ഹൈദരാബാദ് :ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള അന്തിമ നോമിനേഷൻ പട്ടിക വന്നപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഡോക്യൂമെന്‍ററിയായിരുന്നു 'ടു കിൽ എ ടൈഗർ'. ഇപ്പോഴിതാ ഓസ്‌കർ നോമിനേറ്റഡ് ഡോക്യുമെന്‍ററി ചിത്രം ടു കിൽ എ ടൈഗറിന്‍റെ ട്രെയ്‌ലര്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്ര.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയില്‍ ഡോക്യുമെന്‍ററിയുടെ ഭാഗമായതിന് പിന്നാലെയാണ് താരം തന്‍റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ ഡോക്യുമെന്‍ററിയുടെ ട്രെയ്‌ലര്‍ പങ്കുവച്ചത്. പ്രോജക്റ്റിന്‍റെ ഭാഗമായതിലുള്ള ആവേശവും സന്തോഷവും അഭിമാനവും അറിയിക്കുന്ന ഹൃദയസ്‌പർശിയായ ഒരു കുറിപ്പും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ടു കിൽ എ ടൈഗറിന്‍റെ ട്രെയ്‌ലര്‍ പങ്കിട്ട് പ്രിയങ്ക ചോപ്ര '2022-ൽ ഞാൻ ആദ്യമായി ഈ സിനിമ കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. തന്‍റെ മകൾക്ക് നീതി ഉറപ്പാക്കാനുള്ള ഒരു പിതാവിന്‍റെ ധീരമായ പോരാട്ടത്തെ ചിത്രീകരിക്കുന്ന ചിത്രം എന്നെ പെട്ടന്ന് ആകർഷിച്ചു. തന്‍റെ പ്രിയപ്പെട്ട മകളോടുള്ള അർപ്പണബോധവും ഒരു പിതാവിന്‍റെ അതിരുകളില്ലാത്ത സ്നേഹത്തിന്‍റെയും വിട്ടുവീഴ്‌ചയില്ലാത്ത നിശ്ചയദാർഢ്യത്തിന്‍റെയും തെളിവാണ് ഈ പ്രോജക്റ്റ്. ഈ ഡോക്യുമെന്‍ററി ടീമിന്‍റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു.' -താരം കുറിച്ചു.
ഓസ്‌കര്‍ നാമനിർദേശ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ ഡോക്യുമെന്‍ററി ചിത്രമാണ് 'ടു കിൽ എ ടൈഗർ'. നിഷ പഹൂജയുടെ സംവിധാനത്തില്‍ ജാർഖണ്ഡ് കൂട്ട ബലാത്സംഗത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിഷ പൗജയ്‌ക്കൊപ്പം ഡേവിഡ് ഓപ്പൺഹൈം, കോർണേലിയ പ്രിൻസിപ്പ്, ആൻഡി കോഹൻ എന്നിവരും ചേർന്നാണ് ഡോക്യൂമെന്‍ററി നിർമിച്ചിരിക്കുന്നത്.
പതിമൂന്നു വയസുള്ള മകളെ ലൈംഗികമായി ആക്രമിച്ച കേസിലെ കുറ്റവാളികളെ പിന്തുടര്‍ന്ന് മകൾക്ക് നീതി നേടിക്കൊടുക്കാന്‍ പോരാടുന്ന ഒരു ജാർഖണ്ഡ് കുടുംബത്തിന്‍റെ ഹൃദയ സ്‌പർശിയായ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച മൂന്ന് പേര്‍ക്കെതിരെയുള്ള രഞ്ജിത്ത് എന്ന പിതാവിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് 'ടു കില്‍ എ ടൈഗര്‍' (Oscar-nominated documentary 'To Kill a Tiger').
പരാതിയും ആരോപണങ്ങളും പിന്‍വലിച്ച് കേസ് ഉപേക്ഷിക്കാന്‍ ബന്ധുക്കളും, നാട്ടുകാരും നിർബന്ധിക്കുകയും എന്നാല്‍ പതറാതെ മകളുടെ നീതിക്കായി പോരാടുകയും ചെയ്യുന്ന രഞ്ജിത്തിന്‍റെ പോരാട്ടം ചിത്രത്തിലുടനീളം കാണാം. ഇന്ത്യയിൽ ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവർ നേരിടുന്ന വെല്ലുവിളികളിലേക്ക് ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കായി എങ്ങനെ പോരാടാമെന്ന സന്ദേശവും ചിത്രം പങ്കുവയ്‌ക്കുന്നുണ്ട്.
21 അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളാണ് 'ടു കില്‍ എ ടൈഗര്‍' ഇതുവരെ നേടിയത്. 2022ല്‍ ടൊറന്‍റെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. മികച്ച ഡോക്യുമെന്‍ററി, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് ട്രാക്ക് എന്നിങ്ങനെ 15 അവാർഡുകളായിരുന്നു ഡോക്യൂമെന്‍ററി നേടിയത്.
2023ൽ ലൈറ്റ്ഹൗസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നോർത്ത് അമേരിക്കൻ പ്രീമിയർ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പാം സ്പ്രിങ്‌സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്‍ററി, ടിഐഎഫ്എഫിലെ ആംപ്ലിഫൈ വോയ്‌സ് അവാർഡ്, മികച്ച ഫീച്ചർ ഡോക്യുമെന്‍ററിക്കുള്ള കനേഡിയൻ സ്‌ക്രീൻ പുരസ്‌കാരം എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി അവാര്‍ഡുകള്‍ ടു കിൽ എ ടൈഗർ നേടിയിട്ടുണ്ട്. ഡയറക്‌ടേഴ്‌സ് ഗിൽഡ് ഓഫ് കാനഡ നിഷ പഹുജയ്ക്ക് 2023 ലെ എക്‌സലൻസ് ഇൻ ഡോക്യുമെന്‍ററി അവാർഡ് നൽകി ആദരിച്ചിരുന്നു.
പ്രിയങ്ക ചോപ്ര, ദേവ് പട്ടേൽ, മിണ്ടി കാലിങ് എന്നിവരെക്കൂടാതെ, സർജനും എഴുത്തുകാരിയുമായ ഡോ. അതുൽ ഗവാൻഡെ, കനേഡിയൻ കവയിത്രി രൂപി കൗർ, എഴുത്തുകാരിയും നിർമാതാവുമായ ആൻഡി കോഹൻ, അനിത ലീ, ആൻഡ്രൂ ഡ്രാഗൗമിസ്, ശിവാനി റാവത് എന്നിവരാണ് ചിത്രത്തിന്‍റെ സഹ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഡോക്യൂമെന്‍ററിയുടെ വിതരണ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് (Oscar-nominated documentary 'To Kill a Tiger').
ജോൺ സീന, ഇദ്രിസ് എൽബ എന്നിവർക്കൊപ്പമുള്ള 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റാ'ണ് പ്രിയങ്ക ചോപ്രയുടെ വരാനിരിക്കുന്ന ചിത്രം. ഫർഹാൻ അക്തറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'ജീ ലെ സരാ'യിലും കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവർക്കൊപ്പം താരം വേഷമിടുന്നുണ്ട്.