ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരുങ്ങുന്ന 'പ്യാർ' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ഡോക്‌ടർ മനോജ് ഗോവിന്ദൻ ആണ് ഈ ചിത്രം കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്നത്. വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിർമാണം.
പ്രശസ്‌ത സംവിധായകരായ സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തത്. മലയാളത്തിൽ 'പ്യാർ' എന്ന പേരിൽ എത്തുന്ന ചിത്രം ഇംഗ്ലീഷിൽ 'വൈ നോട്ട്' എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. രണ്ട് സ്‌ത്രീകളുടെ പ്രണയമാകും പ്യാർ പറയുക എന്നാണ് പോസ്‌റ്ററിൽ നിന്ന് വ്യക്തമാവുന്നത്.
ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്‌ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദൻ അവകാശപ്പെട്ടു. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, പ്രശസ്‌ത നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവരാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി അണിനിരക്കുന്നത്. നിലവിൽ ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്.