മലയാളത്തിന്‍റെ ക്ലാസിക് ചിത്രങ്ങളായ 'പട്ടണ പ്രവേശം', 'നാടോടിക്കാറ്റ്', 'സന്ദേശം', 'പിൻഗാമി', 'ഒരു മറവത്തൂർ കനവ്', 'മയിൽപീലിക്കാവ്', 'പട്ടാഭിഷേകം' തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച കലാകാരനാണ് വിപിൻ മോഹൻ. സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മുപ്പതോളം സിനിമകൾക്ക് വിപിൻ മോഹൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള അദ്ദേഹം ദിലീപിനെ നായകനാക്കി 'പട്ടണത്തിൽ സുന്ദരൻ' എന്ന സിനിമയും സംവിധാനം ചെയ്‌തു. ഇതുമാത്രമല്ല മലയാളത്തിലും തമിഴിലും തിളങ്ങുന്ന പ്രശസ്‌ത അഭിനയത്രി മഞ്ജിമ മോഹൻ അദ്ദേഹത്തിന്‍റെ മകളാണ്. വിപിന്‍ മോഹന്‍ തന്‍റെ സിനിമ ജീവിതവിശേഷങ്ങൾ പങ്കുവെച്ച് ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.
സിനിമ സ്വപ്‌നം കണ്ട് സിനിമയിൽ എത്തിയ ഒരാളല്ല ഞാൻ, വിപിന്‍ മോഹന്‍ സംസാരിച്ചു തുടങ്ങി…
![CINEMATOGRAPHER AND DIRECTOR PATTANATHIL SUNDARAN MOVIE DIRECTOR വിപിന്‍ മോഹന്‍ അഭിമുഖം ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍](https://etvbharatimages.akamaized.net/etvbharat/prod-images/31-12-2024/23215262_manjima.jpg)
"ഒരിക്കലും ഒരു ഛായഗ്രാഹകൻ പോയിട്ട് സിനിമാക്കാരൻ തന്നെ ആകുമെന്ന് ജീവിതത്തിൽ ചിന്തിച്ച ഒരാൾ അല്ല താൻ. വഴിതെറ്റി സിനിമയിൽ എത്തിയ ഒരാൾ. പ്രശസ്‌ത ക്യാമറാമാൻ മധു അമ്പാട്ട് എന്‍റെ അടുത്ത സുഹൃത്തായിരുന്നു. മദ്രാസിൽ ജോലി ചെയ്യുന്ന സമയത്ത് മധുവാണ് തന്നെ സിനിമയിലേക്ക് വിളിക്കുന്നത്. സിനിമയെക്കുറിച്ചോ ക്യാമറയെ കുറിച്ചോ എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോൾ എല്ലാം പഠിപ്പിച്ചു തരാൻ ഞാനുണ്ടല്ലോ എന്നാണ് മധു അമ്പാട്ട് മറുപടി പറഞ്ഞത്". വിപിന്‍ മോഹന്‍ തന്‍റെ കഥകള്‍ വിവരിച്ചു .
സ്വതന്ത്ര സംവിധായകനാകുന്നത്
"കുറച്ചധികം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ പ്രവർത്തിച്ചു. പിന്നീടാണ് 'ഞാറ്റടി' എന്ന സിനിമ സംഭവിക്കുന്നത്. ഭരത് ഗോപിയായിരുന്നു ചിത്രത്തിന്‍റെ സംവിധായകൻ. 'ഞാറ്റടി'യിൽ സ്വതന്ത്ര ഛായാഗ്രഹനായി. അതൊരു വഴിത്തിരിവായിരുന്നു. 'ഞാറ്റടി'യുടെ ലൊക്കേഷനിൽ വച്ചാണ് എന്‍റെ ഭാര്യയായ കലാമണ്ഡലം ഗിരിജയെ ഞാൻ ആദ്യമായി കാണുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സത്യൻ അന്തിക്കാട് എന്ന വിഖ്യാത സംവിധായകനോടൊപ്പം 30ലധികം സിനിമകൾ ക്യാമറാമാനായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടങ്ങളിൽ ഒന്നാണ്. 'പട്ടണപ്രവേശം', 'നാടോടിക്കാറ്റ്', 'സന്ദേശം', 'പിൻഗാമി' അങ്ങനെ നിരവധി ചിത്രങ്ങൾ. ഒരു ക്യാമറാമാൻ എന്നതിലുപരി സത്യന്‍റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു ഞാൻ. പിന്നെ കുറേക്കാലം കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു അത് വേറെ കാര്യം", വിപിൻ മോഹൻ പ്രതികരിച്ചു.
