എറണാകുളം : പത്മവിഭൂഷൺ റാമോജി റാവുവിന്‍റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകൻ റോഷൻ ആൻഡ്രൂസ്. ആദ്യമായി സംവിധാനം ചെയ്യുന്ന ഉദയനാണ് താരം റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുന്നത്. ഉദയഭാനുവിന്‍റെയും സിനിമയ്ക്കുള്ളിലെ സിനിമയുടെയും കഥ പറഞ്ഞ ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയായപ്പോൾ തന്നെ ഷൂട്ടിങ്ങിന് ഒരു ഫിലിം സിറ്റിയുടെ ആവശ്യകത വന്നു.
ഇന്ത്യയിലെ നിരവധി ഫിലിം സിറ്റികളിൽ ലൊക്കേഷനായി അന്വേഷണം നടത്തിയെങ്കിലും അവസാനം എത്തിയത് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിക്കാം എന്ന തീരുമാനത്തിലായിരുന്നു. പക്ഷേ അക്കാലത്ത് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിക്കുന്ന സിനിമകൾ തിയേറ്ററുകളിൽ വലിയ പരാജയം നേരിടും എന്നൊരു അന്ധവിശ്വാസം സൗത്ത് ഇന്ത്യയില്‍ പരക്കുന്നുണ്ടായിരുന്നു. വിവരം ഞങ്ങളുടെ ചെവിയിലും എത്തി.
അങ്ങോട്ട് ചിത്രീകരണത്തിനായി പോകുന്നതിന്‍റെ തലേദിവസം പോലും റാമോജി ഫിലിം സിറ്റി ഒരു വർക്കത്തില്ലാത്ത സ്ഥലം എന്ന് പലരും മുന്നറിയിപ്പും തന്നു. സത്യത്തിൽ ഫിലിം സിറ്റിയിലേക്ക് വരുന്നത് തന്നെ മനസ് മടിച്ചാണ്. പക്ഷേ റാമോജി ഫിലിം സിറ്റിയിൽ കാലെടുത്തു കുത്തിയപ്പോൾ ചിന്താഗതികളും കാഴ്‌ചപ്പാടുകളും ആകെ മാറി.