ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. ഷാഹി കബീറിന്‍റെ രചനയിൽ ജിത്തു അഷറഫ് സംവിധാനം ചെയ്‌ത കുഞ്ചാക്കോ ബോബൻ ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി' കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിലെത്തി മികച്ച സ്വീകാര്യതയോടെ മുന്നേറുകയാണ് ചിത്രം. ഈ സാഹചര്യത്തില്‍ തന്‍റെ കരിയർ-ജീവിത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ഷാഹി കബീർ.
പഠനകാലത്ത് കോളേജ് രാഷ്ട്രീയത്തിന്‍റെ വക്‌താവായിരുന്നു ഷാഹി കബീർ. വിദ്യാർത്ഥി രാഷ്ട്രീയത്തിന്‍റെ മൂർധന്യാവസ്ഥയിൽ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച ചരിത്രവും ഷാഹി കബീറിനുണ്ട്. എന്നാൽ കാലചക്രം തിരിഞ്ഞപ്പോൾ താൻ ഒരിക്കൽ മൂർദ്ധാബാദ് വിളിച്ച കാക്കിക്കുപ്പായം അണിയാനായിരുന്നു ഷാഹി കബീറിന്‍റെ വിധി.
സർവ്വീസിൽ ഇരുന്നുകൊണ്ട് തന്നെയാണ് മലയാള സിനിമയ്ക്ക് മാണിക്യക്കല്ലായ ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചത്. കാക്കിക്കുള്ളിലെ ജീവിതം പഠിപ്പിച്ച അനുഭവങ്ങൾ പിൽക്കാലത്ത് ഒരു തിരക്കഥാകൃത്ത് ആയപ്പോൾ കടലാസിലെ ഡയലോഗുകൾക്കും സീൻ ഓർഡറുകൾക്കും മൂർച്ച കൂട്ടാൻ സഹായമായി.
ആദ്യ ചിത്രമായ 'ജോസഫ്' നടൻ ജോജു ജോർജിന്‍റെ കെരിയർ തന്നെ മാറ്റിമറിച്ചിരുന്നു. ദൃശ്യത്തിന് ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായി പ്രേക്ഷകർ ജോസഫിനെ വിലയിരുത്തി. പിന്നീട് തിരക്കഥ എഴുതിയ 'നായാട്ട്' അന്താരാഷ്ട്ര അതിർത്തികൾ കടന്ന് മലയാള സിനിമയെ ശ്രദ്ധാകേന്ദ്രമാക്കി.
ഇലവീഴാപൂഞ്ചിറ എല്ലാ ഭാഷയിലെയും സിനിമ പ്രേമികളുടെ പാഠപുസ്‌തകമാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ഒരു സീറ്റ് എഡ്‌ജ് ത്രില്ലർ സമ്മാനിച്ചിരിക്കുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രവും. ആദ്യ ഷോ മുതല്‍ എല്ലാ സെന്‍ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രേക്ഷക സ്വീകാര്യത കണക്കിലെടുത്ത് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റിലീസ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്‌ച്ചയില്‍ ചിത്രം മൂന്ന് കോടിയിലധികമാണ് കളക്ഷന്‍ നേടിയത്.