മറക്കാനാവാത്ത നിമിഷം
"സിനിമ ജീവിതത്തിൽ ഏറ്റവും മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്ന് ജയറാം നായകനായ 'പട്ടാഭിഷേകം' എന്ന സിനിമയുടെ ചിത്രീകരണ വേളയാണ്. അതിലൊരു ആനയോട്ടം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ആനകൾ ഓടുന്നതിനിടയിൽ ഒരാൾ ആനക്കൂട്ടത്തിനിടയിൽ വീണുപോയി. ആന അയാളെ ചവിട്ടിക്കൊല്ലാതിരുന്നത് മഹാഭാഗ്യം.
![Cinematographer and Director Pattanathil Sundaran Movie Director വിപിന്‍ മോഹന്‍ അഭിമുഖം ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍](https://etvbharatimages.akamaized.net/etvbharat/prod-images/31-12-2024/kl-ekm-01-vipinmohaninterview-video-7211893_27122024152013_2712f_1735293013_475.jpg)
ആനയോട്ടം ചിത്രീകരിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പക്ഷേ ഒരു ഛായഗ്രാഹകൻ എന്നുള്ള നിലയിൽ ആ സീൻ വളരെയധികം ചലഞ്ചിങ് ആയിരുന്നു. ഒന്നും കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല. ചെറുതായിട്ട് മറവി ഉണ്ട്. ഈയിടയ്ക്ക് ഒരു ഹൃദയശസ്ത്രക്രിയ കഴിഞ്ഞു. അതിനുശേഷം പല കാര്യങ്ങളും ഓർമ്മയില്ല", ജീവിതത്തിലെ പല നിമിഷങ്ങളും മറന്നു പോകുന്നതിന്‍റെ സങ്കടം വിപിൻ മോഹൻ ഒരു പുഞ്ചിരിയിലൂടെയാണ് പ്രകടിപ്പിച്ചത്.
ഫ്രെയിമുകള്‍ ഒരുക്കുന്നത്
"വിപിൻ മോഹൻ എന്ന ഛായാഗ്രഹന്‍റെ ഒരു സിഗ്നേച്ചർ നിങ്ങൾക്ക് ഒരു ചിത്രത്തിലും കണ്ടെത്താൻ ആകില്ല. ഓർക്കാപ്പുറത്ത് എന്ന സിനിമ ചെയ്‌തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് 'പട്ടണപ്രവേശ'വും ചിത്രീകരിക്കുന്നത്. 'പിൻഗാമി' എന്ന സ്റ്റൈലിഷ് സിനിമ ചെയ്യുന്ന അതേസമയത്താണ് 'വധു ഡോക്ടറാണ്' എന്ന ചിത്രവും ചെയ്യുന്നത്. ഈ ചിത്രങ്ങൾ തമ്മിൽ ഒരു താരതമ്യത്തിനും സാധ്യതയില്ല. ഓരോന്നിനും കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഫ്രെയിമുകൾ ഒരുക്കുക അതാണ് എന്റെ രീതി. അല്ലാതെ ഒരു സിഗ്നേച്ചർ ഇടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല", വിപിൻ മോഹൻ പറഞ്ഞു.
