ബോളിവുഡ് സൂപ്പർതാരം രൺവീർ സിങ്, സഞ്ജയ് ദത്ത്, ആർ മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിത്യ ധർ ചിത്രം ഔദ്യോഗികമായി അനൗൺസ് ചെയ്‌തു. ജിയോ സ്‌റ്റുഡിയോസും ബി 62 സ്‌റ്റുഡിയോസും സംയുക്തമായാണ് നിർമാണം. ബ്ലോക്ക്ബസ്‌റ്റർ ചിത്രമായ 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' ന് ശേഷം ദേശീയ അവാർഡ് ജേതാവായ ആദിത്യ ധർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
സൂപ്പർഹിറ്റ് റൊമാൻ്റിക് കോമഡിയായ "റോക്കി ഓർ റാണി കി പ്രേം കഹാനി"ക്ക് ശേഷം ശേഷം രൺവീർ സിങ് നായകനായി എത്തുന്ന വമ്പൻ ചിത്രമാണിത്. ബോളിവുഡിലെ യുവതലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ രൺവീർ സിങ്ങിനൊപ്പം ആദിത്യ ധർ കൈകോർക്കുന്ന വാർത്തകൾ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ ബോളിവുഡ് വൃത്തങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിക്കുമ്പോൾ ഒരു വമ്പൻ ബോക്‌സോഫിസ് പ്രകമ്പനം തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' 350 കോടി രൂപ ആഗോള കലക്ഷൻ നേടിയിരുന്നു. ബോളിവുഡിൽ ഒരു പുതുമുഖ സംവിധായകന്‍റെ റെക്കോഡ് കലക്ഷൻ തുക ആയിരുന്നു അത്. സഞ്ജയ് ദത്ത്, ആർ മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.