തിയേറ്ററിലെ പ്രേക്ഷക പ്രതികരണം കണ്ട് സംവിധായകന്‍ ജിത്തു അഷറഫും തിരക്കഥാകൃത്ത് ഷാഹി കബീറും മറ്റ് അണിയറ പ്രവർത്തകരും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. എഴുതിയ തിരക്കഥകൾ മുഴുവൻ വലിയ വിജയമാക്കിയ ഒരു തിരക്കഥാകൃത്ത് ഇത്രയധികം വൈകാരികമായി പെരുമാറേണ്ടതുണ്ടോ എന്നൊരു ചോദ്യമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
'ഓഫീസർ ഓൺ ഡ്യൂട്ടി' നൽകിയ വിജയത്തിന്‍റെ അതിവൈകാരിക തലങ്ങൾ തളംകെട്ടി നിൽക്കുന്നുണ്ടെന്നാണ് ഷാഹി കബീർ പറയുന്നത്. "ഒരു സിനിമയുടെ ആശയം നമ്മളിലേക്ക് എത്തുമ്പോൾ അതൊരു മികച്ച സിനിമാ കഥയ്ക്ക് ഉതകുന്നതാണോ എന്നാണ് ആദ്യം ചിന്തിക്കുന്നത്. ചർച്ചകളിലൂടെ തിരക്കഥാ രചന പൂർത്തിയായി കഴിഞ്ഞാൽ പിന്നെ ഷൂട്ടിംഗ് പ്രോസസ് ആണ്. തിയേറ്ററുകളിലേക്ക് ആ സിനിമ എത്തുന്നതിന് മുമ്പ് ഞങ്ങളെല്ലാവരും ചേർന്നിരുന്ന് അതിന്‍റെ ഫൈനൽ ഔട്ട്പുട്ട് കാണും. ആ സമയത്ത് സിനിമ ജനങ്ങൾക്കിടയിൽ എത്രത്തോളം സ്വീകരിക്കപ്പെടും എന്നൊരു ധാരണ സൃഷ്‌ടിക്കും," ഷാഹി കബീര്‍ പറഞ്ഞു.
ഓഫീസർ ഓൺ ഡ്യൂട്ടി ഷോകൾക്ക് ശേഷമുള്ള ചില തിയേറ്റര്‍ കാഴ്‌ച്ചകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "സിനിമ ഏത് വിഭാഗം ജനങ്ങളെയാണ് ആകർഷിക്കാൻ പോകുന്നത്?, ഈ സിനിമ തിയേറ്ററിൽ എത്രത്തോളം വിജയം നേടും? എന്നിങ്ങനെയുള്ള ഒരു ധാരണ ഒരു ക്രിയേറ്റർ എന്ന ആംഗിൾ മാറി ചിന്തിച്ചാൽ നമ്മുക്ക് ബോധ്യപ്പെടും. പക്ഷേ സിനിമ തിയേറ്ററുകളില്‍ എത്തുമ്പോൾ നമ്മൾ നേരത്തെ വിചാരിച്ച കാഴ്‌ച്ചപ്പാടുകൾക്ക് അപ്പുറത്തേക്ക് സ്വീകരിക്കപ്പെട്ടാൽ, പ്രതീക്ഷകൾക്കപ്പുറത്തേക്ക് കയ്യടി ലഭിച്ചാൽ സന്തോഷിക്കാതെ വേറെ നിർവ്വാഹമില്ല. നമ്മുടെ ചിന്തകൾക്കപ്പുറത്തേക്ക് നമ്മുടെ സൃഷ്‌ടി വളരുന്നത് കാണുമ്പോൾ അമിതമായി സന്തോഷമുണ്ടാകും. അമിതമായി സന്തോഷം ഉണ്ടായാൽ ചിലപ്പോൾ വികാരാതീധനായി പോകും. ചിലപ്പോൾ അറിയാതെ കരയും. അങ്ങനെയൊരു കണ്ണുനീർ കൂട്ടായ്‌മയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പല ഷോകൾക്ക് ശേഷവും നിങ്ങൾ തിയേറ്ററിൽ കണ്ടത്," ഷാഹി കബീർ പ്രതികരിച്ചു.

എന്തുകൊണ്ട് സിഐയുടെ കയ്യിൽ തോക്കില്ല?
'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന സിനിമയ്ക്ക് 100% പോസിറ്റീവ് പ്രതികരണങ്ങൾ ലഭിക്കുമ്പോഴും അംഗീകാരിക്കാനാകാത്ത ചില വിമർശനങ്ങൾ തലപൊക്കുന്നുണ്ടെന്ന് ഷാഹി കബീർ പറഞ്ഞു. അതിൽ പ്രധാനമായി കേട്ട ഒരു വിമർശനം വല്ലാതെ ചിരി ഉളവാക്കി. കുഞ്ചാക്കോ ബോബൻ ഈ സിനിമയില്‍ അവതരിപ്പിക്കുന്ന സിഐ കഥാപാത്രത്തിന്‍റെ കയ്യിൽ എന്തുകൊണ്ട് തോക്കില്ല? സിഐയുടെ പക്കൽ എപ്പോഴും തോക്ക് കാണാറുണ്ടല്ലോ.. ഇത്തരം വിമർശനങ്ങൾ ബാലിശമാണെന്നാണ് ഷാഹി കബീർ പറയുന്നത്.
