സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'പൊറാട്ട് നാടകം' ഓഗസ്റ്റ് 9ന് തിയേറ്ററുകളിലേക്ക്. അന്തരിച്ച സംവിധായകൻ സിദ്ദിഖിൻ്റെ സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. സംവിധായകൻ സിദ്ദിഖിൻ്റെ മേൽനോട്ടത്തിൽ പൂർത്തിയായ ഈ ചിത്രം അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആണ് ഓഗസ്റ്റ് 9ന് റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കരയാണ് 'പൊറാട്ട് നാടക'ത്തിന്‍റെ നിർമാണം. രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാട് ആണ്. മഞ്ജു വാര്യർ ചിത്രം 'മോഹൻലാൽ', ജയസൂര്യയുടെ 'ഈശോ' എന്നീ ചിത്രങ്ങളുടെ രചയിതാവ് കൂടിയാണ് സുനീഷ് വാരനാട്.
പശുവും കേന്ദ്ര കഥാപാത്രമാകുന്നു എന്നതും 'പൊറാട്ട് നാടക'ത്തിന്‍റെ സവിശേഷതയാണ്. മണിക്കുട്ടി എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.