മെറ്റ് ഗാല റെഡ് കാർപെറ്റ് അലങ്കരിക്കുന്ന ആദ്യ ഇന്ത്യൻ ഡിസൈനറായി ചരിത്രത്തിൽ തൻ്റെ പേര് എഴുതിച്ചേർത്ത് സബ്യസാചി മുഖർജി. ചൊവ്വാഴ്‌ച തൻ്റെ സബ്യസാചി റിസോർട്ട് 2024 ശേഖരത്തിൽ നിന്നുള്ള ഏറെ സങ്കീർണമായ എംബ്രോയ്‌ഡറി കോട്ടൺ ഡസ്റ്റർ കോട്ട് ധരിച്ച്, ടൂർമലൈനുകൾ, മുത്തുകൾ, മരതകങ്ങൾ, സബ്യസാചി ഹൈ ജ്വല്ലറിയിൽ നിന്നുള്ള വജ്രങ്ങൾ എന്നിവയുൾപ്പടെയുള്ള വിലയേറിയ ആഭരണങ്ങളും ധരിച്ചാണ് അദ്ദേഹം പരിപാടിയിൽ ശ്രദ്ധ നേടിയത്. തൻ്റെ മെറ്റ് ഗാല കാഴ്‌ചകൾ സബ്യസാചി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
റെഡ് കാർപെറ്റിൽ പോസ് ചെയ്യുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തു. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിൽ നിന്നും പകർത്തിയ അതിശയിപ്പിക്കുന്ന, വേറിട്ട പോസുകളിലുള്ള ഫോട്ടോകളുടെ ഒരു പരമ്പരയും അദ്ദേഹം തൻ്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ അപൂർവ നേട്ടത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.