"ഒരു സിഐയുടെ കയ്യിൽ ഒരിക്കലും തോക്ക് ഉണ്ടാകാറില്ല. എന്തെങ്കിലും സ്‌പെഷ്യല്‍ ഡ്യൂട്ടി വരുമ്പോൾ മാത്രമാണ് പ്രത്യേക നിർദ്ദേശപ്രകാരമോ, റിക്വസ്‌റ്റ് മൂലമോ സിഐക്ക് ഉപയോഗിക്കാൻ തോക്ക് ലഭിക്കുക. ഇവിടെയുള്ള പലർക്കും ഇക്കാര്യം അറിയില്ല. ആരുടെയും കുറ്റം അല്ല അത്. നമ്മൾ മുമ്പ് കണ്ട് പരിചയിച്ച സിനിമകൾ അടിച്ചേൽപ്പിച്ച മിഥ്യാധാരണയാണ് സിഐയുടെ കയ്യിലെ തോക്ക്. മുമ്പ് ഇറങ്ങിയ പല സിനിമകളിലും സിഐ കഥാപാത്രങ്ങളുടെ കയ്യിൽ പ്രേക്ഷകർ തോക്ക് കണ്ടിട്ടുണ്ട്. സിനിമകൾ തന്നെ പ്രേക്ഷകർക്കിടയിൽ സൃഷ്‌ടിച്ചെടുത്ത ചില ധാരണകളെ തിരുത്താനുള്ള തത്രപ്പാടിലാണ് ഞങ്ങൾ. യഥാർത്ഥ ജീവിതത്തിൽ സിഐ ഒരിക്കലും എപ്പോഴും തോക്കും കൊണ്ട് നടക്കാറില്ല," ഷാഹി കബീർ പറഞ്ഞു.

സിനിമ പ്രേക്ഷകരുടെ മനസ്സിൽ സൃഷ്‌ടിച്ച മറ്റൊരു മിഥ്യാധാരണയെ കുറിച്ചും ഷാഹി കബീർ വിശദീകരിച്ചു. "പല കുറ്റാന്വേഷണ സിനിമകളിലും ഫോറൻസിക് / ഫിംഗർ പ്രിന്‍റ് ബ്യൂറോകളുടെ പ്രവർത്തനം കാണിക്കുന്നുണ്ട്. ഒരു പ്രതി എവിടെ ചെന്ന് തൊട്ടാലും ഫിംഗർപ്രിന്‍റ് ലഭിക്കുമെന്നാണ് ഇവിടെയുള്ള സാധാരണക്കാരായ പ്രേക്ഷകരെ സിനിമ പഠിപ്പിച്ച് വച്ചിട്ടുള്ളത്. എന്നാൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കൃത്യതയുള്ള ഒരു ഫിംഗർ പ്രിന്‍റ് കിട്ടുക എന്നാൽ എളുപ്പമുള്ള കാര്യമല്ല. കിട്ടിയാൽ കിട്ടി എന്നേ പറയാനാകൂ. എന്നാൽ സിനിമകളിൽ നിമിഷ നേരം കൊണ്ടാണ് പ്രതിയുടെ ഫിംഗർ പ്രിന്‍റ് ലഭിക്കുന്നത്. ഇത്തരം പരമ്പരാഗത സിനിമ രീതികളെ ബ്രേക്ക് ചെയ്‌ത് കൊണ്ട് നമ്മൾ സിനിമയിൽ യാഥാസ്ഥിതികത കാണിക്കാൻ ശ്രമിച്ചാൽ നമ്മളെയൊക്കെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പ്രേക്ഷകർ എത്തും," ഷാഹി കബീർ വ്യക്‌തമാക്കി.
