ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ക്യാരക്‌ടര്‍ ഇന്‍ട്രോ പുറത്ത്. 'എമ്പുരാനി'ല്‍ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഒന്നാം ഭാഗമായ ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്‌റ്റീഫന്‍ നെടുമ്പള്ളിയുടെ വലംകൈ ആയിരുന്നു കമാന്‍ഡോ സയ്യിദ് മസൂദ്. സയ്യിദിന്‍റെ ഭൂതകാലവും അയാളുടേതായ ലോകവും ഉണ്ടാകുമെന്നും ആ ലോകത്തേയ്‌ക്ക് ഖുറേഷി അബ്രാം എങ്ങനെ എത്തിയെന്നും 'എമ്പുരാനി'ലൂടെ വെളിപ്പെടുമെന്നും സംവിധായകന്‍ പറഞ്ഞു.
"നമസ്‌കാരം, ഞാന്‍ പൃഥ്വിരാജ്. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ സയ്യിദ് മസൂദ്. ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായ ലൂസിഫര്‍ എന്ന സിനിമയില്‍ ആഗോള സ്വര്‍ണ്ണ, വജ്ര വ്യാപാരത്തെ നിയന്ത്രിക്കുന്നൊരു കുപ്രസിദ്ധ കൂട്ടുകെട്ടായ ഖുറേഷി അബ്രാം കൂട്ടുക്കെട്ടിന്‍റെ ഹിറ്റ് ഗ്രൂപ്പ്, അല്ലെങ്കില്‍ അതിന്‍റെ ഹിറ്റ് ഫോഴ്‌സ് നയിക്കുന്നൊരു കമാന്‍ഡോ ആയാണ് നിങ്ങള്‍ സയ്യിദ് മസൂദിനെ പരിചയപ്പെട്ടത്. അങ്ങനെ മാത്രമെ നിങ്ങള്‍ക്ക് സയ്യിദ് മസൂദിനെ ആ സിനിമയില്‍ പരിചയമുള്ളു.
എന്നാല്‍ ഈ ഫ്രാഞ്ചൈസിയിലെ എല്ലാ കഥാപാത്രങ്ങളെ പോലെയും മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയ്യിദിനും ഉണ്ട് അയാളുടെ ഒരു കഥ, അയാളുടെ ഒരു ഭൂതകാലം, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നുവെന്നും ആ ഭൂതകാലം എന്തായിരുന്നുവെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും നിങ്ങള്‍ വളരെ ചെറുതായി മനസ്സിലാക്കും.
വളരെ സങ്കീര്‍ണ്ണമായൊരു ലോകമാണ് ലൂസിഫര്‍ എന്ന ആദ്യ ഭാഗത്ത് നിങ്ങള്‍ കണ്ടത്. ഒരുപാട് കഥാപാത്രങ്ങളും അവര്‍ക്കിടയിലുള്ള കഥാപാത്രങ്ങളുടെ ഡൈനാമിക്‌സും ആ സിനിമയില്‍ ഉണ്ടായിരുന്നു. ഈ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ എമ്പുരാനിലേക്ക് വരുമ്പോള്‍ ആ സങ്കീര്‍ണ്ണത ഇനിയും വളരുകയാണ്. കഥാപാത്രങ്ങളുടെ എണ്ണം ഇനിയും കൂടുകയാണ്. കുറച്ചധികം കഥാപശ്ചാത്തലങ്ങളും ഇപ്രാവശ്യം നിങ്ങള്‍ കാണാനിടയാകും. എന്നാല്‍ ഇതിനിടയിലൂടെ ഒക്കെ തന്നെ വളരെ യുക്‌തിസഹമായ ആഖ്യാനം ഈ സിനിമയ്‌ക്കുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കാണുന്ന പ്രേക്ഷകര്‍ക്കും അങ്ങനെ തന്നെ തോന്നട്ടെ.
ലൂസിഫര്‍ അവസാനിക്കുമ്പോള്‍ ഖുറേഷി അബ്രാം എന്ന അധോലോക മെഗാ സിന്‍ഡിക്കേറ്റിനെ തോല്‍പ്പിക്കാനും അവരെ തൊടാനും കഴിയുന്നത്രമാത്രം ശക്‌തിയുള്ള മറ്റൊരു ശക്‌തി ഈ ലോകത്തില്ലെന്ന ധാരണയിലാണ് നമ്മള്‍ ആ സിനിമ കണ്ട് പിരിയുന്നത്. ആ ധാരണ ശരിക്കും സത്യമായിരുന്നോ? അതോ അതൊരു തെറ്റായ അനുമാനം ആയിരുന്നോ? ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ 2025 മാര്‍ച്ച് 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ കാണുക," പൃഥ്വിരാജ് പറഞ്ഞു.
Also Read: "അത് രാജുവിന്‍റെ ഏറ്റവും വലിയ ക്വാളിറ്റി, വീണ്ടും ലാലേട്ടനോടൊപ്പം, ഇതുവരെ ചെയ്‌തതില്‍ ഏറ്റവും ശക്‌തം", മഞ്ജു വാര്യര്‍ - MANJU WARRIER AS PRIYADARSINI