അല്ലു അര്‍ജുന്‍ ആരാധകര്‍ നാളേറെയായി കാത്തിരുന്ന ആ ദിനം വന്നെത്തി. അതെ 'പുഷ്‌പ 2 ദി റൂള്‍' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തിയേറ്ററുകളില്‍ ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും ചില വ്യക്‌തികളും ഹിറ്റ് ആകാറുണ്ട്. 'പുഷ്‌പ 2' റിലീസോടെ അല്ലു അര്‍ജുന്‍റെ ഒരു കടുത്ത ആരാധകനും ജനശ്രദ്ധ നേടുകയാണ്.
കേരളത്തില്‍ എറണാകുളത്തെ ഒരു തിയേറ്ററിലാണ് കെട്ടിലും മട്ടിലും 'പുഷ്‌പ'യിലെ പുഷ്‌പരാജായി മാറിയ ഒരു ആരാധകനെ ആളുകള്‍ കണ്ടത്. വേഷവിധാനം മാത്രമല്ല, താരത്തിന്‍റെ ഡയലോഗും ഈ യുവാവ് കടമെടുത്തിരിക്കുകയാണ്. 'പുഷ്‌പ ഫയറാടാ... താഴത്തില്ലടാ...' -എന്നിങ്ങനെ പറഞ്ഞ് തിയേറ്ററില്‍ അലറിക്കൊണ്ട് നടക്കുന്ന യുവാവ് ആളുകള്‍ക്ക് കൗതുകമായി.
അല്ലു അര്‍ജുനെ അനുകരിച്ച് പുഷ്‌പരാജിനെ പോലെ വേഷമണിഞ്ഞ് തിയേറ്ററുകളില്‍ എത്തിയ യുവാവിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'പുഷ്‌പ അണ്ണന്‍ തിയേറ്ററില്‍ വന്നപ്പോള്‍' എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
"ഓരോ സിനിമ കഴിയുമ്പോളും കേരളത്തില്‍ ഓരോ കോമാളികള്‍ ജനിക്കുന്നു", "നമ്മുടെ നാട്ടിലും ഇങ്ങനെ കോലം കെട്ടുന്ന ചിലര്‍.." അങ്ങനെ നീണ്ടു പോകുന്നു പ്രേക്ഷകരുടെ കമന്‍റുകള്‍.
നേരത്തെ തിയേറ്ററുകളില്‍ വന്ന് കമന്‍റ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്‌തിയാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. ഇതിന് പിന്നാലെ അലിന്‍ ജോസ് പെരേര എന്ന ആളും സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ നേടിയിരുന്നു. ഇവര്‍ക്ക് പിന്നാലെ ഇനി പുഷ്‌പ അണ്ണനെയും പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന് കണ്ടറിയാം.
അതേസമയം 'പുഷ്‌പ 2' റിലീസിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരണപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേവതിയാണ് മരിച്ചത്. ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ബുധനാഴ്‌ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലാണ് സംഭവം.
കുടുംബത്തോടൊപ്പം അല്ലു അര്‍ജുനെ കാണാൻ എത്തിയതായിരുന്നു രേവതി. സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് സിപിആര്‍ അടക്കം നല്‍കിയെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
'പുഷ്‌പ 2' റിലീസിന്‍റെ ഭാഗമായി രാത്രി 11 മണിക്ക് തിയേറ്ററിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയേറ്ററുകളില്‍ എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസിന് ലാത്തിവീശി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്.
Also Read: പുഷ്‌പ 2 വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ തിക്കും തിരക്കും; ഒരു സ്‌ത്രീ മരിച്ചു, രണ്ട് കുട്ടികള്‍ ബോധംകെട്ടു വീണു