ഒരു പൊലീസുകാരൻ തിരക്കഥ എഴുതി എന്നുള്ളത് കൊണ്ട് മാത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന സിനിമയിലെ ചാക്കോച്ചന്‍റെ കഥാപാത്രം കൂടുതൽ കൺവെൻസിംഗായി തോന്നിയെന്ന് പറയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ചാക്കോച്ചന്‍റെ സിഐ കഥാപാത്രത്തിന്‍റെ ഡിസൈനെ കുറച്ചും തിരക്കഥാകൃത്ത് വിശദീകരിച്ചു.

"ഞാനൊരു പൊലീസുകാരൻ ആയതുകൊണ്ട് തന്നെ പൊലീസുകാരുടെ സ്വഭാവ രീതികളെ കുറിച്ച് കൃത്യമായി അറിയാം. സിനിമയുടെ തിരക്കഥ ചാക്കോച്ചനെ വായിച്ച് കേൾപ്പിച്ച ശേഷം കഥാപാത്രം ഇപ്രകാരമായിരിക്കണം എന്ന തരത്തിൽ ഒരു വിശദീകരണം നൽകിയിരുന്നു. ഒരു എഴുത്തുകാരന്‍റെയോ സംവിധായകന്‍റെയോ കോൺട്രിബ്യൂഷനും നിർദ്ദേശങ്ങൾക്കും അപ്പുറം ഈ കഥാപാത്രത്തിന് വേണ്ടി ചാക്കോച്ചൻ ഒരുപാട് റിസർച്ച് ചെയ്‌തിട്ടുണ്ട്. പൊലീസുകാരുടെ സ്വഭാവ രീതികൾ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഒരു കഥാപാത്രം മികച്ചതായാൽ സംവിധായകനും തിരക്കഥാകൃത്തും മുഴുവൻ ക്രെഡിറ്റും എടുക്കുന്നത് ശരിയായ നടപടിയല്ല. നടന്‍റെ കോണ്ട്രിബൂഷനും അതിൽ പ്രധാനമാണ്. എല്ലാത്തിന്‍റെയും ഒരു ആകെ തുകയാണ് സിനിമയിലെ കഥാപാത്രങ്ങളുടെ വിശ്വസനീയത. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിൽ ചാക്കോച്ചന്‍റെ മികച്ച പ്രകടനത്തിന് അദ്ദേഹത്തിന്‍റെ കഠിനാധ്വാനം കൂടിയുണ്ട്," ഷാഹി കബീർ പറഞ്ഞു.
ആദ്യ ഷോട്ട് തന്നെ ഓക്കേ..
"ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രെയിലർ തുടങ്ങുമ്പോൾ ആദ്യം കാണിക്കുന്ന ഒരു ഷോട്ടുണ്ട്. കുഞ്ചാക്കോയുടെ കഥാപാത്രം പൊലീസ് സ്‌റ്റേഷനിലേക്ക് കയറി വരുന്നതാണ് ഷോട്ട്. ഒറ്റ ഷോട്ടിലാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം എടുക്കുന്നത് ആ രംഗമാണ്. റിഹേഴ്‌സലിന് ശേഷം അധികം ടേക്കുകൾ ഒന്നും തന്നെ എടുക്കാതെ ചാക്കോച്ചൻ ആ രംഗം മനോഹരമായി അവതരിപ്പിച്ചു. ആ രംഗത്തിന്‍റെ പ്ലേബാക്ക് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, കുഞ്ചാക്കോ കഥാപാത്രത്തിലേക്ക് കയറി കഴിഞ്ഞുവെന്ന്. ഒരു തിരക്കഥാകൃത്തെന്ന നിലയിൽ പിന്നീട് അദ്ദേഹത്തിന് എന്‍റെ സഹായം വേണ്ടിവരില്ലെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണം തുടങ്ങി നാല് ദിവസം മാത്രമാണ് ഞാൻ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സെറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഭാഗമായി പോകേണ്ടി വന്നു. പക്ഷേ യാതൊരു ഭയവും ഇല്ലാതെയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സെറ്റിൽ നിന്നും ഞാൻ യാത്ര പുറപ്പെട്ടത്. സംവിധായകനും കുഞ്ചാക്കോയും തിരക്കഥ കൃത്യമായി ഉൾക്കൊണ്ടുവെന്ന ബോധ്യം എനിക്കുണ്ടായി," ഷാഹി കബീർ വിശദീകരിച്ചു.
