ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ 'എമ്പുരാന്‍റെ' പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകനായ പൃഥ്വിരാജ്.
സിനിമയുടെ ചിത്രീകരണ അപ്‌ഡേറ്റാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. 'എമ്പുരാന്‍റെ' ചിത്രീകരണം ഗുജറാത്തില്‍ നിന്നും ഹൈദരാബാദിലേയ്‌ക്ക് മാറ്റി എന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 'എമ്പുരാന്‍റെ' ഏഴാമത്തെ ഷെഡ്യൂളാണ് ഗുജറാത്തില്‍ പൂര്‍ത്തിയായത്.
നിലവില്‍ ഗുജറാത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന 'എമ്പുരാന്‍റെ' ചിത്രീകരണം 1400 കിലോമീറ്റര്‍ അകലെ ഹൈദരാബാദിലേയ്‌ക്ക് ഷിഫ്‌റ്റ് ചെയ്‌തു എന്ന വിവരമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം 'എമ്പുരാന്‍റെ' ചിത്രീകരണം 100 ദിവസം പിന്നിട്ടു. സിനിമയുടെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് ആണ് 'എമ്പുരാന്‍റെ' ചിത്രീകരണം 100 ദിവസം പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. "എമ്പുരാന്‍റെ ഷൂട്ട് ദിവസങ്ങള്‍, 100 ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുന്നു" -ഇപ്രകാരമാണ് സുജിത്ത് വാസുദേവ് എക്‌സില്‍ കുറിച്ചത്.
ദുബൈ അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണ ശേഷമാകും ദുബൈ അടക്കമുള്ള വിദേശ ലൊക്കേഷനുകളിലേയ്‌ക്ക് കടക്കുക.
2025 മാര്‍ച്ചില്‍ 'എമ്പുരാന്‍' റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 'എമ്പുരാന്‍റെ' ആദ്യ ഭാഗമായ 'ലൂസിഫര്‍' 2019 മാര്‍ച്ച് 28നാണ് തിയേറ്ററുകളില്‍ എത്തിയത്. 2005ല്‍ ഇതേ ദിവസം തന്നെ 'എമ്പുരാനും' റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും മലയാളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തും.
Also Read: 'സിനിമയെ കുറിച്ച് പൃഥ്വിക്ക് നല്ല ധാരണയുണ്ട്': മോഹന്‍ലാല്‍ - MOHANLAL ABOUT Prithviraj