കാസർകോട്: മലബാറിൻ്റെ കാലാവസ്ഥ നിരീക്ഷണങ്ങളും പ്രവചനങ്ങളും ഇനി കൂടുതൽ മെച്ചപ്പെടും. മംഗലാപുരത്ത് പുതിയ കാലാവസ്ഥ റഡാർ ഉടൻ പ്രവർത്തനമാരംഭിക്കും. ഈ റഡാറിൻ്റെ പരിധി കർണാടകയ്ക്ക് ഒപ്പം കാസർകോടും, കണ്ണൂരിലും എത്തും. ഇവിടെ റഡാറിൻ്റെ നിർമാണ പ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. കേരളത്തിൽ വയനാട്ടിലും പുതിയ റഡാർ വരും. പുൽപ്പള്ളിയിലാണ് സ്ഥാപിക്കുക. ഇതിൻ്റെ നടപടി ക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാകുകയാണ്.
മൺസൂണിന് മുൻപ് റഡാർ സ്ഥാപിക്കൽ പൂർത്തീകരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാല്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഇതോടെ കേരളത്തിൽ മൂന്ന് റഡാർ സംവിധാനം വരും. കാലാവസ്ഥ നിരീക്ഷണം കൂടുതൽ ശക്തമാകുമെന്നും അവർ പറഞ്ഞു. കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിനും ഓഖി ചുഴലിക്കാറ്റിനും ശേഷം മെച്ചപ്പെട്ട കാലാവസ്ഥ നിരീക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നടപടികള്‍ ശക്തമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്ത് നിലവില്‍ രണ്ട് റഡാറുകളാണ് കാലവസ്ഥാ നിരീക്ഷണത്തിനുള്ളത്. ഇതില്‍ ഒന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് (ഐഎംഡി) കീഴിലുള്ളത്. കൊച്ചിയിലാണ് ഈ റഡാറുള്ളത്. ഇത് കൂടാതെ തിരുവനന്തപുരത്തെ തുമ്പയിലും ഒരു റഡാറുണ്ട്. വിക്രം സാരാഭായി സ്‌പേസ് സെന്‍ററാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇവ രണ്ടും ഉപയോഗിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലെയും കാലാവസ്ഥ നിരീക്ഷണം കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
വടക്കന്‍ ജില്ലകളിലെ റഡാര്‍ കവറേജ് മോശമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിരിന്നു. ഇതേതുടര്‍ന്നാണ് വയനാട്ടിൽ റഡാർ സ്ഥാപിക്കുന്നത്. മംഗലാപുരത്ത് കൂടി റഡാർ എത്തുന്നതോടെ കാലാവസ്ഥാ നിരീക്ഷണത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കാം.
Also Read: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കും; 28 മുതൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യത