സെക്കൻഡ് ഹാഫായ ഓഫീസർ ഓൺ ഡ്യൂട്ടി
മറ്റൊരു സിനിമയുടെ സെക്കൻഡ് ഹാഫ് ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയായി മാറിയതിനെ കുറിച്ചും അദ്ദേഹം വിശദമാക്കി. ജോസഫ്, നായാട്ട് തുടങ്ങിയ സിനിമകൾ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഷാഹി കബീർ എഴുതിയതാണ്. അത്തരത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ രചനയ്ക്ക് പിന്നിലും ഏതെങ്കിലും യഥാർത്ഥ സംഭവവികാസവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തോടും തിരക്കഥാകൃത്ത് പ്രതികരിച്ചു.
ഓഫീസർ ഓൺ ഡ്യൂട്ടി തന്‍റെ മുൻകാല സിനിമകളിൽ നിന്നും വിഭിന്നമായി സ്വതന്ത്രമായി ചിന്തിച്ച് ഉണ്ടാക്കിയതാണെന്ന് ഷാഹി കബീർ പറഞ്ഞു. "ചില സൃഷ്‌ടികൾ സംഭവിക്കാൻ യഥാർത്ഥ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ സ്വാധീനിക്കും. എന്നാൽ ഓഫീസർ ഓൺ ഡ്യൂട്ടി തികച്ചും ഒരു ഫ്രഷ് ഐഡിയ ആണ്. ഞാൻ മുമ്പേ എഴുതിയ ഒരു സിനിമയുടെ സെക്കൻഡ് ഹാഫ് കുറച്ച് എക്‌സ്‌പിരിമെന്‍റല്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമയുടെ സെക്കൻഡ് ഹാഫിനെ കുറിച്ച് ആ സിനിമയുടെ അണിയറ പ്രവർത്തകർക്കിടയിൽ ആശയ ഭിന്നത ഉണ്ടായി. മറ്റൊന്ന് കൂടി ചിന്തിച്ചു കൂടെ എന്നൊരു ചോദ്യം അവരുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ ആ സിനിമയുടെ സെക്കൻഡ് ഹാഫിന് മറ്റൊരു പരിസമാപ്‌തി കൂടി ചിന്തിച്ചെടുത്തു," അദ്ദേഹെ വ്യക്‌തമാക്കി.
കയ്യില്‍ രണ്ട് സെക്കൻഡ് ഹാഫുകള്‍
"നിലവില്‍ ആ സിനിമയ്ക്ക് രണ്ട് സെക്കൻഡ് ഹാഫുകള്‍ എന്‍റെ കയ്യിലുണ്ട്. പക്ഷേ ഇതിൽ ഏതാണ് മികച്ചതെന്ന് എനിക്ക് തീരുമാനമെടുക്കാൻ സാധിച്ചില്ല. അങ്ങനെയാണ് എന്‍റെ ഏറ്റവും വിശ്വസ്‌തനായ സുഹൃത്ത് ഷൈജു ഖാലിദിനോട് അഭിപ്രായം ചോദിക്കുന്നത്. അദ്ദേഹം എക്‌സ്‌പിരിമെന്‍റല്‍ സെക്കൻഡ് ഹാഫുമായി മുന്നോട്ടു പോകാൻ നിർദ്ദേശിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ സമാന്തരമായി ചിന്തിച്ച് മറ്റൊരു സെക്കൻഡ് ഹാഫ് ഒരുവശത്ത് വെറുതെയിരിക്കുന്നു. അതിലൊരു മുഴുവൻ സിനിമ ഉണ്ടല്ലോ എന്ന ചിന്ത പതുക്കെ ഉണര്‍ന്നു. അങ്ങനെയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ തിരക്കഥ സംഭവിക്കുന്നത്," ഷാഹി കബീർ വ്യക്‌തമാക്കി.
