ഹൈദരാബാദ്:തെന്നിന്ത്യയിൽ നിന്നും വന്ന് ബോളിവുഡിലടക്കം വെന്നിക്കൊടി പാറിക്കുന്ന താരമാണ് രശ്മിക മന്ദാന. രൺബീർ കപൂറിനൊപ്പം വേഷമിട്ട 'അനിമൽ' എന്ന ചിത്രമാണ് രശ്മികയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. 2023 ഡിസംബറിൽ ഇറങ്ങിയ ഈ ചിത്രം രൂക്ഷ വിമർശനങ്ങൾക്കിടയിലും ബോക്സോഫിസിൽ വലിയ നേട്ടം കൊയ്തിരുന്നു.
നിലവിൽ തന്റെ പുതിയ സിനിമയായ 'പുഷ്പ 2'വിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് രശ്മിക. ഇപ്പോഴിതാ 'പുഷ്പ 2' സിനിമയുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് താരം. ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രവും രസകരമായ അടിക്കുറിപ്പോടെ രശ്മിക പങ്കുവച്ചു.
ആന്ധ്രാപ്രദേശിലെ യാഗന്തി ക്ഷേത്രത്തിൻ്റെ ചിത്രമാണ് ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ താരം പോസ്റ്റ് ചെയ്തത്. 'ഇന്നത്തേത് കഴിഞ്ഞു!!!! ഞങ്ങൾ യാഗന്തി ക്ഷേത്രത്തിലാണ് ഇന്ന് ഷൂട്ട് ചെയ്തത്. ഈ സ്ഥലത്തിൻ്റെ ചരിത്രം അതിശയകരമാണ്.. ഒപ്പം സ്നേഹം.. ആളുകൾ.. ഈ സ്ഥലം... ഒരു ക്ഷേത്രത്തിൽ സമയം ചെലവഴിക്കുക എന്നത് വളരെ അത്ഭുതകരമായി തോന്നുന്നു' താരം കുറിച്ചു. '#pushpa2therule' എന്ന ഹാഷ്ടാഗും താരം നൽകിയിട്ടുണ്ട്.
രശ്മിക മന്ദാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി മികച്ച നിലയിലാണ് ഷൂട്ടിങ് മുന്നോട്ട് നീങ്ങുന്നതെന്ന് നേരത്തെ രശ്മിക പറഞ്ഞിരുന്നു. 50 ദിവസത്തിലേറെയായി ഷൂട്ടിങ് എന്നും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ക്രൂവിലെ എല്ലാവരും വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഓരോ കഥാപാത്രത്തിനും വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.
നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ജപ്പാനിലും ചിത്രം ഒരേസമയം റിലീസ് ചെയ്യാനുള്ള സാധ്യതയെ കുറിച്ച് മന്ദാന സൂചന നൽകിയിരുന്നു. 'വേൾഡ് പ്രീമിയർ നടക്കുന്ന അതേ ദിവസം തന്നെ ഞങ്ങൾ പുഷ്പ 2 ജപ്പാനിൽ റിലീസ് ചെയ്തേക്കാം. ഞങ്ങൾ അത്തരം ചർച്ചകൾ നടത്തുകയാണ്', താരം പറഞ്ഞു.
പുഷ്പ 2ൽ ശ്രീവല്ലി എന്ന നായിക കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. അപ്രതീക്ഷിത വഴിത്തിരിവുകള് ഉള്ളതാണ് തന്റെ കഥാപാത്രമെന്ന് താരം വ്യക്തമാക്കിയിരുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ 2: ദി റൂൾ' അദ്ദേഹത്തിന്റെ തന്നെ 'പുഷ്പ 1: ദി റൈസി'ന്റെ തടുർച്ചയാണ്. അല്ലു അർജുനാണ് ഈ ചിത്രത്തിലെ നായകൻ. ഈ വർഷം ഓഗസ്റ്റ് 15ന് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രതിനായകനായി എത്തുന്നത്.