"സിനിമയിലെ കഥാപാത്രങ്ങളുടെ ഇമോഷണൽ രംഗങ്ങൾ ക്യാമറയ്ക്ക് പിന്നിലിരിക്കുമ്പോൾ ഒരു ക്യാമറാമാനെ സ്വാധീനിക്കാൻ പാടുള്ളതല്ല. പക്ഷേ ഞാൻ വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരാളാണ്. ക്യാമറയ്ക്ക് പിന്നിലിരുന്ന് ചിരിച്ചിട്ട് ക്യാമറയുമായി താഴെ വീണിട്ടുണ്ട്. 'നാടോടിക്കാറ്റ്' എന്ന സിനിമയിൽ ദാസനും വിജയനും ചെളിയിൽ തള്ളിയിട്ട കമ്പനി മാനേജരെ പെട്ടെന്ന് കണ്ടു ഓടി രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്. ഈ ഭാഗം ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോൾ ചിരിച്ചിട്ട് ക്യാമറയുമായി ഞാൻ താഴെ വീണു", വിപിന്‍ മോഹന്‍ ആ രംഗം ചിരിച്ചുകൊണ്ട് ഓര്‍ത്തു.
മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ
"എന്നെ ജീവിതത്തിൽ ഏറ്റവും അധികം കരയിപ്പിച്ചിട്ടുള്ള വ്യക്തി മോഹൻലാലാണ്. 'ടിപി ബാലഗോപാലൻ എം എ' എന്ന ഒരു സിനിമയുണ്ട്. ആ ചിത്രത്തിൽ എല്ലാം നഷ്ടപ്പെട്ട് കയ്യിലുള്ള ഒരു 50 രൂപ സഹോദരിക്ക് നൽകി പടിയിറങ്ങി പോകുന്ന മോഹൻലാലിന്‍റെ രംഗം ചിത്രീകരിക്കുമ്പോൾ ക്യാമറയ്ക്ക് പിന്നിലിരുന്ന് ഞാൻ പൊട്ടി കരയുകയായിരുന്നു. നമ്മുടെ ജീവിതവുമായി വളരെയധികം ചേർന്നു നിൽക്കുന്നതായി മോഹൻലാലിന്‍റെ അഭിനയം കാണുമ്പോൾ തോന്നും", വിപിൻ മോഹൻ വിശദീകരിച്ചു.
'സന്ദേശം' എന്ന സിനിമയുടെ തിരക്കഥ സെറ്റിൽ വച്ചാണ് ശ്രീനിവാസൻ എഴുതുന്നത്. സത്യന്‍റെയും എന്‍റെയും ഒക്കെ കോൺട്രിബ്യൂഷൻസ് ഉണ്ട്. ആ ചിത്രം ഇപ്പോഴാണ് പ്രസക്തമാകുന്നത്. 'സന്ദേശം' ടു സംഭവിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി വിപിൻ മോഹൻ വ്യക്തമാക്കി.
ജീവിതത്തിലെ തെറ്റായ തീരുമാനം
"ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്‌തത്. ദിലീപ് നായകനായ 'പട്ടണത്തില്‍ സുന്ദരന്‍' എന്ന ചിത്രം ദിലീപുമായുള്ള ആത്മബന്ധത്തിന്‍റെ പുറത്ത് ചെയ്‌തു പോയതാണ്. അങ്ങനെയൊരു സമീപനം വേണ്ടായിരുന്നു എന്ന് പിൽക്കാലത്ത് തോന്നി", ഛായാഗ്രാഹകന്‍ പറഞ്ഞു.
"ദിലീപ് അടുത്ത സുഹൃത്താണ്. അയാളെക്കുറിച്ച് പലതും കേൾക്കുന്നു. സത്യം കോടതിയിൽ തെളിയും. പക്ഷേ ഇക്കാര്യങ്ങളൊന്നും ദിലീപുമായുള്ള സൗഹൃദത്തെ ബാധിക്കുന്നില്ല.
ചെയ്‌തതിൽ ഏറ്റവും ഇഷ്ടമുള്ള സിനിമ 'മയിൽപീലിക്കാവാ'ണ്. 'അനന്തഭദ്രം' എന്ന സിനിമയ്ക്ക് മുൻപ് ഒരു ഫാന്റസി ലോകം മലയാളിക്ക് കാണിച്ചുകൊടുത്ത ചിത്രമായിരുന്നു അത്. വിവിധതരം കളർ പാറ്റേണുകൾ കൊണ്ട് പരീക്ഷണങ്ങൾ നടത്തിയ ചിത്രമായിരുന്നു. ഏതൊരു ക്യാമറാമാനും കൊതി തോന്നുന്ന വർക്ക് .. വിപിൻ മോഹൻ പറഞ്ഞു.