ഇന്ത്യയിലെ ബഹുഭൂരിഭാഗം ത്രില്ലർ സിനിമകളിലും നായകനും കുടുംബവുമായുള്ള ഇമോഷണൽ രംഗങ്ങൾ കുത്തിക്കയറ്റുന്നത് എന്തിനെന്നുള്ള ചോദ്യത്തോടും തിരക്കഥാകൃത്ത് പ്രതികരിച്ചു. "ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ഒരു കുറ്റാന്വേഷണ ത്രില്ലർ സിനിമകളിലെയും നായകൻമാർ ഷെർലക് ഹോംസ് എന്ന ക്ലാസിക് നായകനോളം വളർന്നിട്ടില്ല," എന്നായിരുന്നു ഷാഹി കബീറിന്‍റെ മറുപടി.
ഷെർലക് ഹോംസ് സിനിമകളുടെ തിരക്കഥ പോലെ ഒരു സിനിമ എഴുതുക എന്നാൽ അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. "നമുക്ക് എല്ലാവർക്കും പരിമിതികൾ ഉണ്ട്. ഇന്ത്യ മഹാരാജ്യത്തെ കണക്കിലെടുക്കുകയാണെങ്കിൽ പ്രേക്ഷകരുടെ ചിന്താഗതികളിൽ പോലും പല തട്ടുള്ളവർ ഉണ്ട് എന്നതാണ് വാസ്‌തവം. എല്ലാവരെയും സംതൃപ്‌തിപ്പെടുത്തണം. ത്രില്ലർ സിനിമ, ത്രില്ലർ ഇഷ്‌ടപ്പെടുന്നവർക്ക് മാത്രമുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സമുന്നയിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം കുടുംബ / മാനുഷിക വൈകാരികതകൾ തന്നെയാണ്. അതൊരു ഫോർമുലയാണ്," ഷാഹി കബീർ പറഞ്ഞു. ജനനത്തിനും മരണത്തിനും ഇടയിലുള്ള ചില നിമിഷങ്ങളാണ് എല്ലാ സിനിമകളുടെയും ആധാരം. ആക്ഷനും ഇമോഷനും ത്രില്ലറും ഇതിനിടയിൽ സംഭവിക്കുന്നതാണല്ലോ," അദ്ദേഹം പ്രതികരിച്ചു.
എഴുത്തുകാരൻ എന്ന് വിശേഷിപ്പിക്കരുത്..
മലയാള സാഹിത്യലോകവുമായി ബന്ധിപ്പിച്ച് തന്‍റെ പേര് ഉച്ഛരിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് എന്ന സിനിമയുടെ തിരക്കഥ എഴുതി തുടങ്ങുന്നത് വരെ ഒരു എ ഫോർ കടലാസിൽ പേനയെടുത്ത് നാല് വരി പോലും എഴുതാത്ത ആളാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി.
"ഞാനൊരു സ്ക്രീൻ റൈറ്റർ മാത്രമാണ്. നോവലിസ്‌റ്റ് അല്ല. കുട്ടിക്കാലത്ത് വായിച്ച പുസ്‌തകങ്ങളും ജോലിക്കിടയിൽ അഭിനിവേശത്തോടെ കണ്ട സിനിമകളുമാണ് എന്നെ ഒരു തിരക്കഥാകൃത്ത് ആക്കി മാറ്റിയത്. മലയാള സാഹിത്യലോകവുമായി അതിന് യാതൊരു ബന്ധവുമില്ല," ഷാഹി കബീർ പറഞ്ഞു.
ജോസഫ് എന്ന സിനിമയിലെ ആദ്യ സീൻ തന്നെ ഷാഹി കബീർ എന്ന തിരക്കഥാകൃത്തിനെ വജ്ര മൂല്യമുള്ളതാക്കി മാറ്റിയിരുന്നു. ഹോളിവുഡ് സിനിമകളിൽ മാത്രം കാണുന്ന ഒരു രംഗം.. നിമിഷനേരം കൊണ്ട് ഒരു കൊലക്കുറ്റം തെളിയിക്കുന്ന നായകൻ.. ജോസഫിലെ വിഖ്യാതമായ ആ രംഗം എഴുതാനുള്ള സാഹചര്യത്തെ കുറിച്ചും ഷാഹി കബീർ വെളിപ്പെടുത്തി.
