ്ങാനും ഊരി പോയാല്‍ മൂക്കിനുള്ളിലൂടെ അത് വയറ്റിലെത്തും. അതുകൊണ്ട് മുക്കുത്തി ഇടാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് മകളെ ഭയപ്പെടുത്തി. പിന്നീട് മകളോട് പറഞ്ഞ കള്ളം ഇരുത്തി ചിന്തിച്ചപ്പോഴാണ് തൊണ്ടിമുതലിന്‍റെ ആദ്യ സ്ട്രക്‌ച്ചര്‍ മനസ്സിൽ രൂപപ്പെടുന്നത്."-സജീവ് പാഴൂര്‍ പറഞ്ഞു.

2021ൽ ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട്‌ ഒടിടി റിലീസിനെത്തിയ 'കേശു ഈ വീടിന്‍റെ നാഥൻ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തന്‍റെ പുതിയ ചിത്രമായ 'എന്ന വിലൈ'യുടെ ആശയത്തിന് ആധാരമെന്ന് സജീവ് പാഴൂര്‍ വ്യക്തമാക്കി. എന്നാല്‍ എന്താണ് സംഭവമെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നും സജീവ് പാഴൂര്‍ പറഞ്ഞു.

"കേശു ഈ വീടിന്‍റെ നാഥന്‍റെ ഒരു പ്രധാന ലൊക്കേഷൻ രാമേശ്വരമായിരുന്നു. രാമേശ്വരം കടപ്പുറത്താണ് അന്നേ ദിവസം ചിത്രീകരണം പുരോഗമിക്കുന്നത്. നാദിർഷയാണ് സംവിധായകൻ. ഒരു രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം ദിലീപും ഉർവശി ചേച്ചിയും നാദിർഷയും കടപ്പുറത്ത് ഒരു ഭാഗത്തായി സെറ്റ് ചെയ്‌തിരിക്കുന്ന ഡയറക്‌ടർ ക്യാബിനിൽ ഇരുന്ന് ചിത്രീകരിച്ച രംഗങ്ങൾ കാണുകയാണ്.

അവരോടൊപ്പം തൊട്ട് പിന്നിലായി ഞാനും ഉണ്ടായിരുന്നു. ഡയറക്‌ടർ മോണിറ്ററിൽ ചിത്രീകരിച്ച രംഗങ്ങൾ പ്രദർശിപ്പിക്കുകയാണ്. ഡയറക്‌ടർ മോണിറ്ററിന്‍റെയും ദിലീപും ഉർവശിയും ഇരിക്കുന്നതിന്‍റെയും ഇടയില്‍ ചെറിയൊരു ഗ്യാപ്പുണ്ട്. ആ ഗ്യാപ്പിലൂടെ കടപ്പുറം വ്യക്തമായി കാണാം. എപ്പോഴോ എന്‍റെ കണ്ണുകൾ ആ ഗ്യാപ്പിലൂടെ കടപ്പുറത്തേയ്‌ക്ക് സഞ്ചരിച്ചു. ആ സമയം ആ ചെറിയ ഗ്യാപ്പിലൂടെ കണ്ട സംഭവമാണ് ആദ്യ സംവിധാന സംരംഭമായ 'എന്ന വിലൈ' എന്ന ചിത്രത്തിന് ആധാരം."-സജീവ് പാഴൂർ വിശദീകരിച്ചു.

ചിത്രത്തില്‍ നിമിഷ സജയൻ പ്രധാന വേഷത്തിൽ എത്തുന്നത് കൊണ്ട് ഇതൊരു സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണെന്ന് ചിന്തിക്കേണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഈ ചിത്രം ഒരു പ്രോജക്‌ട് ആകാൻ ഏകദേശം മൂന്ന് വർഷമെടുത്തെന്നും അദ്ദേഹം പറഞ്ഞു.

