ഹൈദരാബാദ്: മലയാള സിനിമ സെറ്റുകളിൽ കാരവനുകളിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യം പകർത്തിയിരുന്നതായി തെന്നിന്ത്യൻ നടി രാധിക ശരത് കുമാർ വെളിപ്പെടുത്തി. ഒരു മലയാള സിനിമാ സെറ്റിൽ വച്ച് അവർ നേരിട്ട അനുഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു വെളിപ്പെടുത്തൽ.
കേരളത്തിൽ ഒരു സിനിമ ഷൂട്ടിങ്ങിനിടെ സെറ്റിലെ ഒരു കൂട്ടം പുരുഷന്മാർ കൂട്ടം കൂടിയിരുന്ന് ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ കാണുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഇവർ പറഞ്ഞു. സംഭവം ചോദ്യം ചെയ്‌തെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. സ്ത്രീകളായ സഹപ്രവർത്തകരോടും ഈ വിഷയം സംസാരിച്ചിരുന്നു. പിന്നീട് ഭയം കാരണം കാരവൻ ഒഴിവാക്കി വസ്ത്രം മാറാൻ ഹോട്ടൽ റൂം ഉപയോഗിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
ഇത്തരത്തിൽ രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങൾ പുരുഷന്മാരുടെ ഫോണുകളിൽ പ്രത്യേക ഫോൾഡറുകളായി ക്രമീകരിച്ചിട്ടുണ്ടെന്നും ഓരോ നടിമാർക്കും പ്രത്യേകം ഫോൾഡറുകളുണ്ടെന്നാണ് അറിഞ്ഞതെന്നും ഇവർ വെളിപ്പെടുത്തി. എന്നാൽ ആരൊക്കെ ആണ് ഇതിന് പുറകിലുള്ളതെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. ഈ സംവിധാനം തെറ്റാണ്. ഇത് മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും ഇവർ പറഞ്ഞു.