"ജോസഫ് എന്ന സിനിമയിലെ ഇൻട്രോ കുറ്റാന്വേഷണ രംഗം പൂർണ്ണമായും സിനിമാറ്റിക് ചിന്താഗതിയിൽ ഉരുത്തിരിഞ്ഞതാണ്. പക്ഷേ ആ രംഗം എഴുതാൻ പ്രചോദനമായത് കുപ്രസിദ്ധ പഴയിടം കൊലപാതകമായിരുന്നു. അക്കാലത്ത് ഞാൻ ഫിംഗർപ്രിന്‍റ് ബ്യൂറോയിലാണ് ജോലി ചെയ്‌തിരുന്നത്. ജോലിയുടെ ഭാഗമായി ആ ഇരട്ട കൊലപാതകം നടന്ന സ്ഥലത്ത് പോയിട്ടുണ്ടായിരുന്നു. യഥാർത്ഥ സംഭവത്തിലെ പ്രതിയും സിനിമയിൽ കാണിക്കുന്നത് പോലെ ഒരാൾ തന്നെ. പക്ഷേ ആ പ്രതിയെ പൊലീസ് കുടുക്കിയത് സിനിമയിൽ കാണിക്കുന്ന പോലെ വളരെ എളുപ്പത്തിലായിരുന്നില്ല. കുറ്റാന്വേഷണ രീതികൾ ഒക്കെ വ്യത്യസ്‌തമായിരുന്നു," ഷാഹി കബീർ വെളിപ്പെടുത്തി.
ജോസഫിലെ ഇൻട്രോ രംഗം എഴുതാൻ പ്രേരകമായതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "ജോസഫ് എന്ന സിനിമയിൽ ജോജുവിന്റെ കഥാപാത്രത്തിന്‍റെ മാനസികാവസ്ഥ പ്രേക്ഷകർക്ക് വ്യക്‌തമാണ്. എത്രയൊക്കെ ദുർഘടമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന ആൾ ആണെങ്കിലും ബൗദ്ധികപരമായി അയാൾ ഓക്കെയാണെന്ന് തെളിയിച്ചാൽ മാത്രമെ സിനിമ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അതിന്‍റെ അടിസ്ഥാനത്തിലാണ് ജോസഫിലെ ഇൻട്രോ രംഗം എഴുതാൻ പ്രേരകം ആയത്," ഷാഹി കബീർ പറഞ്ഞു.
കാക്കിയ്ക്ക് എന്നാണ് ഇടവേള?
ജോസഫ് മുതൽ ഓഫീസർ ഓൺ ഡ്യൂട്ടി വരെ എല്ലാ സിനിമയിലെ നായകന്‍മാരും പൊലീസ് ആണ്. എല്ലാ സിനിമയും പൊലീസുമായി ബന്ധപ്പെട്ട കഥയുമാണ് ചർച്ച ചെയ്യുന്നത്. നിരന്തരമായി പൊലീസ് കഥകൾ ചെയ്യുന്നതിന് പിന്നിലെ ഉദ്ദേശശുദ്ധിയെ കുറിച്ചും ഷാഹി കബീര്‍ പ്രതികരിച്ചു.
"പൊലീസും, കുറ്റാന്വേഷണ കഥകളും ലോകത്തിൽ എക്കാലവും പ്രേക്ഷകരെ സ്വാധീനിച്ചിട്ടുള്ള സിനിമ അനുഭവങ്ങളാണ്. മികച്ച അടിത്തറയുള്ള തിരക്കഥകൾ ആണെങ്കിൽ ഒരു ത്രില്ലർ സിനിമ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെയൊരു ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് ആദ്യ സിനിമ മുതലുള്ള എന്‍റെ സമീപനം. കാക്കിയെന്ന കോൺസെപ്റ്റ് ബ്രേക്ക് ചെയ്യാനുള്ള സമയമായി എന്ന് എനിക്കറിയാം," ഷാഹി കബീര്‍ പറഞ്ഞു.