"എന്ന വിലൈ സിനിമയുടെ പ്രധാന ഷെഡ്യൂളുകൾ പൂർത്തിയായിട്ടുണ്ട്. ഇനി ഏകദേശം നാല് ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. അടുത്ത ഷെഡ്യൂൾ ഒക്ടോബർ 15ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ചെന്നൈയിലും റാമോജി ഫിലിം സിറ്റിയിലുമായാണ് ഇനിയുള്ള ഷെഡ്യൂൾ പൂർത്തിയാക്കുക. ഒരു ഗാന രംഗവും ഒരു പൊലീസ് സ്‌റ്റേഷൻ രംഗവും ഏതാനും പാച്ച് ഷൂട്ടുകളുമാണ് ഈ ഷെഡ്യൂൾ പ്രധാനമായും കവർ ചെയ്യുക. സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുന്നു. അടുത്ത വർഷം ചിത്രം പ്രേക്ഷകരിലേക്ക് എത്തും."-സജീവ് പാഴൂര്‍ വിശദീകരിച്ചു.

യോഗി ബാബുവിനെ നായകനാക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും സജീവ് പാഴൂര്‍ പറഞ്ഞു. യോഗി ബാബുവിനെ സിനിമയുടെ ഭാഗമാക്കാൻ സാധിക്കാത്തത് നഷ്‌ടബോധം ഉണ്ടാക്കുന്ന കാര്യമല്ലെന്നും സജിവ് പാഴൂർ പറഞ്ഞു.

"ചിത്രത്തിൽ നായകനായി ആദ്യം ആലോചിച്ചത് യോഗി ബാബുവിനെ ആയിരുന്നു. യോഗി ബാബുവിന് തിരക്കഥ നന്നായി ഇഷ്‌ടപ്പെട്ടു. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം തുടങ്ങുന്നതിന് തൊട്ടുമുമ്പ് യോഗി ബാബു പിന്‍മാറി. പിന്നീട് യോഗി ബാബു ചെയ്യേണ്ടിയിരുന്ന കഥാപാത്രം അവതരിപ്പിച്ചത് പ്രശസ്‌ത നടൻ കരുണാസാണ്. മികച്ച പ്രകടനമാണ് കരുണാസ് സിനിമയിൽ കാഴ്‌ച്ച വെച്ചിട്ടുള്ളത്." -സജീവ് പാഴൂര്‍ പറഞ്ഞു.

ചിത്രം എന്തുകൊണ്ട് തമിഴില്‍ ഒരുക്കി എന്നതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് കൂടുതൽ കണക്‌ടാവുന്ന ഒരു ആശയം ആയതിനാലാണ് ചിത്രം തമിഴിൽ ഒരുക്കാൻ തീരുമാനിച്ചതെന്നും കൂടാതെ തമിഴ്‌നാടിനോടും തമിഴ് ഭാഷയോടും വൈകാരികമായൊരു ബന്ധമുണ്ടെന്നും സജീവ് പാഴൂർ കൂട്ടിച്ചേർത്തു.

താന്‍ ആദ്യമായൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അത് തമിഴ് ഭാഷയിൽ ആയിരിക്കുമെന്നത് സിനിമ മോഹം മനസ്സിൽ ഉദിച്ച കാലം മുതലുള്ള ആഗ്രഹമാണെന്നും സംവിധായകന്‍ പറഞ്ഞു. തമിഴിൽ ഒരുക്കാനിരുന്ന ചിത്രം ആയിരുന്നു 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന് സജീവ് പാഴൂര്‍. പലപ്പോഴും ആദ്യം പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ നടക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"തമ്പി രാമയ്യ, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിൽ ഒരുക്കാൻ ഇരുന്ന ചിത്രം ആയിരുന്നു 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'. പിന്നീട് മലയാളത്തിലേക്ക് ചിന്തിച്ചപ്പോൾ ഇന്ദ്രൻസിനെയും ഉർവശിയെയും വച്ച് പ്ലാൻ ചെയ്യുകയുണ്ടായി. എന്നിട്ട് എങ്ങനെയാണ് ആ സിനിമയുടെ തലയിലെഴുത്ത് മാറിയതെന്ന് പ്രേക്ഷകർക്ക് ധാരണയുള്ളതാണല്ലോ."-സജീവ് പാഴൂര്‍.

Also Read: കൊല്ലാൻ എത്തിയ കാണ്ടാമൃഗം, അന്‍റാർട്ടിക്കയിലെ തിമിഗലം; മരണം മുന്നില്‍ കണ്ട അനുഭവങ്ങളുമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ - Wildlife photographer Balan

ABOUT THE AUTHOR

...view details