ഇന്ത്യൻ മൈക്കിൾ ജാക്‌സൺ എന്ന് ആരാധകർ സ്‌നേഹപൂർവം വിളിക്കുന്ന പ്രഭുദേവ നായകനായി എത്തുന്ന ചിത്രമാണ് 'പേട്ടറാപ്പ്'. മലയാളിയായ എസ് ജെ സിനുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'പേട്ടറാപ്പി'ന്‍റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ചടുലമായ നൃത്തത്തിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും പ്രഭുദേവ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് ടീസർ.
നടൻ വിജയ് സേതുപതിയുടെയും ടൊവിനോ തോമസിന്‍റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയത്. തിയേറ്ററിൽ കാണികൾക്ക് തിമിർത്ത് ആഘോഷിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്‍റർടെയിനറായാണ് പേട്ടറാപ്പ് ഒരുക്കിയിരിക്കുന്നത്. 'ജിബൂട്ടി', 'തേര്' തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണിത്.
തെന്നിന്ത്യൻ തരാം വേദികയാണ് പേട്ടറാപ്പിലെ നായിക. സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. പി കെ ദിനിൽ ആണ് ബ്ലൂഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന പേട്ടാറാപ്പിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.